Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ അവരെന്നെ ഹെഡ്മാസ്റ്ററാക്കി: തുറന്നു പറഞ്ഞ് അനിൽ കുംബ്ലെ

Anil Kumble സത്യ നാദെല്ലയും അനിൽ കുംബ്ലെയും

ന്യൂഡൽഹി ∙ കുട്ടിക്കാലത്ത് കർശനമായ അച്ചടക്കത്തോടെ വളർന്നത്, പിന്നീട് കോച്ചായപ്പോൾ തനിക്ക് ‘ഹെഡ്മാസ്റ്റർ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണമായെന്ന് അനിൽ കുംബ്ലെ. ബാല്യത്തിന്റെ നല്ലപാഠങ്ങൾ തന്നെ എങ്ങനെ മികച്ച ക്രിക്കറ്ററാക്കിയെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യനാദെല്ലയുമായി നടത്തിയ മുഖാമുഖത്തിൽ കുംബ്ലെ വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിയും കടുത്ത ക്രിക്കറ്റ് ആരാധകനുമായ നാദെല്ലയാണ് മാതാപിതാക്കളുടെ സ്വാധീനത്തെക്കുറിച്ച് ആദ്യം കുംബ്ലെയോട് ചോദിച്ചത്.

‘ എന്റെ മുത്തച്ഛൻ ഒരു ഹെഡ്മാസ്റ്ററായിരുന്നു. പിന്നീട് എന്റെ കരിയറിലും ആ പേര് വീണു. അതെങ്ങനെയെന്ന് ചിലർക്കെങ്കിലും മനസ്സിലായിക്കാണുമല്ലോ ’ –കുംബ്ലെയുടെ ചോദ്യം ചിരി പടർത്തി. കഴിഞ്ഞ ജൂണിലാണ് ക്യാപ്റ്റൻ വിരാട് കോ‍ഹ്‍ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുന്നത്. അന്ന് ഏറെ അഭ്യൂഹങ്ങൾ പരന്നുവെങ്കിലും കുംബ്ലെ അതേക്കുറിച്ച് മൗനം പാലിച്ചിരുന്നു.

‘ഹിറ്റ് റിഫ്രഷ് ’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണാർഥമാണ് നദെല്ലയുടെ ഇന്ത്യൻ സന്ദർശനം. ജീവിതത്തിൽ ‘ഹിറ്റ് റിഫ്രഷിനുള്ള പങ്കിനെക്കുറിച്ച് ഇരുവരും വാചാലരായി. 2003–04ലെ ഓസ്ട്രേലിയൻ പര്യടനം അത്തരമൊരു റിഫ്രഷ് അനുഭവമായി കുംബ്ലെ ചൂണ്ടിക്കാട്ടി– ‘അന്ന് ടീമിൽ ഇടം നേടാൻ ഞാനും ഹർഭജനും തമ്മിൽ മൽസരമായിരുന്നു. എനിക്ക് മുപ്പതു വയസ്സ്. ഞാൻ വിരമിക്കേണ്ടതിനെക്കുറിച്ച് ചർച്ചകളും സജീവം. അഡലെയ്ഡ് ടെസ്റ്റിൽ ആദ്യ ദിനം ഞാൻ കൂടുതൽ റൺസുകൾ വിട്ടുകൊടുത്തു. രണ്ടാം ദിനം പുതിയൊരു രീതിയിൽ ഞാൻ ഗൂഗ്ലി പരീക്ഷിച്ചു. ടെന്നിസ് പന്ത് കളിക്കുന്ന കാലത്തെ കളിയോർമയിൽ നിന്നാണ് അങ്ങനെ ചെയ്തത്. എനിക്ക് അഞ്ചു വിക്കറ്റ് കിട്ടി. ഇന്ത്യ ജയിച്ചു. നമ്മൾ നമ്മളെ പുതുക്കുന്നത് അങ്ങനെയാണ്’.

ഇന്ത്യയുടെ 1983 ലോകകപ്പ് വിജയവും 2001ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനവും (ഇന്ത്യ പരമ്പര 2–1 ന് ജയിച്ചു) ആണ് തന്റെ മനസ്സിൽ മായാതെ നിൽക്കുന്നതെന്നും കുംബ്ലെ പറഞ്ഞു.

related stories