Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റണ്ണൊഴുക്ക്, റെക്കോർഡുകളുടെ കുത്തൊഴുക്ക്; ഇന്ത്യ–കിവീസ് ആദ്യ ട്വന്റി20 ബാക്കിവയ്ക്കുന്നത്...

Ashish-Nehra

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒട്ടേറെ ആവശേക്കാഴ്ചകൾ സമ്മാനിച്ചാണ് ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ട്വന്റി20 മൽസരം കടന്നുപോയത്. ചരിത്രത്തിലാദ്യമായി ന്യൂസീലൻഡിനെ ട്വന്റി20 മൽസരത്തിൽ കീഴടക്കാനായതിന്റെ സന്തോഷത്തിനൊപ്പം, വെറ്ററൻ താരം ആശിഷ് നെഹ്റയുടെ വിടവാങ്ങലിന്റെ നൊമ്പരവും ആരാധകരുടെ മനസ്സിൽ ഈ മൽസരം ബാക്കിവയ്ക്കുന്നു.

എന്തായാലും ആദ്യ ട്വന്റി20 മൽസരത്തിൽ അടിച്ചുതകർത്ത ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലാക്കി. ട്വന്റി20 ചരിത്രത്തിൽ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നു സ്ഥാപിച്ച 158 റൺസ്. പാക്കിസ്ഥാനെതിരെ 2016 ജനുവരിയിൽ ന്യൂസീലൻഡ് താരങ്ങളായ മാർട്ടിൻ ഗപ്റ്റിൽ–കെയ്ൻ വില്യംസൻ സഖ്യം സ്ഥാപിച്ച 171 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്. 2009 നവംബറിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഗ്രെയിം സ്മിത്ത്–ബോസ്മാൻ സഖ്യം സ്ഥാപിച്ച 170 റൺസ് രണ്ടാമതുണ്ട്.

അതേസമയം, ട്വന്റി20യിൽ ഇന്ത്യൻ ഓപ്പണർമാരുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും ചേർന്നു സ്ഥാപിച്ചത്. 16.2 ഓവർ ക്രീസിൽ നിന്ന ഇരുവരും ചേർന്ന് ന്യൂസീലൻഡിനെതിരെ നേടിയത് ആറു സിക്സും 14 ബൗണ്ടറികളും ഉൾപ്പെടെ 158 റൺസ്. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സാക്ഷാൽ വീരേന്ദർ സേവാഗും ഗൗതം ഗംഭീറും ചേർന്നു സ്ഥാപിച്ച 136 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പഴങ്കഥയാക്കിയത്.

അതേസമയം, എല്ലാ വിക്കറ്റ് കൂട്ടുകെട്ടുകളും പരിശോധിച്ചാൽ ഉയർന്ന ആറാമത്തെ കൂട്ടുകെട്ടാണ് ഇവരുടേത്. ഇക്കാര്യത്തിലും ഗപ്റ്റിൽ–വില്യംസൻ സഖ്യം ഒന്നാമതും സ്മിത്ത്–ബോസ്മാൻ സഖ്യം രണ്ടാമതുമുണ്ട്. കുമാർ സംഗക്കാര–മഹേള ജയവർധനെ സഖ്യം വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 166 റൺസ് കൂട്ടുകെട്ടാണ് മൂന്നാമത്. ഡേവിഡ് വാർണർ–ഗ്ലെൻ മാക്‌സ്‌വൽസഖ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 161 റൺസ് കൂട്ടുകെട്ട് നാലാമതും ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസ്–രവി ബൊപ്പാര സഖ്യം വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 161 റൺസ് അഞ്ചാമതുമുണ്ട്.

ഇതിനു പുറമെ ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടു കൂടിയാണ് ഇരുവരും ചേർന്നു സ്ഥാപിച്ച 158. ധർമശാലയിൽ രോഹിത് ശർമ–വിരാട് കോഹ്‍ലി സംഖ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്ഥാപിച്ച 138 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പിന്നിലാക്കിയത്. ഇവരുടെ പ്രകടനത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ട്വന്റി20യിൽ അവസാനം കളിച്ച 11 ഇന്നിങ്സുകളിൽ ഇരുവർക്കും ഒരു അർധസെഞ്ചുറി കൂട്ടുകെട്ട് പോലും കണ്ടെത്താനായിരുന്നില്ല. ഈ ക്ഷീണം മാറ്റി ഇരുവരും ഡൽഹി ഫിറോസ് ഷാ കോട്‌ലയിൽ ആഞ്ഞടിച്ചതോടെ തകർന്നു വീണത് ഇന്ത്യയുടെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ്. രാജ്യാന്തര ട്വന്റി20യിൽ ശിഖർ ധവാന്റെ ഉയർന്ന സ്കോറുമാണ് ഇന്നത്തെ 80 റൺസ്!

ഇന്ത്യ–ന്യൂസീലൻഡ് മൽസരത്തിലെ ചില ഹൈലൈറ്റുകൾ:

∙ ആറു മൽസരങ്ങൾ നീണ്ട ഇന്ത്യ–ന്യൂസീലൻഡ് മുഖാമുഖങ്ങളിൽ ഇന്ത്യ നേടുന്ന ആദ്യത്തെ വിജയമാണിത്.
∙ ഈ വിജയത്തോടെ ട്വന്റിയിൽ എല്ലാ പ്രമുഖ ടീമുകൾക്കുമെതിരെ വജിയം നേടിയെന്ന റെക്കോർഡ് ഇന്ത്യയ്ക്കു സ്വന്തം.
∙ റൺ മാർജിൻ അടിസ്ഥാനമാക്കിയാൽ ഇന്ത്യയുടെ ആറാമത്തെ ഏറ്റവും വലിയ ട്വന്റി20 വിജയമാണ് ന്യൂസീലൻഡിനെതിരെ നേടിയത്. 2012 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിര കൊളംബോയിൽ നേടിയ 90 റൺസ് വിജയമാണ് ഒന്നാമത്.

∙ ഡൽഹിയിൽ ഇന്ത്യ നേടിയ 202 റൺസ്, ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഉയർന്ന സ്കോറാണ്. 2007ലെ ലോകകപ്പിൽ ജൊഹാനാസ്ബർഗിൽ വച്ചുനേടിയ 180 റൺസിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
∙ ട്വന്റി20യിൽ ഇന്ത്യയുടെ സ്കോർ 200 കടക്കുന്നത് ഇത് ഏഴാം തവണയാണ്. ഇതിൽ നാലു തവണയും ഇന്ത്യൻ മണ്ണിലായിരുന്നു ഈ നേട്ടം.
∙ ട്വന്റി20യിൽ ശിഖർ ധവാന്റെ ഏറ്റവും ഉയർന്ന സ്കോറാണ് കഴിഞ്ഞ ദിവസം നേടിയ 80 റൺസ്. 2016ൽ ബംഗ്ലദേശിനെതിരെ ധാക്കയിൽ നേടിയ 60 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. 2016 ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 51 റൺസാണ് രാജ്യാന്തര ട്വന്റി20യിൽ ധവാന്റെ അവശേഷിക്കുന്ന ഏക അർധസെഞ്ചുറി.

∙ ട്വന്റി20 കരിയറിലെ മൂന്നാമത്തെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരമാണ് ധവാൻ ന്യൂസീലൻഡിനെതിരെ ന്യൂഡൽഹിയിൽ നേടിയത്. ന്യൂസീലൻഡിനെതിരെ നേടുന്ന ആദ്യ പുരസ്കാരവും.
∙ ന്യൂസീലൻഡിനെതിരെ രോഹിത് ശർമയുടെ ആദ്യ അർധസെഞ്ചുറിയാണ് കഴിഞ്ഞ ദിവസം പിറന്നത്.
∙ ട്വന്റിയിൽ രോഹിത് ശർമയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് കഴിഞ്ഞ ദിവസം ന്യൂസീലൻഡിനെതിരെ നേടിയത്. 55 പന്തിൽ 80 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. 2015 ഒക്ടോബറിൽ ധരംശാലയിൽവച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറിയാണ് രോഹിതിന്റെ ഉയർന്ന സ്കോർ. അന്ന് 66 പന്തിൽ 106 റൺസാണ് രോഹിത് നേടിയത്. 2016 ഫെബ്രുവരിയിൽ ധാക്കയിൽ ബംഗ്ലദേശിനെതിരെ 55 പന്തിൽ 83 റൺസ് നേടിയതാണ് രണ്ടാമത്.

∙ ട്വന്റിയിൽ ജയിച്ച മൽസരങ്ങളിൽ 1000 റൺസ് തികയ്ക്കുന്ന കളിക്കാരനായും രോഹിത് മാറി. 41 മൽസരങ്ങളിൽനിന്ന് 37.40 റൺസ് ശരാശരിയിൽ 1010 റൺസാണ് രോഹിതിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇതിൽ 10 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 34 മൽസരങ്ങളിൽനിന്നും 69.57 റൺസ് ശരാശരിയിൽ 1322 റൺസെടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഇക്കാര്യത്തിൽ രോഹിതിനു മുന്നിലുള്ളത്. ഇതിൽ 13 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.
∙ ന്യൂസീലൻഡിനെതിരെ 80 റൺസ് നേടിയ രോഹിതും ധവാനും, കിവികൾക്കെതിരെ ട്വന്റി20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.
∙ ന്യൂസീലൻഡിനെതിരെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന സ്കോറാണ് രോഹിതും ധവാനും ചേർന്നു നേടിയ 158 റൺസ്. 2013ൽ വെല്ലിങ്ടനിൽ ഇംഗ്ലണ്ട് താരങ്ങളായ അലക്സ് ഹെയിൽസും മൈക്കൽ ലംബും ചേർന്നു നേടിയ 143 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പിന്നിലാക്കിയത്.

∙ ന്യൂസീലൻഡിനെതിരെ 98 പന്തുകൾ നേരിട്ട രോഹിത്–ധവാൻ സഖ്യം ഇക്കാര്യത്തിലും റെക്കോർഡിട്ടു. വെസ്റ്റ്–ഇൻഡീസിനെതിരെ 166 റൺസ് കൂട്ടുകെട്ട് തീർക്കാൻ മഹേള ജയവർധനെ–കുമാര‍് സംഗക്കാര സഖ്യം നേരിട്ട 99 പന്തുകളുടെ റെക്കോർഡ് മാത്രമാണ് ഇവർക്കു മുന്നിലുള്ളത്.
∙ ട്വന്റി20യിൽ ഓപ്പണർമാർ ഇരുവരും ഒരേ ഇന്നിങ്സിൽ 75 റൺസിനു മീതെ നേടുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2009ൽ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (88), ലൂട്സ് ബോസ്മാൻ (94) എന്നിവരാണ് ഈ നേട്ടം ആദ്യം പിന്നിട്ടത്. 2016ൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന്റെ ജോൺസൻ ചാൾസ് (79), എവിൻ ലൂയിസ് (100) എന്നിവരും ഈ നേട്ടം സ്വന്തമാക്കി.
∙ 257 മൽസരങ്ങളിൽനിന്നായി രോഹിത് ശർമയുടെ സിക്സ് നേട്ടം 268 ആയി. ഇക്കാര്യത്തിൽ ഇന്ത്യക്കാരന്റെ റെക്കോർഡാണിത്. 259 മൽസരങ്ങളിൽനിന്ന് 265 സിക്സ് കണ്ടെത്തിയ സുരേഷ് റെയ്നയുടെ റെക്കോർഡാണ് തകർന്നത്.

∙ ട്വന്റി20യിൽ ആദ്യം ബോൾ ചെയ്യുമ്പോൾ 10 ഓവറിനിടെ ന്യൂസീലൻഡിന് വിക്കറ്റ് കിട്ടാതെ പോകുന്നത് ഇതാദ്യ സംഭവം.
∙ ന്യൂസീലൻഡ് താരം ട്രെന്‍ഡ് ബോൾട്ട് ഇന്ത്യയ്ക്കെതിരെ നാല് ഓവറിൽ വഴങ്ങിയത് 49 റൺസ്. താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും മോശം പ്രകടനം.

related stories