Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നവർ കുംബ്ലെയെ തഴയാൻ ശ്രമിച്ചു; ഞാൻ വഴക്കിട്ട് നിലനിർത്തി: ഗാംഗുലിയുടെ വെളിപ്പെടുത്തൽ

Anil Kumble

മുംബൈ ∙ 2003–04 കാലയളവിലെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് അനിൽ കുംബ്ലെയെ ഒഴിവാക്കാൻ സെലക്ടർമാർ നടത്തിയ ശ്രമത്തെ താൻ എതിർത്തു തോൽപ്പിച്ച സംഭവം വെളിപ്പെടുത്തി അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് കുംബ്ലെയ്ക്കായി താൻ സെലക്ടർമാരുമായി വഴക്കടിച്ച സംഭവം ഗാംഗുലി വെളിപ്പെടുത്തിയത്.

കഴിഞ്ഞ 20–25 വർഷത്തിനിടെ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച മാച്ച് വിന്നർ എന്ന വിശേഷണത്തോടെയാണ് കുംബ്ലെയ്ക്കായി താൻ നടത്തിയ ‘പോരാട്ട’ത്തെക്കുറിച്ച് ഗാംഗുലി വിശദീകരിച്ചത്.

2003ലെ ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപായി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം നടക്കുകയാണ്. അന്ന് ഞാനാണ് ക്യാപ്റ്റൻ. യോഗം ആരംഭിച്ചതു മുതൽ അനിലിനെ (അനിൽ കുംബ്ലെ) ടീമിൽ ഉൾപ്പെടുത്താനുള്ള പദ്ധതി സെലക്ടർമാർക്കുണ്ടായിരുന്നില്ല. ഞാൻ യോഗത്തിനെത്തുമ്പോൾ തന്നെ കുംബ്ലെയെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന തീരുമാനത്തിലായിരുന്നു അവർ.

എന്നാൽ കുംബ്ലെ ടീമിൽ വേണമെന്ന് ഞാൻ ശക്തമായി വാദിച്ചു. ഇത്രയും മൽസരങ്ങൾ ജയിപ്പിച്ചിട്ടുള്ള കുംബ്ലെയെ ടീമിൽ നിലനിർത്താതിരിക്കുന്നത് ശരിയല്ലെന്നായിരുന്നു എന്റെ വാദം. അദ്ദേഹം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ വേണമെന്ന് ഞാൻ ശക്തിയുക്തം വാദിച്ചെങ്കിലും സെലക്ടർമാർ സമ്മതിച്ചില്ല.

കുംബ്ലെയ്ക്കു പകരം ഇടംകയ്യൻ സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അവരുടെ വാദം. ഓസ്ട്രേലിയൻ താരങ്ങൾ ഇടംകയ്യാൻ സ്പിന്നർമാരെ കളിക്കാൻ അത്ര പ്രാപ്തരല്ലെന്നായിരുന്നു അവരുടെ ന്യായം. സാധാരണ പെട്ടെന്നു തന്നെ അവസാനിക്കാറുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഈ തർക്കത്തിൽ തട്ടി മണിക്കൂറുകൾ നീണ്ടു. ഞാൻ കുംബ്ലെ വേണമെന്ന വാദത്തിൽ ഉറച്ചുനിന്നപ്പോൾ, വേണ്ടെന്ന നിലപാടിൽ സെലക്ടർമാരും ഉറച്ചുനിന്നു.

ഇതോടെ അന്നത്തെ പരിശീലകൻ ജോൺ റൈറ്റ് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു. തൽക്കാലം സെലക്ടർമാർ പറയുന്നതുപോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്തായാലും നാം ഈ പരമ്പരയിൽ നന്നായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കുംബ്ലെയില്ലാത്ത ടീമിൽ കളിക്കില്ലെന്ന തീരുമാനം ഞാൻ അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ചില കളികളിൽ പ്രകടനം മോശമായെന്നു പറഞ്ഞ് എന്റെ ടീമംഗത്തെ തഴയാൻ സമ്മതിക്കില്ലെന്നും ഞാൻ റൈറ്റിനെ അറിയിച്ചു. ഇപ്പോൾ കുംബ്ലെയെ തഴഞ്ഞാൽ അദ്ദേഹം വീണ്ടും ടീമിൽ കളിച്ചേക്കില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടി.

കുംബ്ലയെ ഉൾപ്പെടുത്തിയില്ലെങ്കിൽ ടീമംഗങ്ങളുടെ പട്ടികയിൽ ഞാൻ ഒപ്പിടില്ലെന്നു കൂടി പറഞ്ഞതോടെ സെലക്ഷൻ കമ്മിറ്റി അയഞ്ഞു. അവർ എന്നെക്കൊണ്ട് മടുത്തതു പോലെയായി. അതോടെ അവർ എനിക്കെതിരെ ഒരു കൊച്ചു ഭീഷണിയുമായി വന്നു. ഞാനോ, കുംബ്ലെയോ, ടീമോ മോശമായി കളിച്ചാൽ എനിക്കായിരിക്കും ഉത്തരവാദിത്തമെന്നായിരുന്നു അവരുടെ നിലപാട്. ഞാൻ അത് അംഗീകരിച്ചതോടെ കുംബ്ലെ വീണ്ടും ടീമിലെത്തി.

ആ പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനമായിരുന്നു അനിലിന്റേത്. ആ വർഷവും അനിലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വർഷമായിത്തീർന്നു. ആകെ 80 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വർഷം ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തുന്ന സ്പിന്നറായി മാറി – ഗാംഗുലി പറഞ്ഞു.

ഗാംഗുലിയുടെ നിലപാട് ശരിയായോ? പരമ്പരയിൽ കുംബ്ലെയുടെ പ്രകടനം ഇങ്ങനെ:

ബ്രിസ്ബെയ്നിലായിരുന്നു പരമ്പരയിലെ ആദ്യ െടസ്റ്റ്. ഈ മൽസരത്തിൽ കുംബ്ലെയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഈ ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഹർഭജൻ സിങ്ങായിരുന്നു ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നിർ മൽസരത്തിൽ ഹർഭജൻ ആകെ നേടിയത് ഒരു വിക്കറ്റ്. അഞ്ചു വിക്കറ്റെടുത്ത സഹീർ ഖാനായിരുന്നു ഈ മൽസരത്തിൽ ഇന്ത്യയ്ക്കായി കൂടുതൽ വിക്കറ്റെടുത്തത്.

കുംബ്ലെയെ ഉൾപ്പെടുത്തി അഡ്‌ലെയ്ഡിൽ നടന്ന മൽസരത്തിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന് വിജയിച്ച് പരമ്പരയിൽ മുന്നിലെത്തി. അഞ്ചു വിക്കറ് നേട്ടത്തോടെയാണ് കുംബ്ലെ പരമ്പരയിൽ അരങ്ങേറിയത്. റിക്കി പോണ്ടിങ് ഇരട്ടസെഞ്ചുറി നേടിയ ഒന്നാം ഇന്നിങ്സിൽ കുംബ്ലെ 43 ഓവറിൽ 154 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത് ഇന്ത്യൻ ബോളർമാരിൽ മുമ്പനായി. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത അജിത് അഗാർക്കർ ഓസീസിനെ തോൽവിയിലേക്കു തള്ളിവിട്ടപ്പോൾ ഗിൽക്രിസ്റ്റിനെ പുറത്താക്കി കുംബ്ലെയും തിളങ്ങി.

മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിലും റിക്കി പോണ്ടിങ് ഇരട്ടസെഞ്ചുറി നേടിയതോടെ ഓസ്ട്രേലിയ തിരിച്ചുകയറിയത് വിജയവുമായി. ഒൻപതു വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1–1ന് ഒപ്പമെത്തി. ആദ്യ ഇന്നിങ്സിൽ 51 ഓവറിൽ 176 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ തുടർച്ചയായ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടത്തോടെ സാന്നിധ്യമറിയിച്ചു. രണ്ടാം ഇന്നിങ്സിൽ കുംബ്ലെയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

സിഡ്നിയിൽ നടന്ന നിർണായകമായ രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ പരമ്പരയും സമനിലയിലായി. സച്ചിൻ തെൻഡുൽക്കറിന്റെ ഇരട്ടസെഞ്ചുറിയായിരുന്നു മൽസരത്തിന്റെ പ്രത്യേകത. പരമ്പരയിൽ കുംബ്ലെയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടതും ഈ മൽസരത്തിൽതന്നെ. ആദ്യ ഇന്നിങ്സിൽ 46.5 ഓവറിൽ 141 റൺസ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റ് വീഴ്ത്തി 10 വിക്കറ്റ് നേട്ടം കൈവരിച്ചു.

പരമ്പരയിലാകെ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്ന് അഞ്ചു വിക്കറ്റ് നേട്ടവും ഒരു 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ കുംബ്ലെ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ മുന്നിലെത്തി. നാലു മൽസരങ്ങളിൽനിന്ന് 16 വിക്കറ്റ് വീഴ്ത്തിയ അജിത് അഗാർക്കർ രണ്ടാമതായി. ആ വർഷം ടെസ്റ്റിലാകെ 80 വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ ഒരു കലണ്ടർ വ‌ർഷത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന സ്പിന്നറുമായി.

related stories