Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നു, വരുമോ സഞ്ജുക്കാലം?

sanju-samson-784

ധോണിക്കൊത്തൊരു പിൻഗാമി, ആ ഒരു റേഞ്ചിലേക്ക് എത്തിപ്പെടുന്നത് ആരായിരിക്കും? മികച്ചൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും വലിയ ആധിക്കുള്ള ഉത്തരമായിരുന്നു റാഞ്ചിക്കാരൻ മഹേന്ദ്രസിങ് ധോണി. ഏറെക്കാലമായി ആ ഉത്തരംതന്നെ ശരിയായി തുടരുകയുമാണ്. പക്ഷേ, ഇനിയും എത്രനാൾകൂടി ധോണിയിൽ മാത്രം ആശ്രയിക്കാൻ ടീം ഇന്ത്യയ്ക്കാവും. കളി എപ്പോൾ മതിയാക്കണമെന്ന് തീരുമാനിക്കാൻ ധോണിക്കറിയാം. പക്ഷേ, അങ്ങനൊരു വിരമിക്കൽ പെട്ടെന്നുണ്ടായാൽ പകരം ആര് എന്നതിനൊരു ഉത്തരം ഇതുവരെയും കണ്ടെത്താൻ ഇന്ത്യൻ ടീമിനായിട്ടില്ല. 

ഒരുപാട് ഉത്തരങ്ങളിൽനിന്നു ശരിയായ ഒന്നിനെ കണ്ടെത്തുക എന്നതാണ് ടീം നേരിടാൻ പോകുന്ന വെല്ലുവിളി. കൂടുതൽ മികച്ച ഉത്തരമാകാൻ സഞ്ജുവിന് കഴിഞ്ഞാൽ ധോണിക്കു ശേഷം വിക്കറ്റിനു പിന്നിൽ ഇന്ത്യൻ കുപ്പായത്തിൽ നിറഞ്ഞുകളിക്കാം. പ്രതിഭ ആവോളം അനുഗ്രഹിച്ച കളിക്കാരനാണ് സഞ്ജുവെന്നതിൽ ആർക്കുമില്ല സംശയം. ഇടക്കാലത്തുണ്ടായ ചില അപഖ്യാതികളൊഴിച്ചാൽ മികച്ച കരിയർ റെക്കോർഡും സ്വന്തമായുണ്ട്. കിട്ടുന്ന അവസരങ്ങൾ നന്നായി മുതലാക്കുക എന്നതാണ് ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള ഏകവഴിയെന്ന് സഞ്ജുവിനും കൃത്യമായറിയാം. 

കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയിലും ശ്രീലങ്കയ്ക്കെതിരെ ബോർഡ് പ്രസിഡന്റ്സ് ടീമിന്റെ നായകൻ എന്ന നിലയിലും സഞ്ജുവിന്റെ പ്രകടനങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള അവകാശവാദത്തിനു കരുത്തേകുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് രാജസ്ഥാനെതിരെ നടന്ന മൽസരത്തിലാണ് സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ചുറി പിറക്കുന്നത്.

തൊട്ടുപിന്നാലെ ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനെ നയിക്കാനുള്ള ഉത്തരവാദിത്തവും സഞ്ജുവിനു ലഭിച്ചു. നായകന്റെ ഉത്തരവാദിത്തം നെഞ്ചിലേറ്റിയ സഞ്ജു ശ്രീലങ്കയുടെ മികച്ച സ്കോറിനെതിരെ പതറിയ ടീമിനെ കൈപിടിച്ചുയർത്തി. വിജയത്തോളം പോന്നതായിരുന്നു ആ സെഞ്ചുറിയും. സൗരാഷ്ട്രയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ നേടിയ 175 റൺസോടെ രഞ്ജി ട്രോഫിയിലെ റൺവേട്ടക്കാരിലും സഞ്ജു മുൻനിരയിലെത്തി. ആറ് കളികളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 577 റൺസ്. നിലവിലെ രഞ്ജി സീസണിൽ 62.33 ശരാശരി. 

വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെന്ന് മറ്റാരെക്കാളും സഞ്ജുവിന് ബോധ്യമുണ്ടാവും. ധോണിയൊഴിയുന്ന സ്ഥാനത്തേക്കെത്താൻ മൽസരത്തിനുള്ളത് ദിനേഷ് കാർത്തിക്കും, വൃദ്ധിമാൻ സാഹയും, റിഷഭ് പന്തും, കെ.ആർ. രാഹുലുമടക്കമുള്ളവരാണ്. നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സഞ്ജുവിനു ധൈര്യമായി ഈ സ്ഥാനത്തേക്ക് മൽസരിക്കാം.

ഇന്ത്യൻ ടീം ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന്റെ വാക്കുകളും സഞ്ജുവിന് പ്രതീക്ഷ നൽകുന്നതാണ്. ‘‘സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനം സന്തോഷം നൽകുന്നതാണ്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിനാകുന്നുണ്ട്. ഇത് അദ്ദേഹത്തിനും ഒപ്പംമികച്ച ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ടീമിനും ഏറെ സഹായകമാകും’’. 

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താൻ സാധ്യത നൽകുന്നതാണ് പ്രസാദിന്റെ വാക്കുകൾ, പ്രത്യേകിച്ചും സീനിയർ താരങ്ങളിൽ പലർക്കും വിശ്രമം അനുവദിച്ചേക്കാവുന്ന സാഹചര്യത്തിൽ. 

‘‘ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാൻ അർഹനാണെന്നു സഞ്ജു സാംസൺ തെളിയിച്ചുകഴിഞ്ഞു. ഇനിയുള്ള തീരുമാനം സിലക്ടർമാരുടേതാണ്. പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യൻ ടീമിലെത്താൻ സ്ഥിരതയുള്ള മികച്ച പ്രകടനം മാത്രമേ വഴിയുള്ളൂ.’’ - ഡേവ് വാട്മോർ, കേരള രഞ്ജി ടീം കോച്ച്

related stories