Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങിയെത്തുമോ ശ്രീശാന്ത്? എല്ലാം ഒത്തുവന്നാൽ ചിലപ്പോൾ...

sree-santh

കൊച്ചി∙ ക്രിക്കറ്റിൽ ഇനി ശ്രീശാന്തിന്റെ ഭാവി എന്താണ്? രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിവരാമെന്നുള്ള അപാരമായ ആത്മവിശ്വാസവും അതിനായി പോരാടാനുള്ള വീറും പതിവുപോലെ ശ്രീശാന്തിന് കരുത്തായുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ പിന്തുണയും പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, ബിസിസിഐ നിലപാട് നിർണായകവമാവും. നാലു വർഷമായി തുടരുന്ന വിലക്കു നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകുമോ എന്നതാണ് വലിയ ചോദ്യം. അങ്ങനെയെങ്കിൽ നിയമ പോരാട്ടം ഇനിയും നീളും. ശ്രീയുടെ മടങ്ങിവരവും നീളും.

ഐപിഎൽ ഒത്തുകളി കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡൽഹി പട്യാല ഹൗസ് കോടതിവിധിക്കെതിരായി ഡൽഹി പൊലീസ് നൽകിയ അപ്പീൽ ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിനൊപ്പം കേരള ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐയും അപ്പീൽ നൽകാൻ സാധ്യതയേറെയാണ്. വിധി ബിസിസിഐയ്ക്കുള്ള അടിയാണെന്നതുതന്നെ കാരണം.

ഈ കേസിൽ ബിസിസിഐ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് ശ്രീയുടെ പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്. അത് ശ്രീശാന്തിനെതിരായിരുന്നു. വിലക്ക് നീക്കാനോ സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ കളിക്കാൻ എൻഒസി നൽകാനോ തയാറല്ലെന്നാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതിയെ അറിയിച്ചത്.

വിലക്കു മൂലം ബിസിസിഐയ്ക്കു കീഴിൽ ഏറ്റവും താഴെത്തട്ടിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ അഫിലിയേഷൻ നേടിയ ക്രിക്കറ്റ് ക്ലബുകളിൽ പോലും കളിക്കാനാവാത്ത അവസ്ഥയാണു ശ്രീശാന്ത് നാലു വർഷമായി നേരിടുന്നത്. ക്രിക്കറ്റ് അസോസിയേഷനുകൾക്കു കീഴിലുള്ള മൈതാനമോ മറ്റു സൗകര്യങ്ങളോ പരിശീലനത്തിനായി പോലും ഉപയോഗിക്കാനും കഴിയുന്നില്ല. വിലക്ക് നീക്കിയത് ബിസിസിഐ അംഗീകരിച്ചാൽ അടഞ്ഞ ഈ വഴികൾ ശ്രീക്കു മുന്നിൽ തുറക്കും. വിലക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്നു ശ്രീശാന്തിനു കിട്ടാനുണ്ടായിരുന്ന പ്രതിഫലവും തടയപ്പെട്ടിരുന്നു. ഇതും കിട്ടും.

രാജ്യാന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും വലിയ മേൽവിലാസമായ ശ്രീശാന്തിനെ  സ്വീകരിക്കാൻ ക്ലബുകളും സംസ്ഥാന അസോസിയേഷനും തയാറാവും. പക്ഷേ, അതിനപ്പുറം ശ്രീ വലിയ സ്വപ്നമായി കരുതുന്ന രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അപ്പോഴും വെല്ലുവിളി നിറഞ്ഞതാവും.

ഇന്ത്യയിൽ നടന്ന 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലാണു ശ്രീശാന്ത് അവസാനമായി രാജ്യാന്തര തലത്തിൽ കളിച്ചത്. അതിനു ശേഷം ദേശീയ ടീമിൽ നിന്നു പുറത്തായിരുന്നു ശ്രീശാന്ത്. ഐപിഎല്ലിലായിരുന്നു ശ്രീ പിന്നീട് സാന്നിധ്യം അറിയിച്ചിരുന്നത്. ഒരു ഐപിഎൽ സീസണിനിടെയാണ് ശ്രീശാന്തിനെ ഡൽഹി പൊലീസ് വാതുവയ്പു കേസിൽ കുരുക്കി മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തതും.

ഇന്ത്യയുടെ വജ്രമെന്ന് ആധുനിക പേസർമാർക്കിടയിലെ തലതൊട്ടപ്പനായ സാക്ഷാൽ അലൻ ഡോണാൾഡ് വിശേഷിപ്പിച്ച ബോളറാണു ശ്രീശാന്ത്. ശ്രീയുടെ റിവേഴ്സ് സ്വിങ്ങുകളെയും ഔട്ട് സ്വിങ്ങറുകളെയും വാഴ്ത്തിയ പ്രമുഖരും ഏറെ.

ബിസിസിഐ കനിയുകയും കളിക്കളത്തിലിറങ്ങാനാവാതെ കരയ്ക്കിരുന്ന നാലു വർഷങ്ങൾ സ്വാഭാവികമായി നഷ്ടപ്പെടുത്തിയ മൂർച്ച വീണ്ടെടുക്കാൽ ശ്രീശാന്തിനാവുകയും ചെയ്താൽ അസാധ്യമെന്നു യുക്തിക്കു തോന്നുന്ന അദ്ഭുതങ്ങൾ ഇനിയും സംഭവിച്ചേക്കാം.

related stories