ഇഷാന്ത് ശർമ റീലോഡഡ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്ക് നേട്ടമാകും

മുംബൈ ∙ ഇന്ത്യൻ ബാറ്റിങ്ങിന്റെ കിടിലൻ പ്രകടനം. ശ്രീലങ്കയെ കറക്കിവീഴ്ത്തിയ സ്പിൻ ബോളിങ്. ലോക റെക്കോർഡ് നേടിയ അശ്വിന്റെ പ്രകടനം. നാഗ്പുർ ടെസ്റ്റിലെ ഗംഭീരമായ നേട്ടങ്ങളുടെ കടുംനിറങ്ങൾക്കിടയിൽ ഇഷാന്ത് ശർമയുടെ കിടിലൻ തിരിച്ചുവരവിനു വലിയ പ്രാധാന്യം കിട്ടിയില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ ഉജ്വല വിജയം നേടിയ ടീമിൽ സ്പിന്നിനെ തുണച്ച പിച്ചിൽ ഇഷാന്ത് ശർമ വീഴ്ത്തിയത് എൺപതു റൺസിന് അഞ്ചു വിക്കറ്റുകൾ. ഇത്തരമൊരു പിച്ചിൽ ബൗൺസു കണ്ടെത്തിയ ഇഷാന്തിനെ പ്രത്യേകം അഭിനന്ദിക്കാനും ക്യാപ്റ്റൻ കോ‍ഹ്‍ലി മറന്നില്ല.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണു നാഗ്പുരിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ഇതിനു മുൻപ് ആ റെക്കോർഡ് ബംഗ്ലദേശിനെതിരെ ധാക്കയിൽ നേടിയതായിരുന്നു. 2007 ൽ ആ ടെസ്റ്റിലാണ് ഇഷാന്ത് എന്ന പതിനെട്ടുവയസ്സുകാരൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. ഉയരക്കാരനായ ഇഷാന്തിന്റെ പന്തുകൾ ഇന്ത്യൻ പേസ് ബാറ്ററിക്ക് ഊർജം പകരുമെന്ന കണക്കുകൂട്ടലുകൾ പക്ഷേ, പാളി. ടീമിലേക്കുള്ള പരിഗണനയിൽ മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പിന്നിലായിപ്പോയി പലപ്പോഴും ഇഷാന്ത്. ഒരാൾക്കു പരുക്കേറ്റാൽ ടീമിലിടം കിട്ടിയേക്കാവുന്ന അവസ്ഥ.

ഭുവനേശ്വർ കുമാർ കൂടി വന്നതോടെ ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താൻ ഇഷാന്ത് ശരിക്കും കഷ്ടപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടീമിൽ ഇടം നേടിയതു ഷമിക്കു പരുക്കേറ്റതിനാൽ. തൊട്ടുപിന്നാലെ ശ്രീലങ്കൻ പര്യടനത്തിൽ പിന്നെയും തഴയപ്പെട്ടു. രഞ്ജി ട്രോഫിയിൽ ഡൽഹിക്കുവേണ്ടി നാലു കളിയിൽനിന്ന് ഇരുപതു വിക്കറ്റ്. എന്നിട്ടും നാഗ്പുർ ടെസ്റ്റിൽ ഭുവനേശ്വർ കുമാർ കല്യാണത്തിനു ലീവെടുത്തപ്പോഴാണ് ഇഷാന്തിന് അവസരം വന്നത്. അതു ശരിക്കും പ്രയോജനപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഇഷാന്ത് ഇതോടെ സജീവമാക്കി. കഴിഞ്ഞ പന്ത്രണ്ടു ടെസ്റ്റുകളിലും തനിക്കു കാര്യമായി വിക്കറ്റുകൾ നേടാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ അതിനു മാറ്റം വന്നതിൽ സന്തോഷമുണ്ടെന്നും ഇഷാന്ത് പറഞ്ഞു.