Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് ചില്ലിക്കാശ് പോലും നൽകരുതെന്ന് നിക്കി ഹേലി

Nikki Haley നിക്കി ഹേലി

ന്യൂയോർക്ക് ∙ അമേരിക്കയുടെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന ഭീകരർക്ക് സംരക്ഷണവും സഹായവും തുടരുന്ന പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തിയില്ലെങ്കിൽ അവർക്ക് ഒരു ഡോളർ പോലും സഹായം നൽകരുതെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യിലെ യുഎസ് അംബാസഡർ നിക്കി ഹേലി.

അമേരിക്കയുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തിനും സഹായം നൽകരുതെന്നും യുഎസ് ഭരണകൂടം കാബിനറ്റ് പദവിയിൽ നിയമിച്ച ആദ്യ ഇന്ത്യൻ വംശജയായ ഹേലി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ എന്തു ചെയ്യണമെന്ന് വ്യക്തമായ നിർദേശം നൽകുകയും അതു കൃത്യമായി പാലിക്കുന്നുവെങ്കിൽ മാത്രം സഹായം തുടരുകയുമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

അഫ്ഗാൻ ഭീകരരെ സംരക്ഷിക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനുള്ള 30 കോടി ഡോളർ സൈനിക സഹായം ട്രംപ് ഭരണകൂടം ഈയിടെ തടഞ്ഞിരുന്നു. പാക്കിസ്ഥാന് പ്രതിരോധ സഹായമായി പ്രതിവർഷം 100 കോടി ഡോളർ നൽകിവന്നിരുന്നത് 15 കോടി ഡോളറായി വെട്ടിക്കുറയ്ക്കുന്ന ബില്ല് യുഎസ് കോൺഗ്രസ് പാസ്സാക്കുകയും ചെയ്തു.