പ്രായം കുറയ്ക്കും മാന്ത്രികപ്പഴം!

മുട്ടയുടെ ആകൃതിയും മുഷ്‌ടിയുടെ വലുപ്പവും ചെതുമ്പൽ പോലുള്ള തൊലിയും മോഹിപ്പിക്കുന്ന നിറവുമുള്ള ഡ്രാഗൺ ഫ്രൂട്ട് വമ്പൻ മാളുകളിലെയും വഴിവക്കിലെയും കുട്ടയിലിരുന്നു ചിരിച്ചപ്പോൾ എടുത്തുനോക്കാത്തവരായി അധികമാരുമുണ്ടാവില്ല. കാഴ്ചയിൽ കൗതുകം തോന്നി വാങ്ങാമെന്നു വിചാരിച്ചാൽ സ്ഥലവും സാഹചര്യവുമനുസരിച്ച് വിലയും മാറും. വഴിയോരത്ത് ഇരുനൂറ് രൂപയാണെങ്കിൽ വമ്പൻ മാളുകളിൽ വില 650 ! പിങ്ക് നിറവും അതുല്യമായ പോഷകപ്രാധാന്യവും മൂലം ഫലവർഗ പ്രേമികളുടെ മനം കവർന്ന ഈ പഴം കേരളത്തിലെത്തിയിട്ട് അധികനാളായിട്ടില്ല. കള്ളിച്ചെടികളെപ്പോലെ ഇലകളില്ലാതെ, പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടി മലയാളമണ്ണിലും മികച്ച വിളവ് തരുന്നതാണ്. പഴം കഴിക്കുമ്പോൾ പ്രത്യേകിച്ചൊരു രുചിയില്ല, സാലഡ്, സ്മൂത്തി, മിൽക്ക് ഷെയ്ക്ക് എന്നിവയാകുമ്പോഴാണ് ഡ്രാഗൺ ഏറെ രുചികരം.

കഴിഞ്ഞ കുറെ വർഷങ്ങളായി ഈ മലേഷ്യൻ പഴം വേനൽക്കാലത്ത് നമ്മുടെ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 

ആരോഗ്യഗുണങ്ങൾ

∙ കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം
∙ വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും
∙ മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും
∙ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം
∙ കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കും, ഹൃദയത്തെ സംരക്ഷിക്കും
∙ രക്‌തത്തിലെ കാൻസറിനെ ചെറുക്കുന്ന ആൻറി ഓക്‌സഡൻറുകൾ ധാരാളമുണ്ട്
∙ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കും
∙ ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ വാർധക്യവും വാതവും അകറ്റും ചെറുക്കും

ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോൾ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. കള്ളിച്ചെടിയുടെ വർഗത്തിൽപ്പെടുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണു കൂടുതലായി വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഡ്രാഗൺ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. ഒരു ചെടിയിൽനിന്ന് എട്ടു മുതൽ 10 വരെ പഴങ്ങൾ ലഭിക്കും. ഒരു ഫലത്തിന് 450 ഗ്രാം വരെ തൂക്കം ഉണ്ടാകും. ചുവപ്പും റോസും കലർന്ന ഈ പഴം കണ്ടാൽ പൂവാണെന്നേ തോന്നൂ. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഇവ മിൽക്ക് ഷേക്ക് ഉണ്ടാക്കാനാണ് കൂടുതലും ഉപയോഗിക്കുന്നത്. ഒരു കായ്‌ക്ക് അരക്കിലോയോളം തൂക്കമുണ്ടാകും. പൂക്കൾ രാത്രിയിൽ വിടരുകയും സൂര്യനുദിക്കുമ്പോൾ കൊഴിയുകയും ചെയ്യും. ഫ്രഷ് ജ്യൂസ് കടകളിൽ ഇടയ്‌ക്ക് പ്രത്യക്ഷപ്പെട്ടു പിന്നെ അപ്രത്യക്ഷമായ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മാതള നാരകത്തിന്റെ അതേ നിറത്തിൽ പുറമേ ഡ്രാഗണിന്റേതു പോലെ ശൽക്കങ്ങളുള്ള പഴം മുറിച്ചാൽ ഉള്ളിൽ നല്ല വെള്ള നിറമാണ്.

ഒരിക്കൽ നട്ടുകഴിഞ്ഞാൽ പരിപാലനം വളരെ കുറച്ചു മാത്രം മതി. ജലവും ജൈവവളവും വളരെ കുറച്ചു മാത്രം. ചെടിയിൽ മുള്ളുകൾ ഉള്ളതിനാൽ പക്ഷികളുടെ ശല്യമുണ്ടാകാറില്ല. വിത്തു പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകൾ നട്ടോ വളർത്തിയെടുക്കാം. 

പ്രധാനമായും മൂന്നു തരത്തിലുള്ള ഡ്രാഗൺ പഴങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്നത് ഹൈഡ്രോസീറസ് അണ്ഡാറ്റസ് എന്ന ചുവപ്പു നിറമുള്ള ഡ്രാഗൺ ഫ്രൂട്ടാണ്. ചുവന്ന തൊലിയുള്ള ഇതിന്റെ ഉൾഭാഗം വെളുത്താണ്. ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ് എന്ന ഇനത്തിന്റെ തൊലിയും ഉൾഭാഗവും ചുവപ്പാണ്. ഹൈഡ്രോസീറസ് മെഗലാന്തസ് എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉൾഭാഗം വെളുപ്പുമാണ്. ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണൽമണ്ണുമാണ് ഡ്രാഗൺ ഫ്രൂട്ട് വളർത്തുവാനുള്ള ഉത്തമമായ സാഹചര്യം. 

ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷെയ്ക്ക്

ഡ്രാഗൺ ഫ്രൂട്ട് – 1
പാൽ തണുപ്പിച്ചത് – 2 കപ്പ്
പഞ്ചസാര – 2 (ആവശ്യത്തിന്)
വനില ഐസ്ക്രീം – 2 സ്കൂപ്പ്

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം മിക്സിയിൽ അടച്ചെടുത്താൽ ഡ്രാഗൺ മിൽക്ക് ഷെയ്ക്ക് റെഡി.