ശാസ്ത്രിയുമായി നല്ല ബന്ധം; കുതിപ്പു തുടരും: കോഹ്‍ലി

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ രവി ശാസ്ത്രിയുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. പരസ്പരം നല്ല ധാരണയിലായതുകൊണ്ട് സമ്മർദമൊന്നുമില്ലെന്നും കാര്യങ്ങൾ സുഗമമായി കൊണ്ടുപോകാനാവുമെന്നു പ്രതീക്ഷിക്കുന്നതായും ശ്രീലങ്കൻ പര്യടനത്തിനു പുറപ്പെടുംമുൻപുള്ള മാധ്യമ സമ്മേളനത്തിൽ കോഹ്‍ലി പറഞ്ഞു. 2014–16 കാലയളവിൽ ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഡയറക്ടറായിരുന്നു. അന്ന് ഒരുമിച്ചുപ്രവർത്തിച്ച അനുഭവം കരുത്താകുമെന്നും കോഹ്‍ലി പറഞ്ഞു.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനമൊഴിഞ്ഞത്. കോഹ്‍ലിയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്കു കാരണമായത്. വീരേന്ദ്ര സേവാഗ് ഉൾപ്പെടെയുള്ള പ്രമുഖരെ മറികടന്നാണ് ശാസ്ത്രി പരിശീലകനാകുന്നത്. ക്യാപ്റ്റനെന്ന നിലയിൽ എല്ലാ വിമർശനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കോഹ്‍ലി പറഞ്ഞു.

കഴിഞ്ഞതെല്ലാം കഴിഞ്ഞു. ടീമെന്ന നിലയിൽ ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് നേടാനുള്ള ശ്രമങ്ങളാണ് പ്രധാനമെന്നും കോഹ്‍ലി പറഞ്ഞു. ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ ശ്രീലങ്കൻ പര്യടനം നാഴികക്കല്ലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിനു തുടക്കം അന്നു നമ്മൾ ഒരു ടെസ്റ്റ് പരാജയപ്പെട്ടശേഷം അടുത്ത രണ്ടു ടെസ്റ്റും ജയിച്ചു പരമ്പര നേടിയതായിരുന്നു.