കോഹ്‍ലിക്കും ശാസ്ത്രിക്കും മാത്രമല്ല, മറ്റു താരങ്ങൾക്കും ഇനി ബിസിനസ് ക്ലാസ് യാത്ര

(ട്വിറ്റർ ചിത്രം)

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇനി ബിസിനസ് ക്ലാസിൽ പറക്കും. ഇന്ത്യയ്ക്കുള്ളിൽ മൽസരങ്ങൾക്കു പോകുമ്പോൾ എല്ലാ താരങ്ങൾക്കും വിമാനത്തിൽ ബിസിനസ് ക്ലാസിലിരിക്കാൻ സൗകര്യമൊരുക്കണമെന്ന ബിസിസിഐ ശുപാർശ സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അംഗീകരിച്ചു. ടീം ക്യാപ്റ്റൻ, കോച്ച് എന്നിവർക്കാണ് ഇതുവരെ ബിസിനസ് ക്ലാസിൽ യാത്ര അനുവദിച്ചിരുന്നത്. പുതിയ തീരുമാനം വന്നതോടെ, ആഭ്യന്തര യാത്രകളിലും ഇനി താരങ്ങൾക്ക് ബിസിനസ് ക്ലാസ് സൗകര്യം പ്രയോജനപ്പെടുത്താനാകും. 

തുടർമൽസരങ്ങളുടെ ആധിക്യത്തിനിടയിലും താരതമ്യേന സൗകര്യം കുറഞ്ഞ ഇക്കോണമി ക്ലാസ്സിലെ യാത്രകൾ വലയ്ക്കുന്നതായി താരങ്ങളിൽ ചിലർ പരാതിപ്പെട്ടിരുന്നു. ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ ആരാധകർ സെൽഫിയെടുക്കാനും മറ്റുമായി വന്ന് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഒരു പരാതി. ഇതുമൂലം യാത്രാവേളകളിൽ വിശ്രമിക്കാൻ സാധിക്കുന്നില്ലെന്നും താരങ്ങൾ ചൂണ്ടിക്കാട്ടി. താലതമ്യേന ലെഗ് സ്പേസ് കുറവാണെന്നതും ഇക്കണോമിക് ക്ലാസ് യാത്ര ക്രിക്കറ്റ് താരങ്ങൾക്ക് അപ്രിയമാക്കി.

ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കു പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകൾക്കു തുടക്കമാകാനിരിക്കെയാണ് താരങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെത്തിയിരിക്കുന്നത്.

താരങ്ങൾക്കു സഞ്ചരിക്കാൻ സ്വന്തം വിമാനം വാങ്ങണമെന്ന് കപിൽ

ടീം ഇന്ത്യയുടെ വിദേശ യാത്രകൾക്കായി ബിസിസിഐ സ്വന്തമായി ഒരു വിമാനം വാങ്ങണമെന്ന ആവശ്യവുമായി ഇന്ത്യയ്ക്ക് ലോകകപ്പു നേടിത്തന്ന ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ് ഇടയ്ക്ക് രംഗത്തു വന്നിരുന്നു. വിദേശരാജ്യങ്ങളിലെ ചില താരങ്ങളെപ്പോലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും സ്വന്തമായി വിമാനം വാങ്ങുന്ന കാലമാണ് തന്റെ സ്വപ്നമെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കപിൽ വ്യക്തമാക്കിയത്.

‘‘ബിസിസിഐയ്ക്ക് ഇപ്പോൾ നല്ല രീതിയിൽ വരുമാനമുണ്ടല്ലോ. അപ്പോൾ ഒരു സ്വകാര്യ വിമാനം വാങ്ങുന്നതിൽ തെറ്റില്ല. കളിക്കാരുടെ സമയവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് ഇതു സഹായിക്കും. സാമ്പത്തികമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും കാര്യമായ ബാധ്യത ഇതുകൊണ്ട് ഉണ്ടാകില്ല. അഞ്ചു വർഷം മുൻപേ ബിസിസിഐ ഇതു ചെയ്യേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം..’’– കപിൽ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഓരോരുത്തരും സ്വന്തമായി ‌വിമാനം വാങ്ങുന്ന ദിവസങ്ങൾ വന്നുകാണാൻ തനിക്കു താൽപര്യമുണ്ടെന്നും കപിൽ വ്യക്തമാക്കി. യുഎസിൽ ഗോൾഫ് താരങ്ങളിൽ ചിലർ സ്വന്തമായി വിമാനം ഉപയോഗിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ താരങ്ങൾക്കും സ്വന്തമായി വിമാനം വാങ്ങാവുന്നതേയുള്ളൂ. അവരുടെ ഒട്ടേറെ സമയം ലാഭിക്കാൻ ഇതിലൂടെ കഴിയും – കപിൽ പറഞ്ഞു.

ബിസിസിഐ സ്വന്തമായി വിമാനം വാങ്ങിയാൽ അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകുമെന്ന് കപിൽ ചൂണ്ടിക്കാട്ടി. ഏകദേശം നൂറുപേരെ കയറ്റാവുന്ന ഒരു വിമാനത്തിന് (എയർബസ് എ318) ഏതാണ്ട് 500 കോടി രൂപയേ ചെലവാകൂ. ഇതിന്റെ പ്രവ‍ർത്തനത്തിനായി കുറച്ചുകൂടി തുക ചെലവായാലും അതും ബിസിസിഐയ്ക്കു താങ്ങാവുന്നതേയുള്ളൂവെന്നും കപിൽ അഭിപ്രായപ്പെട്ടിരുന്നു.