ഇഷ്ടം കൂടാനൊരു ഇഡ്ഡലിക്കട

പടിഞ്ഞാറെക്കോട്ടയിലെ ഇഡ്ഡലു കട

ആവി പറക്കുന്ന ഇഡ്‌ഡലിപാത്രം തുറക്കുമ്പോഴൊരു ഗന്ധമുണ്ട്. പാത്രത്തിലേക്കു വിളമ്പിയ ഇഡ്‌ഡലി ചട്ണിയിൽ മുക്കി നാവിൻ തുമ്പിലേക്ക് അടുപ്പിക്കുമ്പോൾ അതിലും ഹൃദ്യമായ ഗന്ധം. മഞ്ഞിനോടും പഞ്ഞിക്കെട്ടിനോടുമെല്ലാം ഉപമിക്കുന്ന ഇഡ്‌ഡലി ഇന്ന് ഇന്ത്യയിലും വിദേശത്തും താരമാണ്. ആ താരവളർച്ചയിൽ ഇന്നു നമ്മെ മോഹിപ്പിക്കുന്നത് ഇ‍ഡ്‌ഡലിയുടെ വൈവിധ്യത്തിലാണ്. തൈര് ഇഡ്‌ഡലി, സാമ്പാർ ഇഡ്‌ഡലി, പൊടി ഇഡ്‌ഡലി തുടങ്ങി തമിഴ് നടി ഖുശ്ബുവിന്റെ കവിളുകളെ ഓർമിപ്പിക്കുന്ന ഖുശ്ബു ഇഡ്‌ഡലി വരെ ഈ ലിസ്റ്റ് നീളും. 

ഇഡ്‌ഡലിയുടെ എല്ലാതരം വകഭേദങ്ങളും ഇല്ലെങ്കിലും സാമ്പാർ ഇഡ്‌ഡലിയും ബട്ടൻ ഇഡ്‌ഡലിയുമെല്ലാം കിട്ടുന്നൊരു ഇഡ്‌ഡലിക്കട നമ്മുടെ തൃശൂരിലുമുണ്ട്. പടിഞ്ഞാറെക്കോട്ടയിലെ ശ്രീ വല്ലഭ ഇഡ്‌ഡലി ഷോപ്പ്. കടയുടെ പേരിൽത്തന്നെ ഇഡ്‌ഡലിയുള്ള നഗരത്തിലെ ആദ്യത്തെ കട. 

പടിഞ്ഞാറെക്കോട്ടയിൽനിന്നു കലക്ടറേറ്റിലേക്കുള്ള റോഡിലേക്കു കടക്കുമ്പോൾ തന്നെ ഇടതുഭാഗത്തുള്ള ചെറിയ കടയാണിത്. സ്വർണക്കച്ചവടവുമായി ബന്ധപ്പെട്ടു സ്ഥിരമായി ചെന്നൈയിൽ പോയിരുന്ന പെരിഞ്ചേരി സ്വദേശി ജയവിനോജ് എന്ന ചെറുപ്പക്കാരനു തോന്നിയ മോഹമാണ് ഇന്നു തൃശൂർക്കാരുടെ മനസ്സും വയറും നിറയ്ക്കുന്നത്. ചെന്നൈ യാത്രയ്ക്കിടയിൽ ഇ‍ഡ്‌ഡലിയെ സ്നേഹിച്ച ജയവിനോജ് സ്വന്തമായി ഇഡ്‌ഡലി കട തുടങ്ങാൻ ആലോചിച്ചു. അതും ഭാര്യ ശരണ്യ പിന്നിലുണ്ടാകുമെന്ന അടിയുറച്ച വിശ്വാസത്തിന്റെ മേൽ. 

രണ്ടു വർഷത്തോളമാണ് ഇതിനായി ഒരുങ്ങിയത്. ചെന്നൈയിലെ ഒരു പാചകക്കാരൻ വന്നു കുറച്ചു ദിവസം എല്ലാം പറഞ്ഞു കൊടുത്തു. അങ്ങനെയാണ് ഇഡ്‌ഡലിക്കട തുറന്നത്. വീട്ടിൽ ആട്ടിയ മാവു കൊണ്ടുവന്നാണു കടയിൽ ഇഡ്‌ഡലി ഉണ്ടാക്കുന്നത്. ദോശയും പുട്ടും കടലയുമെല്ലാം ഇവിടെ കിട്ടും. ചട്ണി, പൊടി, സാമ്പാർ എന്നിവയുടെ കൂടെയാണ് ഇഡ്ഡലി വിളമ്പുന്നത്. 9 മുതൽ രാത്രി 11 വരെ ഇഡ്ഡലി കിട്ടും. ഉച്ചയ്ക്കു തൈര് സാദം, ലെമൺ റൈസ് തുടങ്ങിയവയും. രാത്രി 11 മണി വരെയും ഇഡ്ഡലി കിട്ടുന്ന നഗരത്തിലെ അപൂർവം കടകളിലൊന്നാണിത്. പലയിടത്തും ചെയ്യുന്നതുപോലെ ബേക്കിങ് സോഡ അടക്കമുള്ള ചേരുവകൾ ഈ ഇഡ്ഡലിയിൽ പ്രതീക്ഷിക്കുകയേ വേണ്ട. 

ഇഡ്ഡലിക്കു മാത്രമായുള്ള അരി, മികച്ച ഉഴുന്ന് തുടങ്ങിയവയാണ് ഇഡ്ഡലിയുടെ രുചി നിശ്ചയിക്കുന്നത്. അതിലൊരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്നു ജയവിനോജും ശരണ്യയും പറയുന്നു. ചെറിയ സ്ഥലമെങ്കിലും തുടച്ചു വൃത്തിയാക്കിയ മേശകളും കസേരകളുമുണ്ട്. ഒരു വീട്ടമ്മയുടെ വിരൽത്തുമ്പുകൊണ്ടു പാകം നോക്കിയ മാവാണ് ഇവിടെ ഇഡ്ഡലിയായി പരിണമിക്കുന്നത്. അതിനാൽ വീട്ടിലെ രുചി തന്നെ ഇവിടെ താരം. 

ഇഡ്ഡലി പുരാണം 

ഇഡ്ഡലി ഇന്ത്യയിലെത്തിയതു 1500 വർഷമെങ്കിലും മുൻപാണ്. ഒൻപതാം നൂറ്റാണ്ടിലെ കന്നഡ കവിയായ ശിവകോട്ടി ആചാര്യ ഇഡ്ഡലി ഉണ്ടാക്കുന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇപ്പോൾ കാണുന്ന ഇഡ്ഡലി 1000 വർഷം മുൻപ് ഇന്തൊനീഷ്യയിൽനിന്നു വന്നതാകുമെന്നാണു കരുതുന്നത്. ഇന്തൊനീഷ്യയിൽ ഈ വിഭവത്തെ കിഡ്ഡി എന്നു വിളിക്കുന്നുണ്ട്. അതുതന്നെയായിരിക്കണം പുത്തൻ ഇഡ്ഡലിയുടെ പൂർവികൻ. പതിനേഴാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ഇദ്രി എന്ന വിഭവവും ഇഡ്ഡലിയുടെ സഹോദരനാണ്. ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറി ശൂന്യാകാശ യാത്രയ്ക്കു വേണ്ടി ഗവേഷണം നടത്തി കണ്ടെത്തിയ വിഭവങ്ങളിലൊന്ന് ഇഡ്ഡലിയും സാമ്പാറും പൊടിയുമാണ്. പക്ഷേ എല്ലാം പൊടി രൂപത്തിലാണെന്നു മാത്രം.