Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കായി 10,000 തികയ്ക്കാൻ ധോണിക്ക് ഒരു റൺകൂടി; ആ ഭാഗ്യം കേരളത്തിന്?

rayudu-shastri തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ അമ്പാട്ടി റായുഡുവിന് നിർദ്ദേശം നൽകുന്ന പരിശീലകൻ രവി ശാസ്ത്രി. (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)

തിരുവനന്തപുരം∙ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മൽസരത്തിന് തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിനൊപ്പമാണ് ക്രിക്കറ്റ് പൂരത്തിന്റെ ആവേശവും തലസ്ഥാന നഗരിയിൽ അലയടിക്കുന്നത്. ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും സൂപ്പർതാരങ്ങൾ കണ്‍മുന്നിൽ ആവേശപ്പോരിനിറങ്ങുമ്പോൾ, രാജ്യാന്തര ക്രിക്കറ്റിലെ ചില നാഴികക്കല്ലുകൾക്കു സാക്ഷ്യം വഹിക്കാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്.

മഹേന്ദ്രസിങ് ധോണിക്ക് ഏകദിനത്തിൽ ഇന്ത്യയ്ക്കായി 10,000 റൺസ് തികയ്ക്കാൻ ഒരേയൊരു റൺ കൂടി മതി. ധോണി ഏകദിനത്തിൽ 10,000 റൺസ് നേരത്തെ പിന്നിട്ടതാണെങ്കിലും അത് ഇന്ത്യയ്ക്കു പുറമെ, ലോക ഇലവനായി കളിച്ചു കൂടി നേടിയതാണ്. ഇന്ത്യയ്ക്ക് മാത്രമായി ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടമാണ് ഒരേയൊരു റൺ അകലെ ധോണിയെ കാത്തിരിക്കുന്നത്.

തിരുവനന്തപുരത്തിന് കാത്തിരിക്കാൻ മറ്റു ചില നാഴികക്കല്ലുകൾ

∙ തിരുവനന്തപുരം സ്പോർട് ഹബ്ബിൽ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിനവും ലിസ്റ്റ് എ മൽസരവുമാണ് ഇന്ത്യ–വിൻഡീസ് പോരാട്ടം.

∙ ഇതിനു മുൻപ് ഈ സ്റ്റേഡിയത്തിൽ നടന്ന ഒരേയൊരു രാജ്യാന്തര മൽസരം കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പോരാട്ടമാണ്. മഴമൂലം വെട്ടിച്ചുരുക്കി നടത്തിയ മൽസരത്തിൽ ഇന്ത്യ ജേതാക്കളായി.

∙ ഇന്ത്യയിൽ ഏകദിന മൽസരം അരങ്ങേറുന്ന 47–ാമത്തെ മൈതാനമാണ് സ്പോർട് ഹബ്. ഏകദിനത്തിൽ ഇന്ത്യയുടെ 44–ാം ഹോം ഗ്രൗണ്ട് കൂടിയാണിത്.

∙ പുതിയ ഹോം വേദികളിൽ ഇതുവരെ നടന്ന 43 മൽസരങ്ങളിൽ 20 എണ്ണത്തിലാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്.

∙ തിരുവനന്തപരും ഏകദിനത്തിലും ടോസ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു ലഭിച്ചാൽ അത് ചരിത്രമാകും. ഒരു ഉഭയകക്ഷി പരമ്പരയിൽ അഞ്ചു മൽസരങ്ങളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്‍ലി മാറും.

∙ ഒരു പരമ്പരയിൽ അഞ്ചു ടോസുകൾ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ക്യാപ്റ്റനായും കോഹ്‍ലി മാറും. അസ്‍ഹറുദ്ദീൻ, രാഹുൽ ദ്രാവി‍ഡ്, മഹേന്ദ്രസിങ് ധോണി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് ഇന്ത്യൻ ക്യാപ്റ്റൻമാർ.

∙ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പരയിൽ അഞ്ചു ടോസ് നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനായും കോഹ്‍ലി മാറും. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസി ക്രോണിയ, ഓസീസ് നായകൻ സ്റ്റീവ് വോ എന്നിവരാണ് ഇതിനു മുൻപ് അഞ്ചു മൽസരങ്ങളിലും വിൻഡീസിനെതിരെ ടോസ് നേടിയിട്ടുള്ളത്.

∙ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിൽ 1,000 റൺസ് പൂർത്തിയാക്കാൻ ധോണിക്ക് 51 റൺസ് കൂടി മതി.

∙ ഇവിടെ ഇന്ത്യ ജയിച്ച് പരമ്പര സ്വന്തമാക്കിയാൽ നാട്ടിൽ തുടർച്ചയായി ആറാം പരമ്പര വിജയമാകും അത്.

∙ ഇതുവരെ കളിച്ച 52 ഏകദിന പരമ്പരകളിൽ രണ്ടെണ്ണം മാത്രമാണ് വെസ്റ്റ് ഇൻഡീസ് സമനിലയിൽ ആക്കിയിട്ടുള്ളത്.

∙ ഇന്ത്യയ്ക്കായി ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കാൻ ഭുവനേശ്വർ കുമാറിന് രണ്ടു വിക്കറ്റ് കൂടി മതി.

∙ 2017 മുതൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബോളറെന്ന റെക്കോർഡ് സ്വന്തമാക്കാൻ ജസ്പ്രീത് ബുമ്രയ്ക്ക് നാലു വിക്കറ്റ് കൂടി മതി.

∙ 2018ൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറാകാൻ കുൽദീപ് യാദവിന് നാലു വിക്കറ്റ് കൂടി മതി.

∙ 2018ൽ ഏകദിനത്തിൽ 150ൽ അധികം വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ രാജ്യമാകാൻ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് കൂടി മതി.

∙ അഞ്ചു മൽസരങ്ങളുള്ള പരമ്പരകളിലെ അവസാന മൽസരത്തിൽ ധോണിയുടെ റൺ ശരാശരി 32.90 മാത്രമാണ്. ഏകദിനത്തിൽ ധോണിക്ക് ഏറ്റവും മോശം റൺ ശരാശരിയുള്ളതും അഞ്ചാം മൽസരത്തിൽ തന്നെ.

related stories