ധോണിയോ കോഹ്‍ലിയോ മികച്ച ക്യാപ്റ്റൻ?; രവി ശാസ്ത്രിക്കു പറയാനുള്ളത്...

മുംബൈ ∙ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിത്തന്ന ഏക ക്യാപ്റ്റൻ. ധോണിക്കുശേഷം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‍ലിയും, മുൻഗാമിക്കിണങ്ങുന്ന പിൻഗാമിയാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞു. ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ടീം വിജയം തുടർക്കഥയാക്കിയത് കോഹ്‍ലിക്കു കീഴിലാണ്.

ഇനി, ഏറെ വിലപിടിപ്പുള്ള ആ ചോദ്യം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാര്? മഹേന്ദ്രസിങ് ധോണിയോ, വിരാട് കോ‍ഹ്‍ലിയോ? നിലവിൽ ഇന്ത്യൻ ടീം പരിശീലകനും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളുമായ രവി ശാസ്ത്രിക്ക് ഇതേക്കുറിച്ച് പറയാനുള്ളത് ഇതാണ്;

ക്യാപ്റ്റനെന്ന നിലയിൽ അനുദിനം വളരുകയാണ് വിരാട് കോഹ്‍ലി. ഇങ്ങനെ പോയാൽ ധോണിക്കൊപ്പമെത്താൻ കോഹ്‍ലിക്കു കഴിയും. കളിക്കാരൻ, കമന്റേറ്റർ, പരിശീലകൻ എന്നീ നിലകളിലായി കഴിഞ്ഞ 35 വർഷമായി ക്രിക്കറ്റ് രംഗത്ത് ഉള്ളയാളാണ് ഞാൻ. സച്ചിൻ തെൻഡുക്കറിനെ മാറ്റിനിർത്തിയാൽ, കോഹ്‍ലിയെപ്പോലെ റെക്കോർഡുകൾ തകർക്കുന്നത് തുടർക്കഥയാക്കിയ ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. മഹാൻമാരായ പല താരങ്ങളും കളിച്ചതിന്റെ പകുതി മൽസരങ്ങൾക്കകം തന്നെ അവർക്കൊപ്പമെത്താൻ കോഹ്‍ലിക്കു സാധിച്ചിട്ടുണ്ട്. ഇങ്ങനെ പോയാൽ കോഹ്‍ലി എവിടെയെത്തും എന്ന കാര്യത്തിൽ എനിക്ക് ആകാംക്ഷയുണ്ട് – ശാസ്ത്രി പറഞ്ഞു.

ധോണിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ശാസ്ത്രി പറഞ്ഞതിങ്ങനെ: രണ്ടു ലോകകിരീടങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ച താരമാണ് ധോണി. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും. മറ്റൊരു ട്വന്റി20 ലോകകപ്പിൽ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കാനും കോഹ്‍ലിക്കായി. മറ്റു രണ്ടു ട്വന്റി20 ലോകകപ്പുകളുടെയും ഒരു ഏകദിന ലോകകപ്പിന്റെയും സെമിയിലും ധോണിക്കു കീഴിൽ ഇന്ത്യ കളിച്ചു. പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിൽ ധോണി ഇന്ത്യയ്ക്ക് സമ്മാനിച്ച ചരിത്ര വിജയങ്ങളേക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ, ധോണിക്കു കീഴിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളും അദ്ദേഹത്തിന്റെ മഹത്വത്തിനു തെളിവാണ്. കോഹ്‍ലിയും വളർന്നു വരുന്നത് ഇതേ തലത്തിലേക്കാണ് – രവി ശാസ്ത്രി പറഞ്ഞു.