സച്ചിനെ ‘വിടാതെ’ കോഹ്‍ലി, കുതിച്ചുചാടി ബുംറ; ധോണിയും ‘തിരുമ്പി വന്തിട്ടേൻ’

മുംബൈ ∙ ശ്രീലങ്കയ്ക്കെതിരായ അഞ്ചു മൽ‌സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഇന്ത്യൻ ടീമിന്റെ രാശി തെളിഞ്ഞെങ്കിൽ, അതിനൊപ്പം ഏകദിന റാങ്കിങ്ങിൽ വ്യക്തിഗത നേട്ടങ്ങളും വെട്ടിപ്പിടിച്ചിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

ബാറ്റിങ് റാങ്കിങ്ങിൽ സച്ചിനെ ‘തൊട്ട്’ കോഹ്‍ലി

അവസാന രണ്ട് ഏകദിനങ്ങളിലെ തുടർ സെഞ്ചുറികളും ആദ്യ ഏകദിനത്തിൽ പുറത്താകാതെ നേടിയ അർധസെഞ്ചുറിയും ഉൾപ്പെടെ പരമ്പരയിലെ അ‍ഞ്ചു മൽസരങ്ങളിൽനിന്ന് 330 റൺസ് നേടിയ കോഹ്‍ലി ഏകദിന ബാറ്റ്സ്മാൻമാരിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ട്, മൂന്ന് ഏകദിനങ്ങളിൽ യഥാക്രമം 3, 4 റൺസ് വീതം മാത്രം നേടിയ കോഹ്‍ലി അവസാന ഏകദിനങ്ങളിലെ തുടർ സെഞ്ചുറികളിലൂടെ മികവു വീണ്ടെടുക്കുകയായിരുന്നു.

ട്വന്റി20 റാങ്കിങ്ങിലും ഒന്നാം നമ്പർ ബാറ്റ്സ്മാനായ കോഹ്‍ലി, ഏകദിന റാങ്കിങ്ങിൽ തനിക്കു തൊട്ടുപിന്നിലുള്ള ഓസീസ് താരം ഡേവിഡ് വാർണറുമായുള്ള പോയിന്റ് അകലം 12ൽ നിന്ന് 26 ആയി ഉയർത്തി. നിലവിൽ 887 പോയിന്റുമായി കോഹ്‍ലി ഒന്നാമതും 861 പോയിന്റുമായി വാർണർ രണ്ടാമതുമാണ്. ഏകദിന റാങ്കിങ്ങിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന റേറ്റിങ് പോയിന്റും കോഹ്‍ലി സ്വന്തമാക്കി. 1998ൽ സച്ചിൻ തെൻഡുൽക്കറും 887 പോയിന്റുമായി ഒന്നാമതെത്തിയിരുന്നു. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനു പിന്നിൽ രണ്ടാമതെത്തിയതിനു പിന്നാലെയാണ് സച്ചിന്റെ മറ്റൊരു റെക്കോർഡിനും കോഹ്‍ലി ഭീഷണി തീർക്കുന്നത്.

അതേസമയം, അ‍ഞ്ചു മൽസരങ്ങളിൽനിന്ന് രണ്ടു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 302 റൺസുമായി പരമ്പരയിലെ ടോപ് സ്കോറർമാരിൽ കോഹ്‍ലിക്കു പിന്നിൽ രണ്ടാമതെത്തിയ രോഹിത് ശർമയും ബാറ്റ്സ്മാൻരുടെ പട്ടികയിൽ ആദ്യ പത്തിലേക്കു തിരിച്ചെത്തി. 14–ാം സ്ഥാനത്തുനിന്നാണ് രോഹിതിന്റെ വരവ്. അതേസമയം, പരമ്പരയുടെ ‘കണ്ടെത്തലാ’യ സാക്ഷാൽ മഹേന്ദ്ര സിങ് ധോണി, അ‍ഞ്ചു മൽസരങ്ങളിൽനിന്ന് 162 റൺസുമായി 10–ാം റാങ്കിലെത്തി. പരമ്പര തുടങ്ങുമ്പോൾ 12–ാമനായിരുന്നു അദ്ദേഹം.

എ.ബി. ഡിവില്ലിയേഴ്സ് (847), ജോ റൂട്ട് (799), ബാബർ അസം (786), കെയിൻ വില്യംസൻ (779), ക്വിന്റൻ ഡികോക്ക് (769), ഫാഫ് ഡുപ്ലെസ്സി (768) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങൾ.

കുതിച്ചുചാടി ബുംറ

2019 ഏകദിന ലോകകപ്പു മുൻനിർത്തി ഇന്ത്യ വളർത്തിക്കൊണ്ടു വരുന്ന യുവതാരങ്ങളിൽ ശ്രദ്ധേയനായ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറ കരിയറിലാദ്യമായി ആദ്യ പത്തിലെത്തി. ജൂൺ അവസാന വാരം 24–ാം റാങ്കു നേടിയതായിരുന്നു ബുംറയുടെ ഇതുവരെയുള്ള മികച്ച റാങ്കിങ്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ‘മാൻ ഓഫ് ദി സീരീസാ’യി തിരഞ്ഞെടുക്കപ്പെട്ട ബുംറ പുതിയ റാങ്കിങ്ങനുസരിച്ച് നാലാം സ്ഥാനത്തെത്തി. ഒറ്റയടിക്ക് 20 സ്ഥാനങ്ങൾ പിന്നിട്ടാണ് ബുംറയുടെ കുതിപ്പ്. ട്വന്റി20 റാങ്കിങ്ങിലും രണ്ടാം സ്ഥാനത്തുള്ള താരമാണ് ബുംറ.

കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമുൾപ്പെടെ അഞ്ചു മൽസരങ്ങളിൽനിന്ന് 15 വിക്കറ്റു വീഴ്ത്തിയാണ് ജസ്പ്രീത് പരമ്പരയുടെ താരമായി മാറിയത്. പല്ലെക്കലയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 27 റൺസ് വഴങ്ങിയാണ് ബുംറ കരിയറിലെ ആദ്യ അ‍ഞ്ചു വിക്കറ്റ് നേട്ടത്തിന് ഉടമയായത്. ഇതോടെ 21 മൽസരങ്ങളിൽനിന്ന് ബുംറയുടെ ആകെ വിക്കറ്റ് നേട്ടം 41 ആയി ഉയർന്നു. റൺ വഴങ്ങുന്നതിൽ കാട്ടുന്ന പിശുക്കിനൊപ്പമാണ് (ഇക്കോണമി റേറ്റ്: 4.68) വിക്കറ്റെടുക്കുന്നതിലും ബുംറ മികവു കാട്ടുന്നത്.

ബോളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം അക്ഷർ പട്ടേലാണ്. 645 പോയിന്റാണ് പട്ടേലിനുള്ളത്. 20–ാം സ്ഥാനത്തായിരുന്ന പട്ടേൽ, ഒറ്റയടിക്കു 10 സ്ഥാനങ്ങൾ കയറിയാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. 2016 ഒക്ടോബറിൽ ഒൻപതാം റാങ്കിലെത്തിയതാണ് പട്ടേലിന്റെ മികച്ച പ്രകടനം. ജോഷ് ഹെയ്സൽവുഡ് (732), ഇമ്രാൻ താഹിർ (718), മിച്ചൽ സ്റ്റാർക്ക് (701) എന്നിവരാണ് ബുംറയ്ക്കു മുന്നിലുള്ളത്. 687 പോയിന്റാണ് ബുംറയ്ക്കുള്ളത്. കഗീസോ റബാദ (685), ട്രെന്റ് ബോൾട്ട് (665), ഹസ്സൻ അലി (663), സുനിൽ നരെയ്ൻ (662), റാഷിദ് ഖാൻ (647) എന്നിവരാണ് ബുംറയ്ക്കു പിന്നിലുള്ളത്.

ഹാർദിക് പാണ്ഡ്യ (രണ്ടു സ്ഥാനം കയറി 61), കുൽദീപ് യാദവ് (21 സ്ഥാനം കയറി 89), യുസ്‌വേന്ദ്ര ചാഹൽ (55 സ്ഥാനം കയറി 99) എന്നിവരാണ് ബോളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

ടീം റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യ, മുങ്ങിത്താഴ്ന്ന് ലങ്ക

അഞ്ചു മൽസരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യ ടീം റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും നിൽക്കുന്ന പട്ടികയിൽ ശ്രീലങ്ക എട്ടാം സ്ഥാനത്താണ്. പരമ്പര േനട്ടത്തോടെ മൂന്നു പോയിന്റു നേടിയ ഇന്ത്യ, രണ്ടാമതുള്ള ഓസീസിനു തൊട്ടടുത്തെത്തുകയും ചെയ്തു.

റാങ്കിങ്ങിൽ താഴേക്കു പതിച്ച ശ്രീലങ്കയാകട്ടെ, 2019 ലോകകപ്പിന് നേരിട്ടു യോഗ്യത നേടാനുള്ള അവസരവും നഷ്ടമാക്കി. പരമ്പരയിലെ രണ്ടു മൽസരങ്ങളെങ്കിലും ജയിച്ചിരുന്നെങ്കിൽ അവർക്ക് നേരിട്ട് ലോകകപ്പിനു യോഗ്യത നേടാമായിരുന്നു.