ട്രംപിന്റെ ‘ഉസാമ പരാമർശം’: യുഎസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാക്ക് പ്രതിഷേധം

ഡോണൾഡ് ട്രംപ്, ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ നന്ദികെട്ട രാജ്യമായതിനാലാണു കോടിക്കണക്കിനു ഡോളറിന്റെ സഹായം നിർത്തുന്നതെന്നു പറഞ്ഞ ട്രംപിന്റെ വാദങ്ങൾ ട്വിറ്ററിൽ ‘അടിച്ചുപറത്തി’ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്ക് വിദേശകാര്യ സെക്രട്ടറി തെഹ്‌മിമ ജാൻജുവ, യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ പോൾ ജോൺസിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിനു തൊട്ടുമുൻപായിരുന്നു യുഎസ് പ്രസിഡന്റിനുള്ള മറുപടി എണ്ണിയെണ്ണി പറഞ്ഞ് ഇമ്രാനെത്തിയത്.

ഉസാമയുടെ ഒളിത്താവളത്തെക്കുറിച്ചു വിവരം നൽകിയതു പാക്കിസ്ഥാനാണെന്ന കാര്യം ഓർമിപ്പിച്ച ജാൻജുവ, ഇത്തരം പരാമർശങ്ങൾ ബന്ധം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടി. കൊല്ലം തോറും 130 കോടി ഡോളർ സഹായം കൊടുത്തിട്ടും പാക്കിസ്ഥാൻ നന്ദി കാണിച്ചിട്ടില്ലെന്നും 9/11 ആക്രമണത്തിനു പിന്നിലെ അൽ ഖായിദ നേതാവ് ബിൻ ലാദന് ഒളിയിടം വരെ അവർ ഒരുക്കിക്കൊടുത്തെന്നുമാണ് ട്രംപ് ആരോപിച്ചത്.

9/11 ആക്രമണത്തിൽ പാക്കിസ്ഥാൻകാരായ ആരും കൊല്ലപ്പെടാതിരുന്നിട്ടുകൂടി യുഎസിന്റെ ഭീകരവിരുദ്ധ പോരാട്ടത്തി‍ൽ തങ്ങൾ പങ്കാളികളായെന്നും 75,000 പേരുടെ കൊല്ലപ്പെട്ടതുൾപ്പെടെ വലിയ നഷ്ടമുണ്ടായെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി. ഈ പോരാട്ടം മൂലമുണ്ടായ നഷ്ടം 12,300 കോടി ഡോളറാണ്. യുഎസ് തന്നത് 2000 കോടിയും. യുഎസ് ഇടപെടലിനു ശേഷവും അഫ്ഗാനിൽ താലിബാൻ കൂടുതൽ ശക്തരായതെങ്ങനെ എന്നതുൾപ്പെടെ വിശകലനം ചെയ്യണമെന്നും പാക്ക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.