Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കി ഹേലിയുടെ വസതിയിൽ കർട്ടൻ സ്ഥാപിക്കാൻ ചെലവ് 38 ലക്ഷം രൂപ

Nikki Haley

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് സ്ഥാനപതി നിക്കി ഹേലിയുടെ ഔദ്യോഗിക വസതിയിൽ കർട്ടനുകൾ സ്ഥാപിക്കാൻ മാത്രം കഴിഞ്ഞ വർഷം 52,701 ഡോളർ (ഏകദേശം 38 ലക്ഷം രൂപ) യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ചെലവിട്ടതായി റിപ്പോർട്ട്. ചെലവുചുരുക്കലിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലേക്കുള്ള നിയമനങ്ങൾ നിർത്തിവയ്ക്കുകയും ബജറ്റ് വിഹിതത്തിൽ സാരമായ കുറവു വരുത്തുകയും ചെയ്തതിനിടെയാണ് ഇത്തരമൊരു ദുർവ്യയമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ 2016 ൽ ഒബാമ ഭരണകാലത്താണ് കർട്ടനുകൾ വാങ്ങാനുള്ള തീരുമാനം കൈകൊണ്ടതെന്നും ഇതിൽ ഹേലിക്ക് പങ്കില്ലെന്നുമാണ് അവരുടെ വക്താവ് നൽകിയ വിശദീകരണം. കർട്ടനുകൾക്ക് മാത്രം 29,900 ഡോളറാണ് (21 ലക്ഷം രൂപ) വില. ഇവ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിന് ആവശ്യമായ മോട്ടോറുകൾക്കും അനുബന്ധ സാമഗ്രികൾക്കും അധിമായി ചെലവഴിച്ചത് 22,801 ഡോളറും (16 ലക്ഷം രൂപ). കഴിഞ്ഞ വർഷം മാർച്ച് – ഓഗസ്റ്റ് കാലയളവിൽ ഹേലി സ്ഥാനപതിയായിരിക്കെയാണ് കർട്ടനുകൾ സ്ഥാപിച്ചത്.

ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് സെക്രട്ടറി ബെൻ കാർസൺ 31,000 ഡോളർ (22,26,252 രൂപ) ചെലവിട്ട് ഭക്ഷണ മുറിക്കായി ഫർണീച്ചർ വാങ്ങിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് കാർസണെ സ്ഥാനത്തു നിന്നും നീക്കാൻ പോലും പ്രസിഡന്‍റ് ട്രംപ് ആലോചിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിലും വലിയ തുകയാണ് വസതിയിലെ കർട്ടനുകൾക്കായി ഹേലി ചെലവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

യുഎൻ ആസ്ഥാനത്തിനു തൊട്ടടുത്തുള്ള ഔദ്യോഗിക വസതി ഉപയോഗിക്കുന്ന ആദ്യ സ്ഥാനപതി കൂടിയാണ് ഹേലി. 2016 വരെ യുഎന്നിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് എത്തുന്ന സ്ഥാനപതിമാർ സമീപത്തെ വാൽഡ്രോഫ് അസ്റ്റോറിയ ഹോട്ടലിലാണ് തങ്ങാറുണ്ടായിരുന്നത്. എന്നാൽ ഈ ഹോട്ടൽ ഒരു ചൈനീസ് ഇൻഷുറൻസ് കമ്പനി വാങ്ങിയതിനെത്തുടർന്നാണ് സുരക്ഷാപരിഗണനകൾ വച്ച് സ്ഥാനപതിമാർക്കായി ഒരു വസതി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തേടിയത്.