സിനിമ, രാഷ്ട്രീയം..വിലക്കുകാലത്തും വെറുതെയിരിക്കാതെ ശ്രീശാന്ത്

കൊച്ചി∙ ഇനി കളിക്കേണ്ടെന്നു വിലക്കി പരിശീലന മൈതാനങ്ങളിൽനിന്നു പോലും ബിസിസിഐ ഭ്രഷ്ട് കൽപ്പിച്ചപ്പോൾ ശ്രീശാന്ത് അതിനെ നേരിട്ടതു ഇടപ്പള്ളി അഞ്ചുമനയിൽ വാങ്ങിയ വീടിന്റെ മൂന്നാം നിലയിൽ സ്വന്തമായി ക്രിക്കറ്റ് നെറ്റ്സ് ഒരുക്കിയായിരുന്നു. നേരത്തെ വാങ്ങിയ വീട് നവീകരിച്ചപ്പോൾ മൂന്നാം നില പൂർണമായും ഇൻഡോർ നെറ്റ്സാക്കി. തറയിൽ മാറ്റ് വിരിച്ചായിരുന്നു പിച്ചൊരുക്കിയത്. ചുറ്റും വലയും കെട്ടി. ഇവിടെ സ്ഥിരമായി പരിശീലനത്തിലായിരുന്നു ശ്രീശാന്ത്. ഫിറ്റ്നസ് നിലനിർത്താൻ വ്യായാമവും മുടക്കിയില്ല. 

കളിയോടുള്ള ഹരം ഇങ്ങനെ സ്വന്തം വഴിയൊരുക്കി കാത്തപ്പോഴും കളിക്കളം അന്യമായ നാലു വർഷക്കാലത്തെ അഗ്നിപരീക്ഷയെ ശ്രീശാന്ത് നേരിട്ടത് രാഷ്ട്രീയവും സിനിമയും ഉൾപ്പടെയും മറ്റു പല കളങ്ങങ്ങളിലിറങ്ങി കളിച്ചായിരുന്നു. 

ഇതിൽ രാഷ്ട്രീയ പ്രവേശനമായിരുന്നു ഏറെ അപ്രതീക്ഷിതം. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ വച്ച തിരുവനന്തപുരം മണ്ഡലത്തിലാണ് ശ്രീശാന്തിനെ കളത്തിലിറക്കിയത്. മൂന്നാം സ്ഥാനത്തായെങ്കിലും 34,764 വോട്ടുകൾ സമാഹരിക്കാനായി. പിന്നീട് ബിജെപി സംസ്ഥാന പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവുമായി. 

പണ്ടുതന്നെ സിനിമ അഭിനയം ഇഷ്ടമായി കൊണ്ടു നടന്നിരുന്ന ശ്രീശാന്ത് അത് സാക്ഷാൽക്കരിച്ചതും ഈ വിലക്കുകാലത്താണ്. പൂജാ ഭട്ടിന്റെ ‘കാബറെ’ എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. ബൈക്ക് റൈഡേഴ്സിന്റെ കഥ പറഞ്ഞ ‘ടീം ഫൈവ്’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറി. സിനിമയ്ക്കു വേണ്ടി രണ്ടാഴ്ച ഹൈദരാബാദിൽ ബൈക്കിലെ സാഹസിക പ്രകടനങ്ങൾ പരിശീലിച്ചിരുന്നു. റിലീസിങ്ങ് വൈകിയ സിനിമ ഒടുവിൽ തിയറ്ററുകളിലെത്തിതു കഴിഞ്ഞ മാസം. വിതരണക്കാർ പോസ്റ്റർ പോലും ഒട്ടിക്കാതെ ചതിച്ചതോടെ സിനിമ വേഗം തിയറ്ററുകളിൽ നിന്നു പുറത്തായെന്ന് അണിയറക്കാർ ആരോപിക്കുന്നു. നൃത്തം ഹരമായ ശ്രിയുടെ നൃത്തവും ഈ സിനിമയിലുണ്ട്. 

തമിഴിലും കന്നഡയിലും തെലുങ്കിലുമായി നിർമിക്കുന്ന അൻപുള്ള അഴകേ എന്ന ചിത്രത്തിൽ അഭിനയിക്കാനും സംഗീത സംവിധാനം നിർവഹിക്കാനും ശ്രീശാന്ത് കരാർ ഒപ്പിട്ടിരുന്നു. അഞ്ച് ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ബിസിസിഐ ക്രിക്കറ്റിൽ നിന്നു വിലക്കിയെങ്കിലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ തെലുങ്ക് വാരിയേഴ്സിന്റെ പരിശീലകനുമായി ശ്രീശാന്ത്. ടീം മികച്ച പ്രകടനവും കാഴ്ചവച്ചെങ്കിലും വിലക്കുള്ളതിൽ കളി നടന്ന ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് ഇറങ്ങാനാവാത്ത സ്ഥിതിയായിരുന്നു.