ഉവ്വ്, ധോണിയെ ‘തട്ടാ’നുള്ള ശ്രമത്തെ ‘വെട്ടി’യിട്ടുണ്ട്: ഏറ്റുപറഞ്ഞ് ശ്രീനിവാസൻ

ചെന്നൈ ∙ മഹേന്ദ്രസിങ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാനുള്ള മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ മൊഹീന്ദർ അമർനാഥിന്റെ നീക്കത്തെ ‘വെട്ടിനിരത്തി’യിട്ടുണ്ടെന്ന് വെളിപ്പെടുത്തി ധോണിയുടെ അടുപ്പക്കാരനും ബിസിസിഐ മുൻ പ്രസിഡന്റുമായ എൻ.ശ്രീനിവാസൻ രംഗത്ത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്തിന് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ അതിന്റെ ചൂടാറും മുൻപേ എന്തടിസ്ഥാനത്തിലാണ് പുറത്താക്കുകയെന്നും ശ്രീനിവാസൻ ചോദിച്ചു. പ്രശസ്ത വാർത്താ അവതാരകൻ രാജ്ദീപ് സർദേശായിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ഡെമോക്രസീസ് ഇലവനി’ലാണ് ഇതേക്കുറിച്ച് വിശദീകരണമുള്ളത്.

ശരിയാണ്. ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാനുള്ള നീക്കത്തെ ഞാൻ വെട്ടിയിട്ടുണ്ട്. ലോകകപ്പ് നേടിയ ഒരു ക്യാപ്റ്റനെ എങ്ങനെയാണ് ഒരു വർഷം പോലും പൂർത്തിയാകും മുൻപു പുറത്താക്കാനാകുകയെന്നും ശ്രീനിവാസൻ ചോദിച്ചു. 

എല്ലാവരും ഇതിനെ പക്ഷപാതിത്വം എന്നു വിളിച്ചാലും ചെയ്ത കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ശ്രീനിവാസൻ വ്യക്തമാക്കി. നിങ്ങളിതിനെ പക്ഷപാതിത്വം എന്നു വിളിച്ചേക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഒരു ലോകോത്തര ക്രിക്കറ്റ് താരത്തിന്റെ നേട്ടങ്ങളോടുള്ള ബഹുമാനം മാത്രമാണ് ഈ നടപടി – ശ്രീനിവാസൻ പറഞ്ഞു.

അദ്ദേഹത്തിന്റെ കളിയെ നാം വിലമതിക്കുന്നുണ്ട്. തിരിച്ച് അർഹിക്കുന്ന ബഹുമാനം അദ്ദേഹം നമുക്കും നൽകുന്നുണ്ട്. ഇതിൽ എന്താണ് തെറ്റായിട്ടുള്ളത് – ശ്രീനിവാസൻ ചോദിക്കുന്നു.

ശ്രീനിവാസനുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം ന്യായീകരണവുമായി ധോണിയും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയാഗ്രഹിക്കുന്ന വ്യക്തിയാണ് ശ്രീനിവാസനെന്നായിരുന്നു ധോണിയുടെ ന്യായീകരണം. ഇതുമായി ബന്ധപ്പെട്ട് ആളുകൾ എന്തു പറയുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ക്രിക്കറ്റ് താരങ്ങൾക്ക് എന്തു പിന്തുണയും നൽകാൻ തയാറായിട്ടുള്ള വ്യക്തിയായാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത് – ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ധോണി നൽകിയ ഉത്തരമായി പുസ്തകം വിശദീകരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിനെ പിടിച്ചുകുലുക്കിയ വാതുവയ്പു വിവാദത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുടിചൂടാമന്നനായിരുന്ന ശ്രീനിവാസന്റെ സിംഹാസനത്തിന് ഇളക്കം തട്ടുന്നത്. വാതുവയ്പുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പന്റെ പങ്ക് വ്യക്തമാകുകയും ചെയ്തതോടെ ശ്രീനിവാസൻ പ്രതിരോധത്തിലായിരുന്നു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പർ കിങ്സിനെ പിന്നീട് ഐപിഎല്ലിൽനിന്ന് രണ്ടു വർഷത്തേക്കു വിലക്കുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ സജീവമായിരുന്ന കാലത്ത് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണി.