ധോണി വിരമിക്കാനോ? താരം കരിയറിന്റെ പകുതിയില്‍ എത്തിയതേയുള്ളൂവെന്ന് രവി ശാസ്ത്രി

കൊളംബോ ∙ അങ്ങനങ്ങു പോകേണ്ടയാളാണോ മഹേന്ദ്രസിങ് ധോണി എന്ന ഇന്ത്യൻ ക്രിക്കറ്റിലെ മഹാതരു? ടീമിലെ ധോണിയുടെ സ്ഥാനത്തേക്കുറിച്ച് സംശയങ്ങളുയർന്ന സമയത്ത് ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായ ഉത്തരം നൽകിയത് ധോണിയുടെതന്നെ ബാറ്റാണ്. ശ്രീലങ്കയ്ക്കെതിരായ രണ്ട്, മൂന്ന്, നാല് ഏകദിനങ്ങളിൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ധോണി, വെറുതെ പോകാൻ വന്നയാളല്ല താനെന്ന് തുറന്നു പറഞ്ഞു. ഇപ്പോഴിതാ ധോണിക്കു ശക്തമായ പിന്തുണയുമായി ടീമിൽനിന്നു തന്നെ ഒരു സ്വരം ഉയരുന്നു.

കരിയറിന്റെ പകുതിദൂരം മാത്രമേ ധോണി ഇപ്പോഴും പിന്നിട്ടിട്ടിള്ളൂ എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് ടീമിന്റെ പരിശീലകൻ രവി ശാസ്ത്രിയാണ്. 2019 ലോകകപ്പിനുള്ള ടീമിൽ ധോണി ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും ശാസ്ത്രി നൽകി.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 45ഉം, മൂന്ന്, നാല് ഏകദിനങ്ങളിൽ 67, 40 റൺസ് വീതവുമെടുത്ത് പുറത്താകാതെ നിന്ന ധോണി, ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ പുറത്താകാതെ നിന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഇതിൽ, കരിയറിലെ 300–ാം രാജ്യാന്തര ഏകദിനത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരായ നാലാം മൽസരത്തിലാണ് 49 റൺസുമായി പുറത്താകാതെ നിന്ന് ധോണി റെക്കോർഡിട്ടത്.

ഇതിനു പിന്നാലെയാണ് ടീമിൽ ധോണിയുടെ അനിവാര്യതയെക്കുറിച്ച് ശാസ്ത്രി വാചാലനായത്. ‘ടീമിൽ ഇപ്പോഴും ഏറ്റവുമധികം സ്വാധീനമുള്ള കളിക്കാരനാണ് ധോണി. ഡ്രസിങ് റൂമിലെ ജീവിക്കുന്ന ഇതിഹാസമായ ധോണി, ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം കൂടിയാണ്. തന്റെ കരിയറിന്റെ പകുതി വഴി പോലും ധോണി പിന്നിട്ടിട്ടില്ലെന്നാണ് എന്റെ അഭിപ്രായം’ – ശാസ്ത്രി പറഞ്ഞു. ധോണിയുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവർക്ക് തെറ്റു പറ്റിയിരിക്കുന്നുവെന്നും ശാസ്ത്രി വ്യക്തമാക്കി. വെറ്ററൻ താരത്തിന് ഇനിയും ടീമിനായി ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണിക്ക് അടുത്തു നിൽക്കാവുന്നവർ പോലും ഇപ്പോഴില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

എങ്ങനെയാണ് നിങ്ങൾ താരങ്ങളെ തിരഞ്ഞെടുക്കുന്നത്? അവർ ഏറ്റവും മികച്ച രീതിയിൽ കളിക്കുമ്പോഴല്ലേ? പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ഇപ്പോഴും ധോണി തന്നെ. അദ്ദേഹത്തിന്റെ ബാറ്റിങ് റെക്കോർഡും മറ്റും മറന്നേക്കുക. ഇത്രകാലം ടീമിനൊപ്പം ഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ ധോണിക്കു പകരക്കാരനെ വേണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? – ശാസ്ത്രി ചോദിച്ചു. രാജ്യത്തെ ഏറ്റവും മികച്ച താരമാണ് അയാൾ. സുനിൽ ഗാവസ്കറും സച്ചിൻ തെൻഡുൽക്കറുമൊക്കെ 36 വയസിലെത്തിയപ്പോൾ അവരെ പുറത്താക്കാൻ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച താരമായി ധോണി തുടരുന്ന സാഹചര്യത്തിൽ, അയാൾക്കു പകരക്കാരനെ കണ്ടെത്തണമെന്ന ചിന്ത തന്നെ ആവശ്യമുണ്ടോയെന്നും ശാസ്ത്രി ചോദിച്ചു.

അടുത്ത ലോകകപ്പിന് മുന്നോടിയായി ഏതാണ്ട് 40 ഏകദിന മൽസരങ്ങൾ കളിക്കാനിരിക്കെ, പരീക്ഷണങ്ങളുമായി ടീം മുന്നോട്ടുപോകുമെന്നും ശാസ്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജയവും തോൽവിയും ടീം കാര്യമാക്കുന്നില്ല. ജയിക്കാനായാണ് നാം കളിക്കുന്നതെങ്കിലും, ഓരോ മൽസരത്തിലും വ്യത്യസ്തമായ കോമ്പിനേഷനുകൾ പരീക്ഷിക്കും. ലോകകപ്പിനു മുന്നോടിയായി മികച്ച ടീമിനെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ടീമിലുള്ള മിക്ക താരങ്ങൾക്കും ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അവസരം നൽകിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാ താരങ്ങളെയും മാറിമാറി പരീക്ഷിക്കുന്ന റൊട്ടേഷൻ സമ്പ്രദായും തുടരാനാണ് തീരുമാനം. അങ്ങനെ എല്ലാവർക്കും കഴിവു തെളിയിക്കാൻ അവസരം ലഭിക്കും. ലോകകപ്പിന് ഇനിയും 12–15 മാസം അവശേഷിക്കുന്നതിനാൽ ഏറ്റവും മികച്ച 18–20 കളിക്കാരെ കണ്ടെത്താൻ ഇതുവഴി നമുക്കു സാധിക്കും. അവരിൽനിന്ന് ലോകകപ്പിനുള്ള ടീമിനെയും – ശാസ്ത്രി പറഞ്ഞു.

ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന മാനദണ്ഡം കായികക്ഷമതയാണെന്ന സെലക്ടർമാരുടെ നിലപാടിനെയും ശാസ്ത്രി പിന്താങ്ങി. ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം ഊർജ്വസ്വലമാകണമെങ്കിൽ കായികക്ഷമത അനിവാര്യമാണ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇടപെടാൻ താൽപര്യമില്ലെന്നും ശാസ്ത്രി പറ‍ഞ്ഞു. താരങ്ങളുടെ വിശ്വാസമാർജിക്കുകയെന്നത് പരിശീലകനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ടീമിനെ തിരഞ്ഞെടുക്കുന്നത് സെലക്ടർമാരുടെ ജോലിയാണ്. അവർ കൂടുതൽ ആഭ്യന്തര മൽസരങ്ങൾ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യും. – ശാസ്ത്രി പറഞ്ഞു.

കായികക്ഷമത എന്ന മാനദണ്ഡം യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയ താരങ്ങളുടെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ലെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.