എ ടീമിലൂടെ ടീം ഇന്ത്യയിൽ തിരിച്ചെത്താൻ കരുൺ നായർ

ന്യൂഡൽഹി ∙ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനത്തിലൂടെ ടീം ഇന്ത്യയിലെ സ്ഥാനം തിരിച്ചുപിടിക്കാൻ കരുൺ നായർ. ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 303 റൺസടിച്ചതിനു ശേഷം വെറും നാല് ഇന്നിങ്സ് മാത്രമാണു കരുൺ നായർ ടീമിൽ കളിച്ചത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കരുണിന്റെ സ്ഥാനത്തു രോഹിത് ശർമയെത്തി.

‘സിലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനം ഞാൻ അംഗീകരിച്ചേ പറ്റൂ. ഇപ്പോൾ എന്റെ ശ്രദ്ധമുഴുവൻ ഇന്ത്യ എ ടീമിനൊപ്പമുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. ഞാൻ ഇതുവരെ അന്നാട്ടിൽ പോയിട്ടില്ല. മികച്ചപ്രകടനം നടത്താൻ തന്നെയാണു തയാറെടുക്കുന്നത്.’– കരുൺ പറഞ്ഞു. ലഭിച്ച അവസരങ്ങൾ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നു കരുൺ പറയുന്നു. ആറു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്സുകളിലായി 374 റൺസാണു കരുണിന്റെ സംഭാവന.

‘പിന്തിരിഞ്ഞു നോക്കുമ്പോൾ, നല്ല രണ്ടു തുടക്കങ്ങൾ മികച്ച സ്കോറാക്കി മാറ്റാനുള്ള അവസരമുണ്ടായിരുവെന്നു തോന്നുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നായേനെ. ബാറ്റ്സ്മാന്റെ കാര്യം ഇങ്ങനെയാണ്. ചിലപ്പോൾ അവസരങ്ങൾ മുതലെടുക്കാനായെന്നു വരില്ല. അതിനെക്കുറിച്ച് ഇനി പറയുന്നതിൽ കാര്യമില്ല. കൂടുതൽ മികവിനു വേണ്ടിയുള്ള ശ്രമമാണു വേണ്ടത്.’– കരുൺ പറഞ്ഞു.