Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറുപ്പുചീട്ടുമായി രാജപക്ഷെ; തമിഴ് തടവുകാരെ വിട്ടേക്കും

Mahinda Rajapaksa മഹിന്ദ രാജപക്ഷെ

കൊളംബോ∙ ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തെ കയ്യിലെടുക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ. എല്ലാ തമിഴ് തടവുകാരെയും വിട്ടയക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം അംഗീകരിച്ചേക്കുമെന്നു രാജപക്ഷെയുടെ പാർലമെന്റ് അംഗം കൂടിയായ മകൻ നമൽ രാജപക്ഷെ സൂചിപ്പിച്ചു. തമിഴ് വംശജരായ സാമാജികരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം കൂടിയാണിത്. ‘പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി രാജപക്ഷെയും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും’ എന്ന് തമിഴിൽ ട്വീറ്റ് ചെയ്യുകയായിരുന്നു നമൽ.

എൽടിടിഇയെ തകർക്കുകയും നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും ചെയ്യുമ്പോൾ രാജപക്ഷെയായിരുന്നു ശ്രീലങ്കയിലെ പ്രസിഡന്റ്. നടപടികൾ എൽടിടിഇയ്ക്കെതിരെ മാത്രമാണെന്നും തമിഴർക്കെതിരെ അല്ലെന്നും രാജപക്ഷെ ആവർത്തിച്ചുപോന്നെങ്കിലും തമിഴ് വംശജർ പൊതുവേ രാജപക്ഷെയ്ക്ക് എതിരാണ്.

2009 ൽ എൽടിടിഇയുമായുള്ള യുദ്ധം അവസാനിച്ചെങ്കിലും തടവിലായ തമിഴ് പോരാളികൾ രാഷ്ട്രീയ തടവുകാരാണെന്ന് ശ്രീലങ്കൻ സർക്കാർ അംഗീകരിച്ചിട്ടില്ല. കുറ്റപത്രം പോലും സമർപ്പിക്കാതെ ഭീകരവിരുദ്ധ നിയമങ്ങളുടെ പേരിൽ ഒട്ടേറെ പേർ ഇപ്പോഴും തടവിലുണ്ട്.

പാർലമെന്റിലെ തമിഴ് നാഷനൽ അലയൻസ് (ടിഎൻസി) അംഗങ്ങളെ ചാക്കിലാക്കുക എന്ന ലക്ഷ്യമാണ് രാജപക്ഷെയുടെ പുതിയ നീക്കത്തിനു പിന്നിൽ. 225 അംഗ പാർലമെന്റിൽ 100 പേരുടെ പിന്തുണയാണ് രാജപക്ഷെയ്ക്കു നിലവിലുള്ളത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ 103 പേർ പിന്തുണയ്ക്കുന്നു. 15 ടിഎൻസി അംഗങ്ങളടക്കം ബാക്കിയുള്ള 22 പേരിൽ കുടുതലും രാജപക്ഷെയെ എതിർക്കാനാണു സാധ്യത. ടിഎൻഎ അംഗങ്ങളിൽ ഒരാളെ ഉപമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് രാജപക്ഷെ പിടികൂടിയിട്ടുണ്ട്. 4 പേർ കൂടി പക്ഷം മാറാൻ ഇടയുണ്ടെന്നു സൂചനയുണ്ട്. രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് ടിഎൻസി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പേരിൽ യുഎസും ജപ്പാനും ശ്രീലങ്കയ്ക്കുള്ള സഹായം മരവിപ്പിച്ചതായി പുറത്തായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആരോപിച്ചു. യൂറോപ്യൻ യൂണിയനും സമാനരീതിയിൽ ചിന്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.