ഖഷോഗി വധം: യുഎസ് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ട്രംപ്

ജമാൽ ഖഷോഗി, ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യുഎസ് ഭരണകൂടം അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നടത്തിയ അന്വേഷണത്തിന്റെ ‘സമ്പൂർണ റിപ്പോർട്ട്’ നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജമാൽ ഖഷോഗിയെ വധിച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവു പ്രകാരമാണെന്നു സിഐഎ കണ്ടെത്തിയെന്നാണു കഴിഞ്ഞ ദിവസത്തെ മാധ്യമ റിപ്പോർട്ട്.

‘സിഐഎ ഒരു വിലയിരുത്തലും നടത്തിയിട്ടില്ല. പുറത്തുവന്നത് അപൂർണ റിപ്പോർട്ടാണ്. പൂർണ നിഗമനം ചൊവ്വാഴ്ച ലഭിക്കും. അപ്പോഴറിയാം യുഎസ് നിലപാട് ’– ട്രംപ് കലിഫോർണിയയിൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. കിരീടാവകാശി കുറ്റക്കാരനാകാനുള്ള സാധ്യത പക്ഷേ, അദ്ദേഹം തള്ളിയില്ല. സിഐഎ മേധാവി ജിന ഹാസ്‌പെൽ, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എന്നിവരുമായി ശനിയാഴ്ച ട്രംപ് ഫോണിൽ സംസാരിച്ചു. സൗദി കിരീടാവകാശിയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകൾ സിഐഎ യുഎസ് കോൺഗ്രസ് അടക്കമുള്ള ഭരണകൂട കേന്ദ്രങ്ങളെ ധരിപ്പിച്ചതായാണു വിവരം.

വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റായിരുന്ന ഖഷോഗി കഴിഞ്ഞ മാസം 2നു ഇസ്തംബുളിലെ സൗദി കോൺസുലേറ്റിലേക്കു പോയശേഷം മടങ്ങിവന്നില്ല. ഖഷോഗി കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടെന്നു സമ്മതിച്ചെങ്കിലും സംഭവം സൗദി കിരീടാവകാശിയുടെ അറിവോടെയല്ലെന്നാണു അവരുടെ നിലപാട്.