ചിക്കൻ അഡോബോ ഫിലിപ്പൈൻസ് രീതിയിൽ

ഫിലിപ്പൈൻസ് വിഭവങ്ങളിൽ പ്രമാണിയാണ് അഡോബോ. പോർക്ക്, ബീഫ്, മൽസ്യങ്ങൾ, ചിക്കൻ, പച്ചക്കറികൾ തുടങ്ങിവയിൽ  വിനാഗിരിയും വെളുത്തുള്ളിയും സോയയും പുരട്ടിവെച്ചതിനുശേഷം  എണ്ണ ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. ഫിലിപ്പിനൊ സ്റ്റൈലിലൊരു ചിക്കൻ അഡോബോ പരിചയപ്പെട്ടാലോ? സോയ സോസും വൈറ്റ് വിനഗറുമാണ് ഇതിന്റെ സ്വാദിന് മാറ്റു കൂട്ടുന്നത്.

ചേരുവകൾ
ചിക്കൻ – 750 ഗ്രാം
വെളുത്തുള്ളി – 5
വൈറ്റ് ഒനിയൻ – 2
കറുവയില – 1
സോയ സോസ് – 4 ടേബിൾസ്പൂൺ
വൈറ്റ് വിനഗർ – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി 5 വെളുത്തുള്ളി ചതച്ചത്, രണ്ട് വൈറ്റ് ഒനിയൻ അരിഞ്ഞത് എന്നിവ ബ്രൌൺ നിറമാകുന്നതു വരെ വഴറ്റിയെടുക്കുക. അതിലേക്ക് സ്കിന്നോടു കൂടിയ 750 ഗ്രാം ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു കറുവയില കൂടി ഇട്ട് യോജിപ്പിക്കുക. ഇതിലേക്ക് 4 ടേബിൾസ്പൂൺ സോയ സോസ്, ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനഗർ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ചതച്ച കുരുമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

മറ്റൊരു പാൻ ചൂടാക്കി വേവിച്ച ചിക്കന്റെ എല്ലാ വശങ്ങളും പൊരിച്ചെടുക്കുക. ചിക്കൻ ആദ്യത്തെ പാനിലേക്ക് തിരികെയിട്ട് നന്നായി ഇളക്കുക. അതിൽ നിന്ന് കറുവയില എടുത്തു മാറ്റി ചിക്കൻ നന്നായി വേവിച്ച ശേഷം ചൂടോടെ വിളമ്പാം.