ശ്രീലങ്ക: പാർലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് റനിൽ വിക്രമസിംഗെയുടെ അനുയായികൾ കൊളംബോയിൽ നടത്തിയ പ്രകടനം. ചിത്രം: ഭാനുപ്രകാശ് ചന്ദ്ര ∙ മനോരമ‌

കൊളംബോ∙ ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനുവരി 5നു തിര‍ഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ നിർത്തിവയ്ക്കാനും ചീഫ് ജസ്റ്റിസ് നളിൻ പെരേരയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. അടുത്തമാസം 7 വരെയാണു സ്റ്റേ. പിരിച്ചുവിടലിനെതിരായ ഹർജികളിൽ കോടതി അടുത്തമാസം 4, 5, 6 തീയതികളിൽ വിശദവാദം കേൾക്കും.

സിരിസേനയ്ക്കു തിരിച്ചടിയായ തീരുമാനം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി. വിശ്വാസ വോട്ടെടുപ്പിനു പാർലമെന്റ് വീണ്ടും ചേരാനും സാഹചര്യമൊരുങ്ങി. ഇന്നു സഭ ചേരാനിരിക്കെയാണ് ഈ മാസം 9നു സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ നടപടിയെ എതിർത്ത് 13 ഹർജികളും അനുകൂലിച്ച് 5 ഹർജികളുമാണു കോടതിയിലെത്തിയത്. നാലര വർഷം തികയാതെ സഭ പിരിച്ചുവിടാൻ ഭരണഘടനപ്രകാരം പ്രസിഡന്റിന് അധികാരമില്ലെന്ന് നടപടിയെ എതിർത്തവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ സഭയ്ക്ക് 20 മാസം കൂടി കാലാവധിയുണ്ട്.

സിരിസേന കഴിഞ്ഞ മാസം 26നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്ഷയെ പകരം നിയമിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തമിഴ് പാർട്ടികളുടെ പിന്തുണയോടെ പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള രാജപക്ഷെയുടെ ശ്രമം പരാജയപ്പെട്ടു. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണു വേണ്ടത്. ഭൂരിപക്ഷം തെളിയിക്കുംവരെ രാജപക്ഷെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നു സ്പീക്കർ കരു ജയസൂര്യ നിലപാടെടുക്കുകയും ചെയ്തു.