പേർഷ്യയിൽ നിന്നും യാത്ര ചെയ്തെത്തിയ കുക്കീസ്

ബിസ്കറ്റിനു സമാനമായ വിഭവമാണ് കുക്കീസ്. ബേക്ക് ചെയ്തെടുത്ത ചെറിയ പരന്ന മധുരമൂറുന്ന ‘കറുമുറ’ കുക്കീസ് ആരെയും ആകർഷിക്കുന്ന വിഭവമാണ്. ധാന്യപ്പൊടി, പഞ്ചസാര, എണ്ണ അഥവാ കൊഴുപ്പ് എന്നിവയാണ് പാകം ചെയ്യാൻ ആവശ്യമായ അടിസ്ഥാന വിഭവങ്ങൾ. ഉണക്കമുന്തിരി, ഓട്സ്, ചോക്‌ലേറ്റ് എന്നിവ ഇവയ്ക്ക് മധുരവും രുചിയും കൂട്ടും. സുഗന്ധവ്യഞ്ജനങ്ങൾ പീനട്ട് ബട്ടർ, നട്ട്സ്, ഉണക്കപ്പഴങ്ങൾ എന്നിവ ചേർത്തുള്ള വ്യത്യസ്ത കുക്കീസുകളും വിപണിയിലുണ്ട്. കേക്കിലും ബ്രഡ്ഡിലും ജലാംശം ഏറെയുണ്ടെങ്കിൽ വിവിധതരം എണ്ണകളാണ് കുക്കീസ് നിർമിക്കാൻ ഉപയോഗിക്കുക. ബട്ടർ അടക്കമുള്ള വസ്തുതകൾ എണ്ണയ്ക്കുപകരമായി ഇവിടെ ഉപയോഗിക്കപ്പെടുന്നു. ഇതാണ് കുക്കീസിലെ വസ്തുക്കളെ ഒന്നായി നിർത്തുന്നതും അതിന്റെ മൊരിപ്പിന്റെ പ്രധാന അടിസ്ഥാനവും.

വാക്കു വന്ന വഴി

ലിറ്റിൽ കേക്ക് എന്നർഥം വരുന്ന Koekie എന്ന ഡച്ച് വാക്കിൽനിന്നാണ് കുക്കീ എന്ന പദം ഉണ്ടായത്. കുക്കീസ് എന്ന പദം ലോകത്തിന് സമ്മാനിച്ചത് ഡച്ചുകാരാണ്. ഇന്നത്തെ കുക്കീസിന് സമാനമായ ഒരു തരം വഫേഴ്സ് ബേക്കിങ്ങിന്റെ ആദ്യ കാലംതന്നെ പാചകപ്പുരകളിൽ പിറവിയെടുത്തിരുന്നു. എന്നാൽ അവയ്ക്ക് ഇന്നത്തെപ്പോലെ മധുരമൊന്നുമുണ്ടായിരുന്നില്ല. കേക്കോ മധുരമേറിയ ബ്രഡ്ഡോ കൂടുതൽ മൊരിച്ചെടുത്താവാം കുക്കീസുകൾ ആദ്യമായി പാകപ്പെടുത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.

എന്നാൽ കുക്കീസ് എന്ന വിഭവം ഭക്ഷ്യലോകത്ത് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് പ്രാചീന പേർഷ്യയ്ക്ക് അവകാശപ്പെട്ടതാണ്. ഏഴാം നൂറ്റാണ്ടിൽ പേർഷ്യയിലാണ് കുക്കീസിന്റെ ആദ്യ രൂപം ജന്മമെടുത്തത്. ഈ പ്രദേശങ്ങളിൽ പഞ്ചസാരയുടെ ഉപയോഗം ആരംഭിക്കുന്നതും ഏതാണ്ട് ഇതേ കാലത്താണ്. ഇൗ രുചി പിന്നീട് യൂറോപ്പിലേക്ക് പടർന്നു. 14–ാം നൂറ്റാണ്ടോടെ യൂറോപ്യൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കുക്കീസിന് വേരോട്ടമുണ്ടായതായി ചരിത്രരേഖകൾ പറയുന്നു. 17–ാം നൂറ്റാണ്ടോടെയാണ് കുക്കീസ് അമേരിക്ക കീഴടക്കുന്നത്.

മനുഷ്യന്റെ യാത്രകളാണ് കുക്കീസിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ നിമിത്തമായത്. കുക്കീസുകൾ ലോകം കീഴടക്കിയത് ഇങ്ങനെയാണെന്ന് ചരിത്രം പറയുന്നു.

കുക്കീസ് ദിനം

കുക്കീസിനായി ഒരു ദിനം എന്ന ആശയം സീസേം സ്ട്രീറ്റിന്റേതാണ്. 1976ൽ അവർ അതിനെ കലണ്ടറിലാക്കി. നവംബർ 26നാണ് അവർ കുക്കീസ് ദിനമായി തിരഞ്ഞെടുത്തത്. 1987ൽ ബ്ലൂ ചിപ് കുക്കീസ് കമ്പനിയുടെ മാറ്റ് നേഡർ ഡിസംബർ 4 കുക്കീസ് ദിനമായി പ്രഖ്യാപിച്ചു

ബിസ്കറ്റല്ല കുക്കീസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുക്കീസ് ഇപ്പോഴും ബിസ്കറ്റ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്ക, കാനഡ എന്നിവ ഒഴിച്ചുള്ള ഇംഗ്ല‌ിഷ് മുഖ്യഭാഷയായ രാജ്യങ്ങളിലെല്ലാം ഇവ രണ്ടും ഒരേ പേരിലാണ് അറിയപ്പെടുന്നത്. ഇതു ശരിയല്ല, രണ്ടും രണ്ടാണ്.

കുക്കീസ് വിവിധ തരം

പാകപ്പെടുത്തിയെടുക്കുന്നതനുസരിച്ച് കുക്കീസിനെ പലതായി തരംതിരിക്കാം.– ബാർ കുക്കീസ്, ഡ്രോപ് കുക്കീസ്, ഫിൽഡ് കുക്കീസ്, മോൾഡഡ് കുക്കീസ്, പ്രസഡ് കുക്കീസ്, ഐസ് ബോക്സ് കുക്കീസ്, സാൻവിച്ച് കുക്കീസ്, റോൾഡ് കുക്കീസ്. രുചി അടിസ്ഥാനമാക്കി ഏതാണ്ട് നൂറിലേറെ തരമുണ്ട് കുക്കീസ്.