ഒറ്റയടിക്ക് ഒൻപതു പ്ലേറ്റ് ചോറ് അകത്താക്കുന്നൊരു ശാപ്പാടു രാമൻ!

നല്ല മീൻ കറിയും രസവും തൈരും കൂട്ടി നിങ്ങൾക്ക് ഒറ്റ ഇരുപ്പിൽ എത്രപ്ലേറ്റ് ചോറു കഴിയ്ക്കാൻ പറ്റും? ഒന്ന്, രണ്ട്, മൂന്നിൽ നിറുത്തില്ലേ?...എന്നാൽ ശാപ്പാട് രാമൻ ഒൻപത് പ്ലേറ്റ്  ചോറാണ് 18 മിനിറ്റും ഒൻപതു സെക്കൻഡും കൊണ്ട് അകത്താക്കിയത്...അതാണ് ശാപ്പാട് രാമൻ.

സമൂഹമാധ്യമങ്ങളിൽ ഫുഡ് ഈറ്റ് ചലഞ്ചു കൊണ്ടൊരു തരംഗംതന്നെ ശാപ്പാടു രാമൻ തീർത്തിരിക്കുന്നു. അരമണിക്കൂർ കൊണ്ട് മൂന്ന് ഗ്രിൽചിക്കൻ കഴിയ്ക്കുക, 8 മിനിറ്റു കൊണ്ടു അഞ്ചു കി.ഗ്രാം മട്ടൻ ബിരിയാണികഴിയ്ക്കുക, ഏഴു മിനിറ്റു കൊണ്ട് 200 ചക്കചുളകൾ കഴിയ്ക്കുക ഇങ്ങനെയൊക്കെയുള്ള സിംപിൾ സിംപിൾ ഐറ്റംസാണ് ശാപ്പാടുരാമന്റെ കൈയിലുള്ളത്!.

ശാപ്പാടു രാമന്റെ യൂട്യൂബ് ചാനലിന് 10 മില്യൺ വ്യൂസ് ആയപ്പോൾ 100 കി.ഗ്രാം വെജിറ്റബിൾ ബിരിയാണിയാണ് തയാറാക്കിയത്... അത് പക്ഷേ രാമൻ ഒറ്റയ്ക്കല്ല കഴിച്ചത് നാട്ടുകാർക്കെല്ലാരും കൂടി കഴിച്ചു തീർത്തു!

ശാപ്പാടുരാമനും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള തീറ്റ മത്സരങ്ങളുടെ  വിഡിയോകളും ശ്രദ്ധേയമാണ്. 50 നാട്ടു കോഴിമുട്ട പാതി വേവിച്ച മത്സരത്തിൽ മൂന്ന് മിനിറ്റ് 17 സെക്കന്റിൽ മകനെ തോൽപിച്ചു.  അപ്പനും മകനും തമ്മിലുള്ള തീറ്റമത്സരങ്ങളിൽ ശാപ്പാടു രാമൻ തന്നെയാണ് വിജയിക്കുന്നതും.