ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം?

പ്രകൃതിയോടിണങ്ങിയ ജീവിതം എന്ന ആശയത്തിന് സ്വീകാര്യതയേറുന്ന കാലമാണിത്. ഭക്ഷണത്തിലായാലും താമസത്തിലായാലും ഈ മാറ്റങ്ങൾ ദൈനംദിന ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർ പച്ചക്കറികളും ഇലകളും ഇന്ന് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നു. 

പരമ്പരാഗതമായി നമുക്കുള്ള പച്ചക്കറികളും ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ ഒട്ടേറെ രോഗങ്ങളെയും പടിക്കു പുറത്തു നിർത്താം. വിളർച്ച, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഭീഷണിയാകുകയുമില്ല. കാരണം ആന്റി ഓക്സിഡന്റുകളും വൈറ്റമിൻ എ, വൈറ്റമിൻ ബി,വൈറ്റമിൻ ഇ, വൈറ്റമിൻ കെ, മഗ്നീഷ്യം, കാൽഷ്യം, ധാരാളം പോഷകങ്ങൾ, ധാതുക്കൾ എന്നിവയടങ്ങിയതാണ് നമ്മുടെ മിക്ക പച്ചക്കറികളും ഇലക്കറികളും. ചെറിയ രോഗങ്ങൾ മുതൽ പ്രമേഹം, ഹൃദ്രോഗം എന്നിവയെ വരെ പ്രതിരോധിക്കാൻ ഇവയ്ക്കു സാധിക്കും.

ചൂടുകാലത്ത് പാവയ്ക്ക, പടവലം, ചുരയ്ക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നതു നല്ലതാണ്. ഇതിൽ നാരുകളും വെള്ളവുമടങ്ങിയിട്ടുള്ളതിനാൽ വയറിനു നല്ലതാണ്. മല്ലിയിലയിൽ അയണിന്റെ സാന്നിധ്യം കൂടുതലുണ്ടെന്നു മാത്രമല്ല, ഇത് ആന്റി അലർജിക്കുമാണ്. ത്വക് രോഗങ്ങൾ, വായ്പുണ്ണ്, ദഹനം, ആർത്തവ ക്രമം, കൊളസ്ട്രോൾ കുറയ്ക്കൽ തുടങ്ങിയ ഗുണങ്ങളും മല്ലിയിലയ്ക്കുണ്ട്.

പുതിനയില ക്ഷയം, പോസ്ട്രേറ്റ് കാൻസർ, ഉദരസംബന്ധിയായ രോഗങ്ങൾ തുടങ്ങിയവയെ തടയുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യും. ഓർമ ശക്തി കൂടുന്നതിനും പുതിനയില സഹായിക്കുന്നു.

തുളസിയിലയ്ക്കു പനി, ആസ്മ, വായ്ക്കുള്ളിലെ രോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. 

ചീര കാഴ്ച ശക്തി കൂട്ടുന്നതിനു സഹായിക്കും. കാൽഷ്യത്തിന്റെ അളവ് കൂടുതലാണ്, വയറിനും നല്ലതാണ്.

വെണ്ടയ്ക്കയുടെ പാതിഭാഗവും അലിയുന്ന ഫൈബർ ആണ്. ഇതു കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മറു പകുതിയിലുള്ള അലിയാത്ത ഫൈബർ ദഹനത്തിനു സഹായിക്കുന്നു.

നിറയെ ജീവകങ്ങളടങ്ങിയ മുരിങ്ങയില മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നതു നല്ലതാണ്. കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ സാധാരണ അളവിൽ നിർത്താനും മുടിയുടെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്.

പച്ചമുളക് ദഹനസംവിധാന പ്രക്രിയയെ സഹായിക്കുന്നു. ഷുഗറിന്റെ അളവ് കുറയ്ക്കുന്നതിനാൽ പ്രമേഹ രോഗികളിതു കഴിക്കുന്നതു നല്ലതാണ്. ആന്റി ഓക്സിഡന്റായ ഗ്രീൻ ക്യാപ്സിക്കം നീരിനെ പ്രതിരോധിക്കുന്നതാണ്. വാത രോഗം മൂലമുള്ള വേദനയും നീരും കുറയ്ക്കാനും ഇതിനാവും.

നിറയെ ഫൈബർ അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ബീൻസ്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ കെ, ബി 6, ഫോളിക് ആസിഡ് എന്നിവ അടങ്ങിയതിനാൽ ഉദര രോഗങ്ങളെ തടയാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.