‘വല്യേട്ടന്’ വിജയത്തോടെ വിട; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം

മൽസരശേഷം ആശിഷ് നെഹ്റയെ ഉയർത്തി മൈതാനം ചുറ്റുന്ന ഇന്ത്യൻ താരങ്ങൾ.

ന്യൂഡൽഹി ∙ ട്വന്റി20 ക്രിക്കറ്റിലെ അവസാന തുരുത്തും കീഴടക്കി ഇന്ത്യ. കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മുൻപിൽ ഇതുവരെ തോൽക്കാതിരുന്ന ന്യൂസീലൻഡ് രോഹിത് ശർമയുടെയും(80) ശിഖർ ധവാന്റെയും (80) മാസ്മരിക ബാറ്റിങിനു മുന്നിൽ കീഴടങ്ങി. 53 റൺസ് വിജയത്തോടെ ഇന്ത്യ പേസർ ആശിഷ് നെഹ്റയ്ക്കു വിടവാങ്ങൽ ഉചിതമാക്കി. മുംബൈ മലയാളിയായ ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തിനും ഫിറോസ് ഷാ കോ‍ട്‍ല സ്റ്റേഡിയം സാക്ഷിയായി.

സ്കോർ ഇന്ത്യ 20 ഓവറിൽ മൂന്നിന് 202. ന്യൂസീലൻഡ് 20 ഓവറിൽ എട്ടിന് 149. ധവാനാണ് മാൻ ഓഫ് ദ് മാച്ച്. ഇതുവരെ കളിച്ച അഞ്ചു ട്വന്റി20യിലും വിജയം ന്യൂസീലന്‍ഡിനായിരുന്നു. പരമ്പരയിലെ രണ്ടാം മൽസരം ശനിയാഴ്ച നടക്കും.

ഇന്ത്യൻ ഓപ്പണർമാർ‌ നിറഞ്ഞ ഗാലറിക്ക് കാഴ്ച വിരുന്നൊരുക്കി. 55 പന്തുകളിൽ രോഹിത്ത് ആറു സിക്സറുകളും നാലു ഫോറുകളും നേടിയപ്പോൾ 10 ഫോറുകളും രണ്ടു സിക്സറുകളുമായി ധവാനും മോശമാക്കിയില്ല. ‌‌ഒന്നാം വിക്കറ്റി‍ൽ ഇരുവരും ചേർന്ന് ഇന്നലെ നേടിയ 158 റൺസ് ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടാണ്. ഓപ്പണർമാർ പുറത്തായശേഷം അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ്(26) ഇന്ത്യൻ സ്കോർ 200 കടത്തിയത്. എം.എസ്. ധോണിയും പുറത്താകാതെ നിന്നു(7). ചോരുന്ന കൈകളുമായി കീവീസ് ഫീൽഡർമാരും ഇന്ത്യയെ സഹായിച്ചു. പതിനാറു റൺസെടുത്തു നിൽക്കെ രോഹിത്തിനെ ലോങ് ഓഫിൽ സൗത്തിയും അർധ സെഞ്ചുറിയ്ക്കരികെ ധവാനെ പോയിന്റിൽ ബോൾട്ടും കൈവിട്ടു.

അച്ചടക്കത്തോടെ പന്തെറിഞ്ഞ ആശിഷ് നെഹ്റയാണ് ഇന്ത്യയുടെ പന്താക്രമണം തുടങ്ങിയതും അവസാനിപ്പിച്ചതും. നാലോവറിൽ 29 റൺസ് മാത്രം നെഹ്റ വഴങ്ങി. രണ്ടാം ഓവറിൽ ചാഹലിന്റെ പന്തിൽ മാർട്ടിൻ ഗപ്ടിലിനെ അത്യുഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യെ കീവീസിന് ആദ്യ പ്രഹരമേൽപിച്ചത്. മൺറോയെ(7) ഭുവനേശ്വർ കുമാറും മടക്കി. കെയ്ൻ വില്യംസണും ടോം ലാതമും മധ്യനിരയിൽ‌ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വില്യംസണെ മനോഹരമായ സ്റ്റംപിങ്ങിലൂടെ ധോണി പുറത്താക്കി. 39 റൺസ് നേടിയ ലാതമാണ് കിവീസിന്റെ ടോപ്സ്കോറർ. ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചഹാലും അക്സർ പട്ടേലും രണ്ടുവിക്കറ്റു വീതം നേടി.

സ്കോർബോർ‍ഡ്

∙ ഇന്ത്യ

രോഹിത് ശർമ സി ലാതം ബി ബോൾട്ട് 80, ശിഖർ ധവാൻ സി സി ലാതം സി സോധി 80, ഹാർദിക് പാണ്ഡ്യ സി സി ലാതം സി സോധി 0,
വിരാട് കോഹ്‍ലി നോട്ടൗട്ട് 26, എം.എസ്. ധോണി നോട്ടൗട്ട് 7, എക്സ്ട്രാസ് 9, ആകെ 20 ഓവറിൽ മൂന്നിന് 202
വിക്കറ്റുവീഴ്ച: 1–158,2–158, 3–185

ബോളിങ്: സാന്റ്നർ 4–0–30–0, ബോൾട്ട് 4–0–49–1, സൗത്തി 4–0–44–0, ഡി ഗ്രാൻഡ്‌ഹോം 3–0–34–0, ഇഷ് സോധി 4–0–25–2, മൺറോ 1–0–14–0

∙ ന്യൂസീലൻഡ്

മാർട്ടിൻ ഗപ്ടിൽ സി ഹാർദിക് ബി ചാഹൽ 4, കോളിൻ മൺറോ ബി ഭുവനേശ്വർ 7, കെയ്ൻ വില്യംസൺ സി ധോണി ബി ഹാർ‌ദിക് 28, ടോം ലാതം സ്റ്റംപ് ധോണി ബി ചഹാൽ 39, ടോം ബ്രൂസ് സി രോഹിത് ബി അക്സർ 10, കോളിൻ ഡി ഗ്രാൻഡ്ഹോം സി ധവാൻ ബി അക്സർ 0,
ഹെൻറി നിക്കോൾസ് റൺഔട്ട് 6, മിച്ചൽ സാന്റ്നർ‌ നോട്ടൗട്ട് 27, ടിം സൗത്തി സി ധോണി ബി ബുമ്ര 8, ഇഷ് സോധി നോട്ടൗട്ട് 11. 20 ഓവറിൽ എട്ടിന് 149

ബോളിങ്: നെഹ്റ 4–0–29–0, ചഹാൽ 4–0–26–2, ബുമ്ര 3–0–21–1, അക്സർ 4–0–20–2, ഹാർദിക് 1–0–11–1, ഭുവനേശ്വർ 3–0–23–1, അക്സർ 4–0–20–2, ഹാർദിക് 1–0–11–1