വൃക്കരോഗികൾക്ക് എന്തൊക്കെ കഴിക്കാം?

അമിതവണ്ണമാണ് ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് അടിസ്ഥാന കാരണം. അമിതവണ്ണം വൃക്കകളു ടെ ജോലിഭാരവും കൂട്ടുന്നു. വൃക്കരോഗികൾക്കു പൊതുവേ ചില ആരോഗ്യടിപ്പുകൾ പറയാം.  പ്രോട്ടീൻ അഥവാ മാംസ്യാംശം കുറയ്ക്കണം. ദഹനവും ഉപാപചയവും കഴിഞ്ഞാൽ മാംസ്യാംശത്തിൽ നിന്നു യൂറിയ ഉണ്ടാകുന്നു. ഇതു വൃക്കകൾക്കു ജോലിഭാരം കൂട്ടുന്നു. ആവശ്യം വേണ്ട നല്ല പ്രോട്ടീനംശം രോഗാവസ്ഥയ്ക്ക് അനുസൃതമായി മാത്രമേ കഴിക്കാവൂ. ആരോഗ്യമുള്ളയാളും കൊച്ചു കുട്ടികളും ഒന്നും കൂടുതൽ പ്രോട്ടീനുള്ള ഭക്ഷണം നിത്യാഹാരത്തിൽ ഉൾപ്പെടുത്തരുത്. കുട്ടികളല്ലേ എന്തും കഴിക്കാം, എത്ര വേണമെങ്കിലും കഴിക്കാം എന്നു കരുതരുത്. അമിതവണ്ണവും അമിതകൊഴുപ്പും പിൽക്കാല  രോഗങ്ങളുടെ ചവിട്ടുപടികളാണ്.

ഉപ്പിന്റെ അളവു വൃക്കകളുടെ അനാരോഗ്യത്തിനു പ്രധാന കാരണമാണ്. ഒരു ദിവസം ആറു ഗ്രാം ഉപ്പു വേണ്ടിടത്തു 12 ഗ്രാം മുതൽ മുകളിലോട്ടാണ് കേരളീയരുടെ ഉപ്പിന്റെ ഉപയോഗം. ഉപ്പിലിട്ടവ, വറ്റലുകൾ, ആധുനിക ഭക്ഷണങ്ങളായ ബർഗർ, ഷവർമ, ചിക്കൻനഗറ്റ്, ചിക്കൻ ക്രന്റ് പീറ്റ്സ് ഇവയൊക്കെ ഉപ്പിന്റെ കലവറകളാണ്. മാട്ടിറച്ചി ഷവർമയിൽ 468 മില്ലിഗ്രാം ഉപ്പ് ഒരു കഷണത്തിലുണ്ട്. ബർഗറിൽ 970 മില്ലിഗ്രാം ഉപ്പും, സ്പൈസി ചിക്കൻ റാപ്പിൽ 2173 മില്ലിഗ്രാം ഉപ്പും ഉണ്ട്. നാലുകഷണം ചിക്കൻനഗറ്റിൽ 320 മില്ലിഗ്രാം ഉപ്പും ഉണ്ട്.  ഇതൊക്കെ ധാരാളം കഴിക്കുന്ന യുവതലമുറ 20–ാം വയസിൽ ഹൃദ്രോഗത്തിനും 24–ാം വയസിൽ പ്രമേഹത്തിന് ഇരയാകുന്നതു കൊണ്ടാണ് ഇവയൊക്കെ ‘ദേശീയരോഗങ്ങളാ’യി മാറിയിരിക്കുന്നത്. കുട്ടിക്കാലം മുതൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഒരു ദിവസം നാലു ഗ്രാം മാത്രം. 

വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണം?

പോഷകാഹാരക്കുറവും അമിത പോഷണവും കുട്ടിക്കാലം മുതൽ വൃക്കരോഗങ്ങൾ തടയുവാൻ വേണ്ട മുൻകരുതലു കളാണ്. കൊഴുപ്പ്, പുളി, മസാലകൾ, മദ്യപാനം, പുകവലി എന്നിവയും നിയന്ത്രിക്കണം. സ്റ്റീറോയ്ഡ്സ് കലർന്ന മരു ന്നുകൾ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കാതിരിക്കുക.

ബേക്കറി സാധനങ്ങൾ, സോഡാപ്പൊടി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ, ടിന്നുകളിൽ ലഭിക്കുന്ന സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, വറ്റലുകൾ, പർപ്പടകം, പോപ്കോൺ, ബിസ്കറ്റ്, ശീതളപാനീയങ്ങൾ, ഉണക്കിയ മത്സ്യം എന്നിവയും ഒഴിവാക്കണം. പാൽ, തൈര്, പയറുവർഗങ്ങൾ, പച്ചമാങ്ങ, കാരറ്റ്, പരിപ്പു കീര, ലെറ്റൂസ്, പാലക് എന്നിവ ഉപയോഗിക്കാം.  എന്നാൽ ഇവയില്‍ ചിലതൊക്കെ പൊട്ടാസിയത്തിന്റെ ഉറവകളാണ്. രോഗാവസ്ഥയ്ക്കനുസൃതമായ പൊട്ടാസിയത്തിന്റെ അളവും ക്രമീകരിക്കേണ്ടതായി വരും. 

പൊട്ടാസിയം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. മസിലുകൾ, ഹൃദയം എന്നിവയുടെ ചലനത്തിനും മിടിപ്പിനും പൊട്ടാസിയം അത്യാവശ്യമാണ്. എല്ലാ ഭക്ഷണവസ്തുക്കളിലും പൊട്ടാസിയം അടങ്ങിയിരിക്കുന്നു. പച്ചക്കറികൾ കൂടുതൽ വെള്ളത്തിൽ പുഴുങ്ങിയെടുത്തു വെള്ളം ഊറ്റിക്കളഞ്ഞു വേണം ഉപയോഗിക്കുവാൻ.

പൊട്ടാസിയം തീരെ കുറഞ്ഞ ഭക്ഷണങ്ങൾ

ലെറ്റൂസ്, ബീറ്റ് റൂട്ട്, പടവലങ്ങ, വെള്ളരി, പച്ചമാങ്ങ, ബ്രോഡ്ബീൻസ്, ചെരയ്ക്ക, ചൗചൗ, ആപ്പിൾ, പപ്പായ, പൈനാപ്പിൾ, പിയർ, സ്ട്രോബെറി.

ഇടത്തരം അളവിലുള്ളവ

കാബേജ്, കാരറ്റ്, ചെറിയ ഉള്ളി, റാഡിഷ്, പാവയ്ക്ക, കത്തിരിക്ക, വെണ്ടയ്ക്ക, മത്തങ്ങ, കോളിഫ്ളവർ എന്നിവ. ഇവ വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞ് ഉപയോഗിക്കാം.

കൂടുതൽ അളവിൽ പൊട്ടാസിയം ഉള്ളവ

ചീര, മല്ലിയില, മുരിങ്ങയില, പാലക്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി, ചേന, മുരിങ്ങക്ക, പച്ചപപ്പായ, ഓറഞ്ച്, പഴം, ഏത്തപ്പഴം, തക്കാളി, മെലൻ, നട്സ്, ചോക്കലേറ്റ്, ശർക്കര, ഇറച്ചി, മത്സ്യം, പാൽ, മുട്ട, തൈര്, ഹോർലിക്സ്, കെച്ചപ്പ്, കൊക്കോ.

ഫോസ്ഫറസും ചിലപ്പോൾ ക്രമീകരിക്കണം

ഫോസ്ഫറസ് ധാരാളമുള്ള പാൽ, ചീസ്, അണ്ടിപ്പരിപ്പുകൾ, ഉണങ്ങിയ പയറുവർഗങ്ങൾ, പീസ് എന്നിവയാണ്. 

വൃക്കരോഗികൾക്കു നൽകാവുന്ന രണ്ട് വിഭവങ്ങൾ

ചൗവരി കുറുക്കിയത്

ചേരുവകൾ

ചൗവരി – അര കപ്പ്
സ്കിം മിൽക്ക് പൗഡർ – ഒന്നര ടേബിൾ സ്പൂൺ
വെള്ളം – രണ്ടു കപ്പ്
പഞ്ചസാര – മൂന്നു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

വെള്ളം തിളയ്ക്കുമ്പോൾ ചൗവരി കഴുകി അതിലിട്ടു നിരന്തരം ഇളക്കുക. അൽപ്പം ചൂടുവെള്ളത്തിൽ സ്കിം മിൽക്ക് പൗഡർ അലിയിച്ചെടുക്കുക. പാട മാറ്റിയ പാലും ഉപയോഗിക്കാം. കട്ടയില്ലാതെ കാച്ചിയെടുത്തു പഞ്ചസാര ചേർത്തുപയോഗിക്കാം. 

പോച്ചു ചെയ്ത മുട്ട

ചേരുവകൾ

മുട്ട – ഒരെണ്ണം
വെള്ളം – ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിക്കുക. മുട്ടയുടെ വെള്ളയും മഞ്ഞയും പൊട്ടാതെ നടുവിൽ വച്ചു പൊട്ടിച്ചു വെള്ളത്തിൽ പതുക്കെ ഒഴിക്കുക. മുട്ടയുടെ മഞ്ഞയുടെ പുറത്ത് ഒരു വെള്ളപ്പാട വരുന്നതുവരെ പാചകം ചെയ്ത് ഒരു കണ്ണാപ്പകൊണ്ടു സൂക്ഷിച്ച് എടുക്കുക.