ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ലീഗുകൾ വരുന്നു

ഓക്‌ലണ്ട് ∙ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ലീഗുകൾ തുടങ്ങാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനം. ഒൻപതു ടെസ്റ്റ് ടീമുകൾ ഉൾപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ലീഗ് 2019ലും 13 ടീമുകൾ ഉൾപ്പെട്ട ഏകദിന ലീഗ് 2020ലും നടത്താനാണു തീരുമാനം. രണ്ടു വർഷത്തിനിടെ ഒൻപതു ടീമുകൾ ആറു ടെസ്റ്റ് പരമ്പരകൾ കളിക്കുന്ന വിധത്തിലാണ് ടെസ്റ്റ് ലീഗ് മൽസരഘടനയുടെ രൂപരേഖ. അതിൽ മൂന്നെണ്ണം ഹോം മൽസരങ്ങളും മൂന്നെണ്ണം എവേ മൽസരങ്ങളുമായിരിക്കും. ചുരുങ്ങിയത് രണ്ടും പരമാവധി അഞ്ചും മൽസരങ്ങളുണ്ടാകും ഓരോ പരമ്പരയിലും. എല്ലാ മൽസരങ്ങളും അഞ്ചുദിന ടെസ്റ്റിന്റെ മാതൃകയിലാകും നടത്തുക. 

ഏകദിന ലീഗിൽ കളിക്കുന്ന 13 ടീമുകളിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സമ്പൂർണ അംഗങ്ങളായ 12 ടീമുകളും നിലവിലുള്ള ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് ചാംപ്യൻഷിപ്പിലെ ജേതാക്കളും ഉൾപ്പെടുന്നു. ആദ്യ ലീഗിൽ ഓരോ ടീമും എട്ട് ഏകദിനപരമ്പരകൾ കളിക്കും. നാലെണ്ണം നാട്ടിലും ശേഷിക്കുന്നവ മറുനാട്ടിലും. എല്ലാ പരമ്പരയിലും മൂന്നു മൽസരങ്ങൾ വീതം ഉണ്ടാകും. പിന്നീട് എല്ലാ ടീമുകളും പരസ്പരം കളിക്കുകയും ചെയ്യും. 

ക്രിക്കറ്റിന്റെ വികസനത്തിനും കാണികളുടെ താൽപര്യത്തിനും ഉതകുന്ന വിധത്തിലുള്ള പരിഷ്കാരങ്ങളാണ് ലീഗ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ പറഞ്ഞു.