ഒത്തുകളിയുമായി ശ്രീശാന്തിനെ ബന്ധപ്പെടുത്താൻ തെളിവില്ലെന്ന് കോടതി; വിലക്ക് നീക്കി

അച്ഛനെ നീയും കുത്തല്ലേ മുത്തേ: െഹെക്കോടതിയുടെ അനുകൂല വിധിക്കുശേഷം കൊച്ചി അഞ്ചുമനയിലെ വീട്ടിലെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കയ്യിലിരുന്ന് കുസൃതികാട്ടുന്ന മകൾ ശ്രീസാൻവിക. ഭാര്യ ഭുവനേശ്വരികുമാരി സമീപം. ചിത്രം: ടോണി ഡൊമിനിക്.

 കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്നു ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി, വാതുവയ്പ് സംഭവങ്ങളിൽ ശ്രീശാന്തിനെ ബന്ധപ്പെടുത്താൻ തെളിവില്ലെന്നു വിലയിരുത്തിയാണു കോടതി നടപടി. വാതുവയ്പിനെക്കുറിച്ച് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രീശാന്ത് വീഴ്ച വരുത്തിയെങ്കിൽ, ഇതിനകം നാലു വർഷം വിലക്ക് അനുഭവിച്ചതിൽ കൂടുതലൊന്നും വേണ്ടെന്നു കോടതി പറ‍ഞ്ഞു. 

ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ച് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണു ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചത്.