സഞ്ജു, കരുൺ, ബേസിൽ, ശ്രേയസ് അയ്യർ; ഇന്ത്യൻ ടീമിൽ മലയാളിപ്പെരുമ

ന്യൂഡൽഹി ∙ കരുൺ നായർ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ബേസിൽ തമ്പി... ഇന്ത്യൻ യുവക്രിക്കറ്റിനെ നയിക്കാൻ മലയാളിപ്പെരുമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിൽ നാലു മലയാളികൾ ഇടം പിടിച്ചത് ഒട്ടും യാദൃച്ഛികമല്ല. സീനിയർ ടീമംഗം കരുൺ നായർ ക്യാപ്റ്റനാവുമ്പോൾ ബാറ്റിങ് മുന്നണിയില്‍ സഞ്ജു സാംസണും ശ്രേയസ് അയ്യരും. ഐപിഎല്ലിലെയും വിജയ് ഹസാരെ ട്രോഫിയിലെയും തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ബേസിൽ തമ്പി ബോളിങ് നിരയിലും ശക്തമായ സാന്നിധ്യമാകും.

ദക്ഷിണാഫ്രിക്ക ‘എ’, ഓസ്ട്രേലിയ ‘എ’ എന്നിവർക്കെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിലാണു നാലു മലയാളികളും ഒരുമിച്ചിറങ്ങാനൊരുങ്ങുന്നത്. മനീഷ് പാണ്ഡെയാണു ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ നയിക്കുക. പിന്നാലെ നടക്കുന്ന, ദക്ഷിണാഫ്രിക്ക ‘എ’യ്ക്ക് എതിരെയുള്ള രണ്ടു ചതുർദിന മൽസരങ്ങളിൽ കരുൺ നായർ ഇന്ത്യയെ നയിക്കും. ഈ ടീമിലും ശ്രേയസ് അയ്യരുണ്ട്.

കേരളത്തിൽ ബന്ധങ്ങളുള്ള ശ്രേയസ് അയ്യർ ഇന്ത്യ എ ടീമിനുവേണ്ടി ഓസ്ട്രേലിയയ്ക്ക് എതിരെ നേടിയ ഇരട്ടസെഞ്ചുറിയോടെ നേരത്തെ ശ്രദ്ധിക്കപ്പെട്ട താരമാണ്. കഴിഞ്ഞ സീസൺ രഞ്ജിയിൽ മുംബൈയ്ക്കുവേണ്ടി നടത്തിയ തകർപ്പൻ ബാറ്റിങ് ഇരുപത്തിരണ്ടുകാരൻ അയ്യരെ വീണ്ടും എ ടീമിലേക്കു വിളിപ്പിച്ചു. ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി കാത്തിരിക്കുമ്പോഴാണ്, ചെങ്ങന്നൂരുകാരനായ കരുൺ നായർക്കൊപ്പം ശ്രേയസ് അയ്യരും എ  ടീമിലേക്കു വീണ്ടുമെത്തുന്നത്. ‘എ’ ടീം അംഗമായതോടെ ജൂലൈ 26ന് ആരംഭിക്കുന്ന ഇന്ത്യൻ സീനിയർ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനു കരുൺ  ഉണ്ടാവില്ലെന്നുമുറപ്പായി.

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ലയൺസ് ജഴ്സിയിൽ നടത്തിയ പ്രകടനം പെരുമ്പാവൂർ സ്വദേശിയായ ബേസിൽ തമ്പിക്കു തുണയായപ്പോൾ, തിരുവനന്തപുരംകാരൻ സഞ്ജു സാംസൺ ഈ വിളി പ്രതീക്ഷിച്ചതാണ്.