Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമാൽ ഖഷോഗിക്ക് മരണാനന്തര ബഹുമതി

Jamal Khashoggi ജമാൽ ഖഷോഗിയുടെ ചിത്രമടങ്ങിയ ടൈം വാരികയുടെ കവർ.

ന്യൂയോർക്ക് ∙ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പെടെ സത്യത്തിന്റെ സംരക്ഷകരായ മാധ്യമപ്രവർത്തകരെ ടൈം വാരിക ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. ഫിലിപ്പീൻസിലെ മരിയ റെസ്സ, മ്യാൻമറിൽ തടവിൽ കഴിയുന്ന റോയിട്ടേഴ്സ് റിപ്പോർട്ടർമാരായ വാ ലോൺ, ക്വാവ സോവു, കഴി‍ഞ്ഞ ജൂണിൽ അക്രമികളുടെ വെടിയേറ്റ് 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട മേരിലാൻഡിലെ അന്നപൊലീസിലെ ‘ക്യാപിറ്റൽ ഗസറ്റ്’ എന്നിവയാണ് ഖഷോഗിക്കൊപ്പം ബഹുമാനിതരാവുന്നത്.

സൗദി സർക്കാരിനെ വിമർശിച്ചതിന് ഖഷോഗി കിരാതമായി കൊല്ലപ്പെടുകയായിരുന്നു. ഫിലിപ്പീൻസിലെ ‘റാപ്ലർ’ എന്ന വാർത്താ വെബ്സൈറ്റിന്റെ സ്ഥാപകയായ റെസ്സ പ്രസിഡന്റ് ഡ്യൂട്ടെർട്ടിന്റെ നിയമവിരുദ്ധക്കൊലകൾ റിപ്പോർട്ട് ചെയ്തതിനും സർക്കാരിനെ വിമർശിച്ചതിനും ഒട്ടേറെ കേസുകളുടെ കുരുക്കുകളിലാണ്. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനം വാർത്തയാക്കിയ ലോമും സോവുവും അവിടെ ജയിലിൽ കഴിയുന്നു.

1927 ൽ ആരംഭിച്ച ഈ ബഹുമതി ഇതാദ്യമായാണ് മരണശേഷം ഒരാൾക്കു സമ്മാനിക്കുന്നത്. ‌2016 ലെ ജേതാവായിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ വർഷത്തെ റണ്ണർ അപ്. 2016 യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്ന റോബർട് മുള്ളർക്കാണ് മൂന്നാം സ്ഥാനം.