62, 103, 72, 60, 39, 16, 5, 55, 70, 53, 61, പിന്നെ ടീമിന് പുറത്ത്; രഹാനെയോട് ചിറ്റമ്മ നയം?

അജിങ്ക്യ രഹാനെയ്ക്ക് മാത്രം എന്താണ് ഇങ്ങനെയൊരു വിധി? കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും ഇയാളോടു മാത്രമെന്താണ് സെലക്ടർമാർക്ക് ഇത്ര ചൊരുക്ക്? തുടർച്ചയായി നാല് ഏകദിനങ്ങളിൽ അർധസെഞ്ചുറി. അതിൽ അവസാനത്തെ മൂന്നു മൽസരങ്ങളിലും ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളി. ഈ വർഷം ഓപ്പണിങ് വിക്കറ്റിൽ എട്ടു സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത് ഇന്ത്യ ചരിത്രമെഴുതിയപ്പോൾ, അതിൽ അഞ്ചിലും പങ്കാളി. (രോഹിത് ശർമ ആറു സെഞ്ചുറി കൂട്ടുകെട്ടിലും ശിഖർ ധവാൻ അഞ്ചെണ്ണത്തിലും പങ്കാളിയായി) അവസാനം കളിച്ച 11 ഏകദിനങ്ങളിൽ രഹാനെയുടെ സ്കോർ ഇങ്ങനെ: 62, 103, 72, 60, 39, 16, 5, 55, 70, 53, 61.

എന്നിട്ടും, ഓസീസിനെതിരായ അഞ്ചാം ഏകദിനത്തിലെ അർധസെഞ്ചുറിയുടെയും അതിന്റെകൂടി സഹായത്തോടെ ടീം നേടിയ വിജയത്തിന്റെയും ചൂടാറും മുൻപേ രഹാനെയ്ക്ക് ടീമിനു പുറത്തേക്കുള്ള വഴി കാട്ടി, നമ്മുടെ സെലക്ടർമാർ. ഏകദിന പരമ്പരയിൽ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോററായി മാറിയ രഹാനയെ, തൊട്ടുപിന്നാലെയുള്ള ട്വന്റി20 പരമ്പരയിൽനിന്ന് നിഷ്കരുണമാണ് അവർ പുറത്താക്കിയത്. ദിനേശ് കാർത്തിക്കിനേപ്പോലുള്ള താരങ്ങളെ പകരം ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തു. മനീഷ് പാണ്ഡെ, കേദാർ ജാദവ് തുടങ്ങിയവരെ ടീമിൽ നിലനിർത്തുകയും ചെയ്തു.

ഇത്ര ആത്മാർഥതയോടെ കളിക്കുന്ന (അതു ബാറ്റിങ്ങിലായാലും ഫീൽഡിങ്ങിലായാലും അങ്ങനെതന്നെ) ഒരു താരത്തെ ഇങ്ങനെയാണോ ടീം ഉപയോഗിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഏകദിനത്തിലെ അതേ ഫോർമാറ്റല്ല ട്വന്റി20യുടേതെന്ന് വേണമെങ്കിൽ വാദത്തിനു പറയാം. കൈക്കരുത്തിന്റെ ബലത്തിൽ പന്തുകൾ സ്റ്റേഡിയത്തിനു പുറത്തേക്കു പറത്താനുള്ള കഴിവും അയാൾക്കില്ലെന്ന് വാദിക്കാം. എന്നാൽ, ട്വന്റി20യിയ്ക്കും അനുയോജ്യമായ ആ ക്ലാസ് ശൈലിയിലുള്ള ബാറ്റിങ് അവഗണിക്കുന്നതെങ്ങനെ? 

ഇന്ത്യയുടെ തല, ഓസീസിന്റെ തലവേദന

ഓസീസിനെതിരായ പരമ്പരയിലാകെ രഹാനെ നേടിയത് തുടർച്ചയായി നാല് അർധസെഞ്ചുറികളാണ്. സ്ഥിരം ഓപ്പണർ ശിഖർ ധവാന് അസൗകര്യമായതു കൊണ്ടുമാത്രം ഓസീസിനെതിരായ പരമ്പരയിൽ ടീമിൽ ഇടം നേടിയ താരമാണ് രഹാനെ എന്നോർക്കണം. 5, 55, 70, 53, 61 എന്നിങ്ങനെയാണ് പരമ്പരയിലെ അഞ്ചു മൽസരങ്ങളിൽ രഹാനെയുടെ സ്കോർ. പരമ്പരയിലാകെ അഞ്ചു മൽസരങ്ങളിൽനിന്ന് 296 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോററെങ്കിൽ, 244 റൺസുമായി രഹാനെ തൊട്ടുപിന്നിലുണ്ട്. ഹാർദിക് പാണ്ഡ്യയാകട്ടെ, 222 റൺസുമായി മൂന്നാമതും. 48.80 റൺ ശരാശരിയിലായിരുന്നു രഹാനെയുടെ റൺനേട്ടം.

സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‌ലി എന്നിവർക്കു ശേഷം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായി നാല് അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായും രഹാനെ മാറി. 84 ഏകദിനങ്ങളിൽ അദ്ദേഹത്തിന്റെ 23–ാം അർധസെഞ്ചുറിയുമാണിത്.

പകരക്കാരൻ, പകരം വയ്ക്കാനില്ലാത്തവൻ

പകരക്കാരനായി വന്ന് പകരം വയ്ക്കാനില്ലാത്ത പ്രകടനം നടത്തുന്ന ഈ ‘രഹാനെ ശൈലി’ ആരാധകരെ ത്രസിപ്പിക്കുന്നത് ഇതാദ്യമല്ല. രോഹിത് ശർമയ്ക്ക് പരുക്കേറ്റതു മൂലം ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അവസരം ലഭിച്ച രഹാനെ അവിടെയും സമാനമായ പ്രകടനമാണ് കാഴ്ചവച്ചത്. അതിനു തൊട്ടുമുൻപു നടന്ന ചാംപ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാതിരുന്ന രഹാനെ, വിൻഡീസ് പരമ്പരയിൽ തുടർച്ചയായി നാല് അർധസെഞ്ചുറിയാണ് നേടിയത്. 62, 103, 72, 60, 39 എന്നിങ്ങനെയായിരുന്നു പരമ്പരയിൽ രഹാനെയുടെ പ്രകടനം.

പരമ്പരയിലാകെ അഞ്ചു മൽസരങ്ങളിൽനിന്ന് 67.20 റൺസ് ശരാശരിയിൽ രഹാനെ നേടിയത് 336 റൺസ്. എന്നിട്ടും തുടർന്നുള്ള ശ്രീലങ്കൻ പര്യടനത്തിൽ ഒരു മൽസരത്തിൽ മാത്രമേ രഹാനെയ്ക്ക് ടീം മാനേജ്മെന്റ് അവസരം നൽകിയുള്ളൂ.

എന്തായാലും ഓസീസിനെതിരെയും തുടർച്ചയായി നാല് അർധസെഞ്ചുറി നേടിയതോടെ രണ്ടു തവണ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമായി രഹാനെ. മൂന്നു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള സച്ചിനാണ് രഹാനെയ്ക്ക് മുന്നിലുള്ളത്. വെറും 84 മൽസരങ്ങൾ മാത്രം പ്രായമുള്ള രഹാനെയുടെ കരിയർ എവിടെ, 463 മൽസരങ്ങൾ കളിച്ച സച്ചിന്റെ കരിയറെവിടെ!

ഓപ്പണിങ് വിക്കറ്റിലെ ‘ഇന്ത്യൻ മോഡൽ’

ക്രിക്കറ്റിൽ മൊത്തമായി ഇത് ഇന്ത്യൻ വർഷമായിരുന്നെങ്കിലും, അതിൽത്തന്നെ ഏറ്റവും ഉയർന്നുനിന്നത് ഓപ്പണിങ് വിക്കറ്റിലെ പ്രകടനമായിരുന്നു. ചരിത്രത്തിലെ ഏത് ഓപ്പണിങ് സഖ്യത്തോടും കിടപിടിക്കുന്ന പ്രകടനമാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. മൂന്നു ‘സ്പെഷ്യലിസ്റ്റ്’ ഓപ്പണർമാർ ചേർന്നാണ് ഈ നേട്ടങ്ങളൊക്കെയും അടിച്ചെടുത്തതെന്നതും ശ്രദ്ധേയം. ആദ്യമത് രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമായിരുന്നു. ഇടയ്ക്കത് ധവാൻ–രഹാനെ സഖ്യമായി. ധവാന് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ടിവന്നതോടെ ഓസീസിനെതിരെ രോഹിത്–രഹാനെ സഖ്യം അതേറ്റെടുത്തു.

ഇൻഡോറിൽ 139 റൺസിന്റെ കൂട്ടുകെട്ടു തീർത്ത് വിസ്മയിപ്പിച്ച രോഹിത്–രഹാനെ സഖ്യം, ഇന്ത്യ തോറ്റ ബെംഗളൂരു ഏകദിനത്തിലും 106 റൺസിന്റെ കൂട്ടുകെട്ടു തീർത്തിരുന്നു. ഇത്തവണയത് 124 റൺസായി. ഇതോടെ, ഈ വർഷം ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ നേടിയ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണം എട്ടായി ഉയർന്നു. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിലെ ആദ്യ സംഭവം. 2002ലും 2007ലും ഏഴു തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യ.

2017ലെ ഇന്ത്യയുടെ ഓപ്പണിങ് വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടുകൾ ഇങ്ങനെ:

1. രോഹിത് – ധവാൻ – 136

2. രോഹിത് – ധവാൻ – 138

3. രഹാനെ – ധവാൻ – 132

4. രഹാനെ – ധവാൻ – 114

5. രോഹിത് – ധവാൻ – 109

6. രോഹിത് – രഹാനെ – 139

7. രോഹിത് – രഹാനെ – 106

8. രോഹിത് – രഹാനെ – 124

സിംപിളാണ് രഹാനെ, ശാന്തനും

രഹാനെ വളരെ സിംപിളാണെന്ന് ആദ്യമായി ഉറക്കെ പറഞ്ഞത് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലയാണ്. ശാന്തപ്രകൃതനാണ് രഹാനെയെന്നും അദ്ദേഹം കുറിച്ചു. ഭോഗ്‌ലയുടെ വാക്കുകളിലൂടെ:

ശ്രദ്ധ പിടിച്ചുപറ്റാൻ മനപ്പൂർവം ശ്രമിക്കാത്ത കളിക്കാരനാണ് രഹാനെ. അദ്ദേഹത്തിന്റെ ഈ ഗുണങ്ങൾ ഏറ്റവും ആസ്വദിക്കാൻ സാധിക്കുന്നത് അദ്ദേഹം നന്നായി ബാറ്റ് ചെയ്യുമ്പോഴാണ്. വിവിഎസ് ലക്ഷ്മണു ശേഷം, അതേ സ്ഥാനത്ത് ഉറച്ചുനിന്ന് കളിക്കുന്ന, ടീമിനെ അപകടത്തിൽനിന്നു രക്ഷിക്കാൻ, അവസരോചിതമായി ബാറ്റ് വീശുന്ന മികച്ച കളിക്കാരൻ. ലക്ഷ്മണിനെപ്പോലെ എന്നു പറയുമ്പോഴും അദ്ദേഹത്തെക്കാൾ അൽപംകൂടി ആധുനികമാണു രഹാനെയുടെ ബാറ്റിങ്. കളമുറപ്പിച്ച് അധികം വൈകും മുൻപേ രഹാനെ വലിയ ഷോട്ടുകൾക്ക് മുതിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നിശ്ചയിക്കുന്ന മൂന്നു താരങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് വാചാലനായത് കഴിഞ്ഞ വർഷമാണ്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ എന്നിവരായിരുന്നു കപിലിന്റെ ഈ ‘ത്രിമൂർത്തി’കൾ. ഈ വർഷം ഇതുവരെ ടീം ഇന്ത്യയ്ക്കായി മൂവരും പുറത്തെടുത്ത പ്രകടനം കാണുമ്പോൾ, കപിലിന്റെ ദീർഘവീക്ഷണത്തെക്കുറിച്ചു ‌മതിപ്പു തോന്നാം.

‘തീരുമാനത്തെ ബഹുമാനിക്കുന്നു’

ടീമിൽനിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് രഹാനെയുടെ ആദ്യ പ്രതികരണം ഇങ്ങനെ: സിലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ റിസർവ് താരങ്ങൾക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. മികച്ച ഫോമിൽ നിൽക്കുമ്പോൾ പുറത്തിരിക്കുന്നതിൽ നിരാശയില്ല. അവസരം കിട്ടുമ്പോൾ നന്നായി കളിക്കാനാകുമെന്ന വിശ്വാസമുണ്ട്!

തുടർച്ചയായി നാല് അർധസെഞ്ചുറികൾ നേടിയിൽ അഭിമാനമുണ്ടെന്ന് പറയുമ്പോഴും, അവയിൽ ചില ഇന്നിങ്സുകളെങ്കിലും സെഞ്ചുറിയാക്കി മാറ്റാമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട് രഹാനെ. പരമ്പരയിൽ രോഹിത് ശർമയ്ക്കൊപ്പം മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകൾ തീർക്കാൻ സാധിച്ചതിലും രഹാനെ സന്തോഷവാനാണ്.