പരിശീലകനാകാൻ ഇതുവരെ അപേക്ഷിച്ചത് എട്ടുപേർ; സെവാഗും പ്രസാദും ശാസ്ത്രിയും പട്ടികയിൽ

ഗ്ലാമർ ഏറെയുള്ള പദവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിന്റേത്. പരിശീലന നിയോഗത്തിൽനിന്ന് അനിൽ കുംബ്ലെ ഒഴിഞ്ഞതോടെ പുതിയ കോച്ചിനായുള്ള തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിക്ക് (ബിസിസിഐ) ഇതുവരെ അപേക്ഷ നൽകിയത് എട്ടുപേർ. അതിൽ അ‍ഞ്ചുപേരും ഇന്ത്യക്കാർ. ഈ ഒൻപതുവരെ അപേക്ഷ നൽകാനുള്ള സമയമുണ്ട്.

സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരുടെ വിദഗ്ധ സമിതി അപേക്ഷകരുമായി അഭിമുഖം നടത്തുന്നതു പത്തിന്. അന്നുതന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണു സൂചന. ഇതുവരെ രംഗത്തുള്ളവർ ഇവരാണ്. 

ടോം മൂഡി (51)

മുൻ ഓസ്ട്രേലിയൻ താരം. എട്ടു ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ചു. രണ്ട് ടെസ്റ്റ് സെ‍ഞ്ചുറികൾ. മൂന്ന് ഏകദിന ലോകകപ്പുകളിൽ കളിച്ചു. രണ്ടെണ്ണത്തിൽ ടീം ഫൈനലിലെത്തി. ശ്രീലങ്കൻ ടീമിന്റെ പരിശീലകനായിരുന്നു. 2007 ലോകകപ്പിന്റെ ഫൈനലിൽ ലങ്കൻ ടീമിനെ എത്തിച്ചശേഷം വിരമിച്ചു. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ പരിശീലകനാണ്. 

ലാൽചന്ദ് രജ്പുത്ത് (55)

രണ്ടു ടെസ്റ്റുകളിലും നാല് ഏകദിനത്തിലും ഇന്ത്യയ്ക്കായി കളിച്ചു. 2016 മുതൽ അഫ്ഗാനിസ്ഥാൻ ദേശീയ ടീമിന്റെ പരിശീലകൻ. മുംബൈ സ്വദേശി. രണ്ട് ടെസ്റ്റുകളിൽനിന്ന് 105 റൺസും നാല് ഏകദിനത്തിൽനിന്ന് ഒൻപതു റൺസുമാണ് സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റിൽ ബോംബെ (മുംബൈ) ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായി ശോഭിച്ചെങ്കിലും ആ മികവു രാജ്യാന്തരക്രിക്കറ്റിലേക്ക് എത്തിക്കാനായില്ല. 

രവി ശാസ്ത്രി (55)

ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടർ. 1981 മുതൽ 92 വരെ കളിക്കളത്തിലുണ്ടായിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാനായും മധ്യനിരയിലുമൊക്കെ തിളങ്ങിയ ശാസ്ത്രി 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും കളിച്ചു. ബോളറായി തുടങ്ങിയ ശാസ്ത്രി പിന്നീട് ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഉയർന്നു. ടെസ്റ്റിൽ 3830 റൺസും 151 വിക്കറ്റും. ഏകദിനത്തിലാകട്ടെ 3108 റൺസും 129 വിക്കറ്റും. 

റിച്ചാർഡ് പൈബസ് (53)

ഇംഗ്ലണ്ടിൽ ജനനം. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. 1999 ലോകകപ്പിൽ പാക്കിസ്ഥാനെ ഫൈനലിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടറാണിപ്പോൾ. ദക്ഷിണാഫ്രിക്കയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് രംഗത്തും പരിശീലകനായി മികവു കാട്ടി. പരുക്കുമൂലം നേരത്തേ കളിക്കളം വിട്ട ഈ ഫാസ്റ്റ് ബോളർ ചെറുപ്രായത്തിലേ പരിശീലനരംഗത്തെത്തി.

വീരേന്ദർ സേവാഗ് (38)

ഇന്ത്യൻ ബാറ്റിങ്ങിലെ വെടിക്കെട്ടുവീരൻ. ക്യാപ്റ്റനുമായിരുന്നു. 104 ടെസ്റ്റുകളിൽനിന്ന് 8586 റൺസ്. 40 വിക്കറ്റും. 319 മികച്ച സ്കോർ. 251 ഏകദിനങ്ങളിൽനിന്ന് 8273 റൺസും 96 വിക്കറ്റും. ഏകദിനത്തിലെ ഇരട്ടസെഞ്ചുറിക്കുടമയാണ് (219). ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയും (319). വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം 2008, 2009 വർഷങ്ങളിൽ നേടി. ഇതു നിലനിർത്തുന്ന ഏകതാരമാണ് വീരു. 

വെങ്കടേഷ് പ്രസാദ് (47)

ഇന്ത്യയുടെ മികച്ച മീഡിയം പേസ് ബോളർമാരിലൊരാൾ. 33 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും കളിച്ചു. 96 ടെസ്റ്റ് വിക്കറ്റുകളും 196 ഏകദിന വിക്കറ്റുകളും സ്വന്തമാക്കി. ഏഴ് ടെസ്റ്റ് ഇന്നിങ്സുകളിൽ അഞ്ചു വിക്കറ്റ് നേട്ടം. ഒരു ടെസ്റ്റിൽ പത്തും. ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചാല‍ഞ്ചേഴ്സിന്റെ ബോളിങ് കോച്ചാണിപ്പോൾ. ജവഗൽ ശ്രീനാഥുമൊത്തുള്ള ബോളിങ് കൂട്ടുകെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 

ഫിൽ സിമ്മൺസ് (54)

വെസ്റ്റ് ഇൻഡീസ് ടീമിന്റെ മുൻ ഓൾറൗണ്ടർ. പിന്നീട് ടീമിന്റെ പരിശീലകനുമായി. ഓപ്പണിങ് ബാറ്റ്സ്മാനായും മീഡിയം പേസ് ബോളറായും തിളങ്ങി. 26 ടെസ്റ്റുകളിൽനിന്ന് 1002 റൺസും നാലു വിക്കറ്റും. 143 ഏകദിനങ്ങളിൽനിന്ന് 3675 റൺസും 83 വിക്കറ്റും. ഒരു ടെസ്റ്റ് സെഞ്ചുറിയും അഞ്ച് ഏകദിന സെഞ്ചുറികളും. 1997ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 

ദൊഡ്ഡ ഗണേഷ് (44)

കർണാടക സ്വദേശി. നാലു ടെസ്റ്റുകളിലും ഒരു ഏകദിനത്തിലും ടീം ഇന്ത്യയ്ക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ പരിമിത മൽസരങ്ങളിലൊതുങ്ങി. നാലു ടെസ്റ്റുകളിൽനിന്ന് അഞ്ചു വിക്കറ്റ്. ഒരു ഏകദിനത്തിൽ ഒരു വിക്കറ്റും. ബാറ്റ്സ്മാനായാണു കളി തുടങ്ങിയതെങ്കിലും പിന്നീട് ബോളറായി.