Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐലൻഡിലെ ‘അന്നദാന’ പ്രഭു

Author Details
dabba-wala ഉപേന്ദ്രനാഥ പ്രഭു

ഉപേന്ദ്രനാഥ പ്രഭു ഇൗ യാത്ര തുടങ്ങിയിട്ട് 4 പതിറ്റാണ്ടിലേറെയായി. മഴയ്ക്കും മഞ്ഞിനും വെയിലിനുമൊന്നും തടയാനാവാതെ, മട്ടാഞ്ചേരിയിൽ നിന്നു വില്ലിങ്ഡൻ ഐലൻഡിലേക്ക് ഇയാൾ സൈക്കിൾ ചവിട്ടിയെത്തുമ്പോൾ, സ്വന്തം വീട്ടിലുണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കാൻ വിശപ്പോടെ കാത്തിരിക്കുന്ന കുറേ ആളുകളുണ്ട്. ഭക്ഷണം ഏൽപ്പിച്ച്, തിരികെ പാത്രവുമെടുത്ത് അതേവീട്ടിൽ തിരിച്ചേൽപ്പിക്കുന്നതോടെ പ്രഭുവിന്റെ ജോലി പൂർത്തിയാവുന്നു.

ഇന്നു വരെ, 43 വർഷമായി ഉപേന്ദ്രനാഥ പ്രഭു ഇതു തുടരുന്നു; 63–ാം വയസിലും. എന്നുവരെ തുടരുമെന്നു നിശ്ചയമില്ല, കഴിയുന്നിടത്തോളം കാലം ഇതു മുന്നോട്ടുപോകണമെന്നു കൊച്ചിയിലെ ഏക ഡബ്ബാവാലാ പറയുന്നു. വില്ലിങ്ഡൻ ഐലൻഡിലെ വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് അവരവരുടെ വീടുകളിൽനിന്ന് ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഇയാളുടേത്. വീട്ടിൽ തയാറാക്കുന്ന ഭക്ഷണം കിലോമീറ്ററുകൾ അപ്പുറത്തുള്ള അവരവരുടെ ജോലിസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുന്ന ഡബ്ബാവാലകൾ മുംബൈയുടെ ജീവിതത്തിൽ ഒഴിവാക്കാനാവാത്തവരാണെങ്കിലും കൊച്ചിയിൽ അത്തരത്തിൽ ഒരാളേ ഇന്നുള്ളു. വില്ലിങ്ഡൻ ഐലൻഡിന്റെ പ്രതാപകാലത്തു തുടങ്ങിയ ജോലി ഇന്നു ലാഭമൊന്നുമല്ലെങ്കിലും അനുഷ്ഠാനം പോലെ പ്രഭു അതു മുടക്കമില്ലാതെ തുടരുന്നു. നിർത്തിക്കൂടേ എന്നു മക്കൾ ചോദിക്കുമ്പോൾ അദ്ദേഹം ചോദിക്കും: ‘നിങ്ങളെ വളർത്തി വലുതാക്കിയത് ഇൗ തൊഴിലു കൊണ്ടല്ലേ?’. അതു ശരിയാണ്, ഉപേന്ദ്രനാഥ പ്രഭുവിന്റെ മൂന്നുമക്കളും വളർന്നത് ഇൗ വിയർപ്പിന്റെ ഉപ്പു രുചിച്ചാണ്. 

ജീവിക്കാൻ ഒരു തൊഴിലന്വേഷിച്ചു കണ്ടെത്തിയതാണ് ഉപേന്ദ്രനാഥ പ്രഭു ഇൗ ജോലി, 1975 ൽ. അന്നു ഐലൻഡിൽ വിമാനത്താവളമുണ്ട്, പോർട്ടിന്റെ രാജീവ്ഗാന്ധി െടർമിനലുണ്ട്, ഒട്ടേറെ കമ്പനികളുടെ ഓഫിസുകളുണ്ട്, നിറയെ ആളുണ്ട്. ഇതേ തൊഴിൽ ചെയ്യുന്ന 15 പേരുണ്ടായിരുന്നു അന്ന്. ഇന്ന് അങ്ങനെയല്ല, വിമാനത്താവളം പോയി, തുറമുഖത്തിന്റെ പ്രവർത്തനം വല്ലാർപാടത്തേക്കു മാറി, ഓഫിസുകളുടെ എണ്ണം കുറഞ്ഞു. ഇന്ന് 20 പേർക്കു പ്രഭു പതിവായി ഭക്ഷണം എത്തിക്കുന്നു. തുടക്കകാലത്ത് ഇത് 60 വരെയെത്തിയിട്ടുണ്ട്. രാവിലെ 10 ന് ഇദ്ദേഹം ജോലി തുടങ്ങും. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ  വീടുകളിൽ നിന്നു ശേഖരിക്കുന്ന ടിഫിൻ ബോക്സുകൾ ഉച്ചയ്ക്കു 12 മുതൽ ഓഫിസുകളിലെത്തിക്കും. ഉച്ചയ്ക്കു രണ്ടിന് ടിഫിൻബോക്സുകൾ തിരിച്ചു ശേഖരിച്ചു 4 മണിയോടെ അതാതു വീടുകളിലെത്തിക്കും. തിരക്കുള്ള കാലത്ത് കുറച്ചുകൂടി നേരത്തേ ജോലി തുടങ്ങുമായിരുന്നു. ഇപ്പോഴതു വേണ്ട. ഇന്നേവരെ ഒരിക്കൽപോലും ബോക്സുകൾ മാറിപ്പോയിട്ടില്ല, പ്രഭു വരാത്തതുകൊണ്ട് ആരുടെയും ഉച്ചഭക്ഷണം മുടങ്ങിയിട്ടുമില്ല. ദിനേന ഐലൻഡിലേക്ക് ഉച്ചഭക്ഷണവുമായി സൈക്കിൾ ചവിട്ടുമ്പോൾ അതിലൊരു ബോക്സ് പ്രഭുവിന്റേതാവും. വീട്ടിൽ തയാറാക്കുന്ന ഭക്ഷണം. ഐലൻഡിലേക്കു പോകാൻ ആദ്യം ശേഖരിക്കുന്ന ടിഫിൻ ബോക്സും ഏറ്റവും അവസാനം തിരിച്ചേൽപ്പിക്കുന്ന ടിഫിൻബോക്സും അതുതന്നെ. ഇൗ ശീലത്തിനുമില്ല ഇതുവരെ മാറ്റം. 

ജോലി തുടങ്ങുമ്പോൾ പ്രതിമാസം ഒരാൾക്കു 10 രൂപയായിരുന്നു ഫീസ്. ഇന്നത് 500 രൂപയാണ്. ഭക്ഷണം എത്തിക്കുന്നതിൽ ഒരു മുടക്കവും വരുത്താത്തതുപോലെ അതിന്റെ കൂലി കൊടുക്കുന്നതിലും ആരും മുടക്കം വരുത്താറില്ലെന്ന് ഇദ്ദേഹം പറയുന്നു. ഓണത്തിന് എല്ലാവരും ഒരു മാസത്തെ പണം അധികം കൊടുക്കും.