ഇങ്ങനെ കളിക്കാൻ ഞാൻ റോബട്ടല്ല: മൽസരാധിക്യത്തെക്കുറിച്ച് ‘പരിഭവ’പ്പെട്ട് കോഹ്‍ലി

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മൽസരങ്ങൾ ഇടതടവില്ലാതെ തുടരവെ, ജോലിഭാരത്തെക്കുറിച്ച് ഓർമിപ്പിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. വിശ്രമമില്ലാതെ കളിക്കാൻ താൻ റോബട്ട് അല്ലെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. വിശ്രമം അനിവാര്യമാണെന്നു തോന്നുന്ന നിമിഷം ഈ ആവശ്യം സെലക്ടർമാർക്കു മുന്നിൽ വയ്ക്കുമെന്നും കോഹ്‍ലി വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകൾക്കു ശേഷം മൂന്നാം ടെസ്റ്റ്, ഏകദിന പരമ്പര എന്നിവയിൽനിന്ന് കോഹ്‍ലി വിശ്രമം തേടിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ പ്രതികരണം.

2016 മുതലുള്ള കണക്ക് നോക്കിയാൽ, എല്ലാ ഫോർമാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട താരം വിരാട് കോഹ്‍ലിയാണ്. ഇതുവരെ 4,803 പന്തുകളാണ് കോഹ്‍ലി നേരിട്ടിട്ടുള്ളത്. ഇതേ കാലയളവിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞിട്ടുള്ള താരങ്ങളും ഇന്ത്യൻ ടീമിലാണ്. 7032 പന്തുകൾ എറിഞ്ഞ ആർ.അശ്വിനും 6346 പന്തുകള്‍ എറിഞ്ഞ രവീന്ദ്ര ജഡേജയുമാണ് പട്ടികയിൽ മുന്നിലുള്ളത്. മൽസരങ്ങളുടെ ആധിക്യം നിമിത്തം കളിഞ്ഞ കുറേ മൽസരങ്ങളിലായി അശ്വിനും ജഡേജയ്ക്കും സെലക്ടർമാർ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ടു മൽസരങ്ങളിൽനിന്ന് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചിരുന്നു. ഐസിസി ചാംപ്യൻസ് ട്രോഫിക്കുശേഷം 30 രാജ്യാന്തര മൽസരങ്ങൾ പൂർത്തിയാക്കിയ താരമാണ് പാണ്ഡ്യ. ഈ സാഹചര്യത്തിൽ താൻ വിശ്രമം ആവശ്യപ്പെട്ടതായി പാണ്ഡ്യതന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൽസരാധിക്യത്തെക്കുറിച്ചും വിശ്രമത്തിന്റെ അനിവാര്യതയെക്കുറിച്ചും ഓർമിപ്പിച്ച് കോഹ്‍ലി രംഗത്തെത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ജോലിഭാരം ചൂണ്ടിക്കാട്ടി കോഹ്‍ലി രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കൊൽക്കത്തയിൽ ഇന്ന് ആരംഭിച്ച ഇന്ത്യ–ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇത്തരം പ്രചാരണങ്ങളെ തള്ളി ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് രംഗത്തെത്തിയിരുന്നു. ആദ്യത്തെ മൂന്നു ടെസ്റ്റുകളിൽ കോഹ്‍ലി പങ്കെടുക്കുമെന്നും താരത്തിനു വിശ്രമം അനുവദിക്കുന്ന കാര്യം അതിനുശേഷം തീരുമാനിക്കുമെന്നുമായിരുന്നു പ്രസാദിന്റെ പ്രതികരണം.

എനിക്കു വിശ്രമം വേണമെന്ന കാര്യം തീർച്ചയല്ലേ. മറിച്ചു ചിന്തിക്കാൻ കാരണങ്ങളെന്തെങ്കിലുമുണ്ടോ? എന്റെ ശരീരത്തിന് വിശ്രമം വേണമെന്നു തോന്നുന്ന സമയത്ത് അതു ഞാൻ ആവശ്യപ്പെടുകതന്നെ ചെയ്യും. ഞാൻ ഒരു റോബോട്ടല്ല. എന്റെ ശരീരത്തിൽ മുറിവുണ്ടാക്കി രക്തം വരുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കൂ – കോഹ്‌ലി പറഞ്ഞു.

ഓള്‍റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ച സ്ഥിതിക്ക് ആദ്യ രണ്ടു ടെസ്റ്റുകളിൽ ജോലി ഭാരം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് കോഹ്‍ലിയുടെ മറുപടി ഇങ്ങനെ: കളത്തിൽ ഒരാൾക്ക് സാധിക്കുന്നതിലുമധികം സംഭാവനകൾ നൽകുന്ന താരങ്ങൾക്ക് വിശ്രമം അനിവാര്യമാണ്. ചിലർക്ക് ഇതേക്കുറിച്ച് എത്ര പറഞ്ഞാലും മനസ്സിലാവില്ല!

മനസ്സിലാക്കുന്ന കാര്യത്തിൽ ആളുകൾ പരാജയപ്പെട്ടു പോകുന്ന ഒരു മേഖലയാണിത്. ജോലിഭാരത്തിന്റെ കാര്യത്തിൽ പുറമേനിന്നു നോക്കിയാൽ സംസാരിക്കാൻ ഒരുപാടുണ്ട്. ഒരു കളിക്കാരന് വിശ്രമം അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തിലും തർക്കങ്ങളുണ്ടാകും. എല്ലാ കളിക്കാരും ഇപ്പോഴത്തെ അവസ്ഥയിൽ വർഷം 40 മൽസരങ്ങൾ വരെ കളിക്കുന്നുണ്ട്. മൂന്നു കളിക്കാർക്ക് വിശ്രമം അനുവദിച്ചാൽ അവരുടെ അഭാവം തീർക്കുന്ന ജോലിഭാരം കൈകാര്യം ചെയ്തേ പറ്റൂ. 11 കളിക്കാർ ടീമിലുണ്ടെങ്കിലും അതിൽ 45 ഓവറും ബാറ്റു ചെയ്യുന്നവരും ഒരു ടെസ്റ്റ് മൽസരത്തിൽ 30 ഓവർ ബോൾ ചെയ്യുന്ന ബോളർമാരും ടീമിൽ അധികമുണ്ടാകില്ല – കോഹ്‍ലി ചൂണ്ടിക്കാട്ടി.

എന്നാൽ, മിക്ക മൽസരങ്ങളിലും ഇത്രയേറെ ജോലിഭാരം താങ്ങേണ്ടിവരുന്നവർക്ക് വിശ്രമം അനുവദിച്ചേ മതിയാകൂ. കാരണം, അവർക്ക് ആരോഗ്യസ്ഥിതി നിലനിർത്താൻ വിശ്രമം അനിവാര്യമാണ്. 40 മൽസരങ്ങൾ കളിച്ചു എന്നതിലല്ല, ക്രീസിൽ എത്ര സമയം ചെലവഴിച്ചു എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് – കോഹ്‍ലി പറഞ്ഞു.

വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലൂടെ നേടിയ റൺസ്, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ബോൾ ചെയ്ത ഓവറുകളുടെ എണ്ണം, ഈ സമയത്തെ അന്തരീക്ഷ ഊഷ്മാവ്, മറ്റു ബാഹ്യ സാഹചര്യങ്ങൾ എല്ലാം പരിഗണിക്കണം. ഇത്തരം കാര്യങ്ങൾ പുറമേയുള്ളവർക്കു മനസ്സിലാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ, എല്ലാവരും തുല്യ എണ്ണം കളികൾ കളിച്ചിട്ടും ചിലർ മാത്രം വിശ്രമം ആവശ്യപ്പെടുന്നതിലെ അനൗചിത്യം ഇത്തരക്കാർ ചോദിച്ചുകൊണ്ടേയിരിക്കും – കോഹ്‍ലി പറഞ്ഞു.

എല്ലാ മൽസരത്തിലും എല്ലാവർക്കും ഒരേ ജോലിഭാരമായിരിക്കില്ലെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, ഒരു ടെസ്റ്റ് മ‍ൽസരത്തിൽ ചേതേശ്വർ പൂജാരയുടെ ജോലിഭാരം വളരെയധികമായിരിക്കും. കാരണം, അദ്ദേഹമാണ് സാധാരണ ഗതിയിൽ ഏറ്റവുമധികം സമയം ക്രീസിൽ ചെലവഴിക്കുന്നത്. അദ്ദേഹത്തിന്റെ കളി ആ രീതിയിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ആക്രമിച്ചു കളിക്കുന്ന ഒരു താരത്തിന്റെ പ്രകടനവുമായോ ജോലിഭാരവുമായോ ഇതിനെ താരതമ്യപ്പെടുത്താനാകില്ല. കാരണം, അതിൽ കാര്യമായ വ്യത്യാസമുണ്ടായിരിക്കും.

താരങ്ങൾ വിശ്രമം ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്യുന്നവർ ഇതെല്ലാം പരിഗണിക്കണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ടാണ് 20–25 കളിക്കാരുള്ള ഒരു സ്ഥിരം ടീമിനെ നാം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. എല്ലാവർക്കും അവസരം ഉറപ്പാക്കാനാണ് റൊട്ടേഷൻ സമ്പ്രദായം പിന്തുടരുന്നതും. സുപ്രധാന മൽസരങ്ങൾ വരുമ്പോൾ പ്രധാന താരങ്ങളുടെ സേവനം ലഭിക്കാതിരിക്കുന്നതിലും നല്ലത് അതല്ലേ? – കോഹ്‍ലി ചോദിച്ചു.