Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാൻ ഏറെ പക്വതയുള്ളവനായി: ശാസ്ത്രി

Shastri-Kohli രവി ശാസ്ത്രിയും കോഹ്‌ലിയും മുംബൈയിൽ പത്രസമ്മേളനത്തിൽ.

മുംബൈ ∙ ‘‘കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാൻ ഏറെ പക്വതയുള്ളവനായി’’ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഏറെ നാടകീയമായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ശ്രീലങ്ക പര്യടനത്തിൽനിന്നു ഞാൻ ഏറെ അനുഭവക്കരുത്തു നേടിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങൾ അതിലെല്ലാമുപരിയായിരുന്നു – ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടശേഷം നടത്തിയ ആദ്യ മാധ്യമ സമ്മേളനത്തിൽ ടീമിന്റെ മുൻ ഡയറക്ടറായിരുന്ന ശാസ്ത്രി പറഞ്ഞു.

മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും ഉൾപ്പെടുന്ന ശ്രീലങ്ക പര്യടനം മികച്ച മത്സരസാധ്യതയുള്ളതാണെന്നു ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ തവണ നമ്മൾ അവിടെ ആദ്യ ടെസ്റ്റ് തോറ്റശേഷം ഗംഭീര തിരിച്ചുവരവിലൂടെ പരമ്പര 2–1നു നേടിയതു ശാസ്ത്രി അനുസ്മരിച്ചു.

കഴിഞ്ഞ മൂന്നുവർഷമായി ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നേട്ടം എല്ലാവർക്കും അവകാശപ്പെട്ടതാണ്. രവി ശാസ്ത്രിമാരും അനിൽ കുംബ്ലെമാരും വന്നു പോകും. ഇന്ത്യ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാംസ്ഥാനത്താണ്. എല്ലാ കളിക്കാരുടെയും മികവും അർപ്പണവുമാണ് ഇതു സാധ്യമാക്കിയത്. ഈ മികവും വിജയക്കുതിപ്പും തുടരും – ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിയുടെ താൽപര്യപ്രകാരം പരിശീലകടീമിലെത്തിയ ഭരത് അരുണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ശാസ്ത്രിക്കു നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. പതിനഞ്ചു വർഷമായി ഇന്ത്യൻ ടീമിന്റെ – എ ടീം, അണ്ടർ 19, ജൂനിയർ ലോകകപ്പ് ഉൾപ്പെടെ – പരിശീലകസംഘത്തിൽ അരുണുണ്ട്. ടീമിലെ അംഗങ്ങളെ എനിക്കറിയാവുന്നതിലേറെ അരുണിനറിയാം. 2015 ലോകകപ്പിൽ ഇന്ത്യയുടെ ബോളർമാർ എതിരാളികളുടെ 80 വിക്കറ്റിൽ 77ഉം വീഴ്ത്തിയത് അരുണിന്റെ പരിശീലനത്തിലായിരുന്നു. ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാണ് അരുൺ – ശാസ്ത്രി പറഞ്ഞു.

ക്യാപ്ടനും പരിശീലകസംഘവുമായി നല്ല ആശയവിനിമയവും ബന്ധവും ടീമിന്റെ മികവിന് ആവശ്യമാണെന്നും ശാസ്ത്രി പറഞ്ഞു. കളിക്കാരനും മുൻ ക്യാപ്ടനുമെന്ന നിലയിൽ ഇക്കാര്യത്തെക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയുണ്ട്.

കളിക്കുമ്പോൾ കളിക്കാരന്റെ മനസ്സ് ശാന്തമായിരിക്കണം. പരിശീലകസംഘവുമായുള്ള ആശയവിനിമയം  ഇതിനു സഹായിക്കും. എല്ലാ കളിക്കാരെയും ഇത്തരം മാനസികാവസ്ഥയിലെത്തിച്ച് ആത്മവിശ്വാസം വർധിപ്പിച്ചു ക്യാപ്ടനെ സഹായിക്കാൻ നല്ല പരിശീലകസംഘത്തിനാവും – പരിശീലകസംഘം തിരഞ്ഞെടുപ്പു സംബന്ധിച്ച വിവാദം പരാമർശിച്ചു ശാസ്ത്രി പറഞ്ഞു. 

related stories