ട്രംപ് പക്ഷത്ത് അമ്പരപ്പ്; നിക്കി ഹേലി രാജിവച്ചു

വാഷിങ്ടൻ ∙  ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡറും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേഷ്ടാക്കളിൽ ഒരാളുമായ നിക്കി ഹേലി (46) രാജിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. 

ട്രംപിന് നേരിട്ടു നൽകിയ രാജിക്കത്ത് അദ്ദേഹം സ്വീകരിച്ചു. ഒന്നര വർഷം  ഈ പദവി വഹിച്ചശേഷമാണു ഇന്ത്യൻ വംശജയായ നിക്കിയുടെ രാജി. രണ്ടു മൂന്നാഴ്ചയ്ക്കകം പിൻഗാമിയെ പ്രഖ്യാപിക്കും.

വൈറ്റ്ഹൗസിൽ കഴിഞ്ഞയാഴ്ച ട്രംപുമായി  ഹേലി രാജിക്കാര്യം ചർച്ച ചെയ്തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെയും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയെയും രാജിവിവരം അത്ഭുതപ്പെടുത്തി.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കില്ലെന്നും ട്രംപിനുവേണ്ടി പ്രചാരണം നടത്തുമെന്നും ഹേലി പിന്നീട് വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത് റിപ്പബ്ലിക്കൻ പാർട്ടിയിൽ തുടക്കത്തിൽ ട്രംപിനോടൊപ്പമായിരുന്നില്ലെങ്കിലും അവസാനം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ഉടനെ ഹേലിയെ യുഎൻ അംബാസഡറായി നിയോഗിക്കുകയായിരുന്നു. 

സൗത്ത് കാരലൈന മുൻ ഗവർണറായിരുന്ന ഹേലി ട്രംപ് ഭരണകൂടത്തിലുള്ള ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചിരുന്നയാളാണ്. യുഎസിലെ ആദ്യ വനിതാഗവർണറാണ്, യുഎസ് ഭരണകൂടത്തിൽ കാബിനറ്റ് റാങ്കുള്ള പദവി വഹിച്ച ആദ്യ ഇന്ത്യൻ വംശജയും. മാതാപിതാക്കൾ പഞ്ചാബിൽ നിന്നു കുടിയേറിയവരാണ്.