Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയുടെ പ്രകടനം മോശം, ടീമിൽനിന്നു പുറത്താക്കിയതിൽ അദ്ഭുതമില്ല: ഗാംഗുലി

ganguly-dhoni സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി

കൊൽക്കത്ത∙ ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് മഹേന്ദ്രസിങ് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ധോണിയുടെ പ്രകടനം തീർത്തും മോശമായതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. അടുത്ത ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ രൂപപ്പടുത്തുമ്പോൾ അതിൽ ധോണിക്ക് പ്രത്യേകിച്ചു പങ്കൊന്നും വഹിക്കാനില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ട്വന്റി20 ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ എനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ല. അടുത്ത കാലത്തായി തീർത്തും മോശം പ്രകടനമാണ് ധോണിയുടേത്. 2020 ട്വന്റി20 ലോകകപ്പു വരെ എന്തായാലും ധോണി കളിക്കുമെന്നു ഞാൻ കരുതുന്നില്ല. അതുകൊണ്ടുതന്നെ ധോണിക്കു പിൻഗാമിയെ കണ്ടെത്താൻ ഉദ്ദേശിച്ചാണ് മികച്ച ഫോമിൽ കളിക്കുന്ന ഋഷഭ് പന്തിനെ പകരം ടീമിലെടുത്തത്’ – ഗാംഗുലി പറഞ്ഞു.

അതേസമയം, 2019 ഏകദിന ലോകകപ്പിൽ ധോണിയുെട സേവനം ഉപയോഗിക്കാൻ സിലക്ടർമാർ തീരുമാനിച്ച സ്ഥിതിക്ക്, അദ്ദേഹത്തിന് ആവശ്യത്തിന് മൽസരം പരിചയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ഇക്കാര്യത്തിൽ എനിക്കു കൂടുതലൊന്നും പറയാനില്ല. 2019ലെ ഏകദിന ലോകകപ്പിൽ വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണിയെത്തന്നെ ആശ്രയിക്കാൻ സിലക്ടർമാർ തീരുമാനിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിന് ആവശ്യത്തിന് മൽസര പരിചയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന പതിവ് ധോണിക്കില്ല. അതുകൊണ്ടുതന്നെ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിനുശേഷം ധോണി പിന്നെ കളിക്കാനിറങ്ങുന്നത് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ്. അതിനുശേഷം ന്യൂസീലൻഡിനെതിരെ ഏകദിന പരമ്പരയിലും. ഈ പരമ്പരകൾക്കിടയിൽ വലിയ ഇടവേള വരുന്നതും പ്രതികൂലമായി ബാധിച്ചേക്കാം – ഗാംഗുലി ചൂണ്ടിക്കാട്ടി.

കായികക്ഷമതയും മൽസരവീര്യവും നിലനിർത്തുന്നതിന് രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനായി കളിക്കാൻ സിലക്ടർമാർ ധോണിയോടു നിർദ്ദേശിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. എത്ര വലിയ താരമാണെങ്കിലും സ്ഥിരമായി കളിച്ചില്ലെങ്കിൽ മികവു നഷ്ടമാകാൻ സാധ്യതയുണ്ടന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.

related stories