അനസിന്റെ സ്വന്തം ഇടിയപ്പം – ചിക്കൻ മിക്സിങ്

മൃദുവായ ഇടിയപ്പവും മസാലക്കൂട്ടിൽ മുങ്ങിയ ചെറു ചിക്കൻ കഷ്ണങ്ങളും ചൂടൊടെ രുചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അടിമാലി സെൻട്രൽ കവലിയിലെ അനസിന്റെ തട്ടുകടയിലേക്ക് പോന്നോളൂ. ഒരിക്കൽ രുചിച്ചാൽ  ഇടിയപ്പം ചിക്കൻ മിക്സ് എന്നു നാട്ടുകാർ ഒാനപ്പേരിട്ടിരിക്കുന്ന വിഭവത്തിന്റെ രുചി അറിഞ്ഞാൽ അടിമാലിയിലേക്ക് വീണ്ടും വരും അനസിന്റെ തട്ടുകട തേടി. ചിക്കൻ കറിയുടെ ചാറിൽ മുക്കി ഇടിയപ്പം കഴിക്കുന്നവർ പോലും അനസിന്റെ ചിക്കൻ മിക്സിന്റെ രുചിയുടെ ആരാധകരായി മാറും. തട്ടുകടയുടെ മെനു ലിസ്റ്റിലെ വിഭവങ്ങളുടെ പേരിലുമുണ്ട് 'ഇ' പ്രാസം. പ്രധാന വിഭവങ്ങളുടെ പേരുകളെല്ലാം തുടങ്ങുന്നത് 'ഇ' എന്ന അക്ഷരത്തിൽ ! വിഭവങ്ങളെ മനസിരുത്തി വായിച്ചാൽ മനസിലൊരു സംശയം ന്യായമായും തോന്നും – ഇതെന്താ മിക്സിങ് സ്പെഷിസ്റ്റ് തട്ടുകടയോ ? ഇടുക്കി കപ്പബിരിയാണി, ഇടിയപ്പം ബീഫ് മിക്സിങ്, ഇടിയപ്പം പോട്ടി മിക്സിങ്, പുട്ട് – ചിക്കൻ മിക്സിങ്, കപ്പ – ചിക്കൻ മിക്സിങ് എന്നിവ അനസിന്റെ തട്ടുകടയിലെ ചില താരങ്ങൾ. 

അനസ്

ഇടിയപ്പം – ചിക്കൻ മിക്സിങ് രുചിക്കൂട്ടെങ്ങനെ?

കടായിയിൽ വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ സവോളയും  പച്ചമുളകും മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചിക്കൻ കറി, ഇടിയപ്പം, ഗരം മസാല, വെള്ളകുരുമുളകുപൊടി കറിവേപ്പില ഇതെല്ലാം കൂടി ചേർത്ത് വരട്ടി എടുക്കുക. വറുത്തരച്ച ചിക്കൻ കറിയിൽ അൽപം പച്ചതേങ്ങ അരച്ചതും ചേർത്താണ് ഈ കൂട്ടിന്റെ ഗ്രേവി കുറുകിക്കിടക്കുന്നതിന്റെ രഹസ്യം ! തട്ടുകടയിലെ വിഭവത്തിന്റെ രുചിക്കൂട്ട് വെളുപ്പെടുത്താൻ മനസില്ലാത്ത അനസ് ഭക്ഷണപ്രിയരോട് ഒരു കാര്യം ഒാർമിപ്പിക്കുന്നു. തട്ടുകടയിൽ കഴിച്ച ഇടിയപ്പം – ചിക്കൻ മിക്സിങ് രുചി വീട്ടിൽ ലഭിച്ചില്ലെങ്കിൽ പരാതി പറയരുത്. വിഭവത്തിന്റെ രുചി നിർണയിക്കുന്നത് ഗരം മസാലയാണ്. കറുവപ്പട്ട, ഗ്രാമ്പു, തക്കോലം എന്നിവ പാകത്തിനു പൊടിച്ചെടുത്താൽ‍ ഇടിയപ്പം – ചിക്കൻ മിക്സിങ് ഹിറ്റാകും.

ഇഡിയപ്പം ചിക്കൻ മിക്സ്

അടിമാലി ടൗണിൽ അനേകം തട്ടുകടകളുണ്ടെങ്കിലും അനസിന്റെ കടയിൽ എന്താ ഇത്ര തിരക്കെന്ന് ചോദിച്ചപ്പോൾ അനസിന്റെ കടയിലെ സ്ഥിരം കക്ഷി പറഞ്ഞതിങ്ങനെ – രണ്ടു വിഭവങ്ങളെ അനസ് ഒരുമിപ്പിച്ചാൽ എന്റെ പൊന്നു സാറേ പിന്നെ ചുറ്റുമുള്ള ഒരു തട്ടുകടയും കാണാൻ പറ്റൂല...