സച്ചിനെ ‘വീഴ്ത്തി’, ഡിവില്ലിയേഴ്സിൽനിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ്‌ലി

ദുബായ് ∙ റാങ്കിങ് പോയിന്റുകളിൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർ‍ഡ് മറികടന്ന വിരാട് കോഹ്‍ലി, ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. 889 റാങ്കിങ് പോയിന്റ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സിൽനിന്ന് ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു. 1998ൽ 887 റാങ്കിങ് പോയിന്റുകൾ‌ നേടിയ സച്ചിൻ തെൻഡുൽക്കറുടെ ഇന്ത്യൻ റെക്കോർഡും മറികടന്നു. ന്യൂസീലൻഡിനെതിരായ മൂന്ന് ഏകദിനങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറിയടക്കം 263 റൺസ് നേടിയ പ്രകടനമാണ് കോഹ്‍ലിയെ ഏകദിന ബാറ്റിങ്ങിൽ ലോക ഒന്നാംസ്ഥാനത്ത് വീണ്ടുമെത്തിച്ചത്.

രണ്ടാഴ്ച മുൻപ് കോഹ്‍ലിയിൽനിന്ന് ഒന്നാംസ്ഥാനം പിടിച്ചെടുത്ത ഡിവില്ലേഴ്സിന് ആ നേട്ടം വെറും പത്തു ദിവസമേ കൈവശം വയ്ക്കാനായുള്ളൂ. കാൻപുരിലെ സെഞ്ചുറിയോടെ ഏകദിനത്തിൽ വേഗത്തിൽ 9000 റൺസ് തികയ്ക്കുന്ന താരമായ കോഹ്‍ലി ആ നേട്ടത്തിൽ പിന്നിലാക്കിയതും ഡിവില്ലേഴ്സിനെയാണ്. ഒരു കലണ്ടർ‌ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ‌, ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്നീ റെക്കോർഡുകളും കഴിഞ്ഞ ദിവസം കോഹ്‍ലി പേരിലാക്കിയിരുന്നു.

പേസർ ജസ്പ്രീത് ബുംമ്ര ബോളർമാരിൽ കരിയറിലെ മികച്ച റാങ്കിലെത്തി. മൂന്നാംസ്ഥാനത്താണിപ്പോള്‍ ബുംമ്ര. ന്യൂസീലൻഡിനെതിരെ പരമ്പരയിൽ ആറു വിക്കറ്റു വീഴ്ത്തിയ ബുംമ്രയുടെ അവസാന ഏകദിനത്തിലെ മൂന്നുവിക്കറ്റ് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ബാറ്റിങ്ങിൽ രോഹിത് ശർമ ഏഴാം സ്ഥാനത്തും ധോണി പതിനൊന്നാം സ്ഥാനത്തുമാണ്. പരമ്പര വിജയം നേടിയെങ്കിലും ടീം റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യയ്ക്കായില്ല. ഒന്നാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ഇന്ത്യയേക്കാൾ രണ്ടുപോയിന്റ് മുന്നിലാണ്.

മിതാലിയും മുന്നി‍ൽ

വനിതാ ക്രിക്കറ്റ് റാങ്കിങ്ങിലും മുൻപിൽ ഇന്ത്യൻ ക്യാപ്റ്റൻ. വനിതാ ക്രിക്കറ്റ് ബാറ്റ്‍വുമൺ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ഒന്നാംസ്ഥാനത്തേക്കുയർന്നു. 753 റാങ്കിങ് പോയിന്റ് നേടിയ മിതാലി ഓസ്ട്രേലിയൻ താരം എൽസെ പെറിയെ രണ്ടാംസ്ഥാനത്താക്കി. ബോളര്‍മാരില്‍ ഇന്ത്യൻ താരം ജൂലൻ ഗോസ്വാമി രണ്ടാംറാങ്ക് നിലനിർത്തി.