ഒടുവിൽ ദ്രാവിഡ് പറഞ്ഞു (കോഹ്‍ലിയെ തൊടാതെ), അനിൽ കുംബ്ലെയെ പുറത്താക്കിയ രീതി ശരിയായില്ല

മുംബൈ ∙ അനിൽ കുംബ്ലെയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയ രീതിയോടുള്ള അതൃപ്തി തുറന്നു പറഞ്ഞും ഇതിനു പിന്നിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പങ്കിനെക്കുറിച്ച് പറയാതെ പറഞ്ഞും ഇന്ത്യൻ അണ്ടർ 19, എ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ മികച്ച റെക്കോർഡ് സ്വന്തമാക്കിയ അനിൽ കുംബ്ലെ, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായഭിന്നതകളുടെ പേരിൽ ഈ വർഷമാദ്യമാണ് സ്ഥാനമൊഴിഞ്ഞത്. 2017 ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് തോറ്റു പുറത്തായതിനു പിന്നാലെയായിരുന്നു ഇത്. തുടർന്ന് കോഹ്‍ലിയുമായി അടുപ്പമുള്ള രവി ശാസ്ത്രി ടീമിന്റെ മാനേജരാവുകയും ചെയ്തു.

ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വിവാദ വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞ് ദ്രാവിഡ് രംഗത്തെത്തിയത്. കർണാടക ടീമിലും, ഇന്ത്യൻ ടീമിലും കുംബ്ലെയ്ക്കൊപ്പം ഒട്ടേറെ മൽസരങ്ങളിൽ കളിച്ചിട്ടുള്ള ദ്രാവിഡ് അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളുമാണ്. കുംബ്ലെ–കോഹ്‍ലി വിഷയം മാധ്യമങ്ങളിൽ തുറന്ന ചർച്ചയാക്കി മാറ്റിയ രീതിയോടും എതിർപ്പുണ്ടെന്ന് ദ്രാവിഡ് വ്യക്തമാക്കി. വിരാട് കോഹ്‍ലിക്കെതിരെ ഒരു വാക്കുപോലും തുറന്നുപറയാതെയായിരുന്നു ദ്രാവിഡിന്റെ പരാമർശങ്ങൾ എന്നതു ശ്രദ്ധേയമാണ്.

ഈ വിഷയത്തെക്കുറിച്ച് എന്തു പറയാനാണ്? ഈ വിഷയത്തിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. പക്ഷേ, ഇക്കാര്യം ഈ വിധത്തിലല്ല കൈകാര്യം ചെയ്യപ്പെടേണ്ടിയിരുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല – ദ്രാവിഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പരിശീലക സ്ഥാനത്തുനിന്ന് കുംബ്ലെയെ മാറ്റിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലുൾപ്പെടെ നടന്ന കോലാഹലങ്ങൾ നിർഭാഗ്യകരമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനിലിനെ സംബന്ധിച്ചും ഇത് തീർത്തും ദൗർഭാഗ്യകരമായിപ്പോയി. ഇക്കാര്യത്തിൽ യാഥാർഥ്യമെന്താണെന്നോ ഉള്ളിൽ എന്താണ് സംഭവിച്ചതെന്താണെന്നോ എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ദൗർഭാഗ്യകരമായ എപ്പിസോഡായിപ്പോയെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായിരുന്ന താരമാണ് കുംബ്ലെ. ഇന്ത്യയ്ക്കായി കളിക്കുന്ന കാലത്ത് ടെസ്റ്റ് മൽസരങ്ങൾ ജയിപ്പിക്കാൻ മറ്റാരേക്കാളും കൂടുതൽ സംഭാവനകൾ നൽകിയ താരമാണ് അനിൽ. പരിശീലകനെന്ന നിലയിലും വളരെ ഫലപ്രദമായ ഒരു വർഷമായിരുന്നു അനിലിന്റെ കീഴിൽ കഴിഞ്ഞുപോയത്. എന്തായാലും കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചത് നിർഭാഗ്യകരമാണ്. അതും ഇത്ര ബഹളത്തോടെ – ദ്രാവിഡ് പറഞ്ഞു.

പരിശീലകർ പുറത്താക്കപ്പെടുന്നത് പതിവുള്ള കാര്യമാണെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഒരാൾ കളി നിർത്തി പരിശീലകനാകുമ്പോൾ മനസിലുണ്ടായിരിക്കേണ്ട ആദ്യത്തെ കാര്യം ഒരു ദിവസം താൻ ആ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുമെന്നതു തന്നെയാണ്. അതാണ് യാഥാർഥ്യം. ഇന്ത്യ അണ്ടർ 19, എ ടീമുകളുടെ പരിശീലകനാണെങ്കിലും ഏതുനിമിഷവും പുറത്താക്കപ്പെടുമെന്ന ചിന്തയോടെയാണ് തന്റെ പ്രവർത്തനമെന്നും ദ്രാവിഡ് പറഞ്ഞു.

രാജ്യാന്തര, ക്ലബ് തലങ്ങളിൽ ഫുട്ബോൾ പരിശീലകർ പുറത്താക്കപ്പെടുന്നത് ദ്രാവിഡ് ഉദാഹരണമായി എടുത്തുകാട്ടി. എക്കാലവും കളിക്കാർ തന്നെയാണ് പരിശീലകരേക്കാൾ ശക്തരെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. താനുൾപ്പെടെയുള്ള താരങ്ങൾ ‌കളിക്കളത്തിൽ സജീവമായിരുന്ന കാലത്തും പരിശീലകരേക്കാൾ ‘പവർ’ തങ്ങൾക്കായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മാന്യനായ കളിക്കാരനായി അറിയപ്പെടുന്ന ദ്രാവിഡ്, ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ രീതികളോടുള്ള അഭിപ്രായ വ്യത്യാസവും പറയാതെ പറഞ്ഞു. ഓരോ പരമ്പരയും തുടങ്ങുന്നതിനു മുൻപ് കോഹ്‍ലി നടത്തുന്ന പ്രസ്താവനകളോട് തനിക്കുള്ള മാനസികമായ അകലം തുറന്നു പറഞ്ഞ ദ്രാവിഡ്, കളത്തിലെ പ്രകടനത്തിലൂടെ സ്വന്തം വാക്കുകൾ സാധൂകരിക്കുന്ന വ്യക്തിയാണ് കോഹ്‍ലിയെന്ന് അഭിനന്ദിക്കുകയും ചെയ്തു.

വളരെ ആക്രമണോത്സുകമാണ് ഓരോ പരമ്പരയ്ക്കും മുമ്പുള്ള വിരാടിന്റെ പ്രസ്താവനകൾ. ഇതു വായിക്കുമ്പോൾ എനിക്ക് ചെറിയ ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. എതിരാളികളെ ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം പ്രസ്താവനകളിലൂടെ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കോഹ്‍ലിക്കു സാധിക്കുന്നിടത്തോളം കാലം അദ്ദേഹം അതു തുടരട്ടെയെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. പ്രസ്താവനകളും കളത്തിനു പുറത്തുള്ള വാക്പോരും ടീമിന്റെ പ്രകടനത്തെ മോശമായി ബാധിക്കാത്തിടത്തോളം കാലം ഇതിലൊന്നും വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റിൽ എപ്പോഴും പ്രധാനപ്പെട്ടത് കളത്തിലെ പ്രകടനമാണ്. അതുകൊണ്ടുതന്നെ തൽക്കാലം കോഹ്‍ലിയുടെ പ്രസ്താവനകളെ കാര്യമാക്കേണ്ടതില്ല. അതു കോഹ്‍ലിയുടെ രീതിയായി കണ്ടാൽ മതി. ഞാനെന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് ആളുകൾ ചോദിക്കാറുണ്ടായിരുന്നു. എന്നാൽ, താൻ കോഹ്‍ലിയേപ്പോലെ ദേഹത്ത് ടാറ്റുവും കുത്തി അദ്ദേഹത്തെപ്പോലെ പെരുമാറിയാൽ അത് തന്റെ സ്വാഭാവികമായ പെരുമാറ്റത്തിന് എതിരാകുമെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.