38–ാം വയസിൽ നെഹ്റ ട്വന്റി20 ടീമിൽ; രഹാനെ, അശ്വിൻ, ജഡേജ പുറത്ത്

ന്യൂഡൽഹി∙ മുപ്പത്തെട്ടുകാരനായ ഇടങ്കയ്യൻ പേസർ ആശിഷ് നെഹ്റയെ ഉൾപ്പെടുത്തി ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു ട്വന്റി20 മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ സ്പിൻ ബോളർമാരായ ആ‍ർ.അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കിയ സിലക്‌ഷൻ കമ്മിറ്റി യുവ സ്പിന്നർമാരായ യുസവേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരെ വീണ്ടും പരിഗണിച്ചു. ഓസീസിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ അജിങ്ക്യ രഹാനെയും ടീമിലില്ല. ഈ മാസം ഏഴിനു റാഞ്ചിയിലാണു പരമ്പരയിലെ ആദ്യ ട്വന്റി20.

ഏകദിനങ്ങളിൽ വിശ്രമം അനുവദിച്ച ഓപ്പണർ‌ ശിഖർ ധവാൻ മടങ്ങിയെത്തുന്നതോടെയാണ് രഹാനെയ്ക്ക് അവസരം നഷ്ടമായത്. 

യുവതാരം ഋഷഭ് പന്തിനെ മറികടന്നു ദിനേശ് കാർത്തിക്കും ടീമിലിടം പിടിച്ചു. പേസർമാരായി ജസ്പ്രിത് ബുമ്രയെയും ഭുവനേശ്വർ കുമാറിനെയും പരിഗണിച്ചപ്പോൾ ഉമേഷ് യാദവും മുഹമ്മദ് ഷമിയും ടീമിലില്ല. കെ.എൽ.രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവരും 15 അംഗ ടീമിൽ സ്ഥാനം നിലനിർത്തി. എം.എസ്.ധോണിയും ടീമിലുണ്ട്.

‘പ്രകടനം മോശമായതിന്റെപേരിൽ ഇതുവരെ നെഹ്‍റ ടീമിനു പുറത്തായിട്ടില്ല. പരുക്കിനുശേഷം തിരിച്ചെത്തുമ്പോൾ നെഹ‍്റയേക്കാൾ മികച്ച മറ്റൊരു പേര് ഉയർന്നുവന്നില്ല’ ബിസിസിഐ അധികൃതർ പറഞ്ഞു.ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യെ, മനീഷ് പാണ്ഡെ, എം.എസ്.ധോണി, കുൽദീപ് യാദവ്, യുസവേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ആശിഷ് നെഹ്റ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ.