Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി: ക്വാർട്ടറിൽ കേരളം കലമുടച്ചു

vidarbha-celeb കേരളത്തിന്റെ അവസാന വിക്കറ്റ് വീണപ്പോൾ വിദർഭ വിക്കറ്റ് കീപ്പർ അക്ഷയ് വഡ്കറിന്റെ ആഹ്ലാദം. കേരള താരം രോഹൻ പ്രേം സമീപം. ചിത്രം: വിഷ്ണു വി. നായർ.

രഞ്ജി ട്രോഫിയിലെ അപ്രതീക്ഷിത ശക്തിയായി വമ്പൻമാരെ വിറപ്പിച്ചെത്തിയ കേരളം ഓഖി ചുഴലിക്കാറ്റു പോലെ കരുത്തെല്ലാം ചോർന്നു സൂറത്തിൽ കെട്ടടങ്ങി. ക്വാർട്ടറിൽ വിദർഭയ്ക്കെതിരെ മാന്യമായൊരു തോൽവിക്കായി പോലും പൊരുതി നിൽക്കാതെ കേരള ബാറ്റ്സ്മാൻമാർ രണ്ടാം ഇന്നിങ്സിലും ചടങ്ങു തീർത്തു. വിദർഭ ഉയർത്തിയ 577 റൺസിനെതിരെ കേരളം 165 റൺസിന് ഓൾഔട്ട്. 412 റൺസിന്റെ കൂറ്റൻ വിജയവുമായി മഹാരാഷ്ട്രാ ടീമായ വിദർഭ ആദ്യമായി സെമി ഫൈനലിൽ. ഒന്നാം ഇന്നിങ്സിൽ കേരളത്തെ തകർത്ത അഞ്ച് വിക്കറ്റുൾപ്പെടെ ഏഴു വിക്കറ്റ് നേടിയ പേസർ രജനീഷ് ഗുർബാനി കളിയിലെ കേമൻ. ആറു വിക്കറ്റുമായി ഇടംകയ്യൻ സ്പിന്നർ ആദിത്യ സർവതെയാണു രണ്ടാം ഇന്നിങ്സിൽ കേരളത്തെ അതിവേഗം ചുരുട്ടിക്കെട്ടിയത്. സ്കോർ വിദർഭ: 246, 507-9, കേരളം: 176, 165

ഇന്നലെ രാവിലെ ഒൻപതു വിക്കറ്റിന് 507 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത വിദർഭ ജയത്തിനു വേണ്ടി തന്നെ പോരാടാൻ ഉറച്ചിരുന്നു. 577 റൺസ് ലക്ഷ്യത്തിനു മുന്നിൽ അവസാന ആറു മണിക്കൂറുകൾ വിക്കറ്റ് കളയാതെ പിടിച്ചുനിന്നു സമനിലയുമായി സീസൺ അവസാനിപ്പിക്കുക മാത്രമായിരുന്നു കേരളത്തിനു മാർഗം. പക്ഷേ, ഒന്നാം ഇന്നിങ്സിന്റെ തനിയാവർത്തനമായി കേരളത്തിന്റെ രണ്ടാം ഇന്നിങ്സും. 

നേരിട്ട ആദ്യ പന്തിൽ തന്നെ ജലജ് സക്സേനയെ വിക്കറ്റിനു മുന്നിൽ കുടുക്കി ഗുർബാനി വിദർഭയുടെ വിജയവഴിയിലെ ആദ്യ പടിവെട്ടി. സ്ഥാനക്കയറ്റം നേടിയെത്തിയ സൽമാൻ നിസാർ മുഹമ്മദ് അസ്ഹറുദീനൊപ്പം അടി തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. അസ്ഹറുദീനെ (28) അക്ഷയ് വഖാരെ വീഴ്ത്തിയതോടെ എത്തിയ സഞ്ജു സാംസണും (18) വേഗം മടങ്ങി. 

സച്ചിൻ ബേബിയും അസ്ഹറുദീനും വിക്കറ്റ് കാക്കാൻ നടത്തിയ ശ്രമം 137 റൺസ് വരെ നീണ്ടു. ഗുർബാനി തന്നെ സച്ചിനെ (26) മടക്കിയതോടെ പിന്നെയെല്ലാം ഒന്നാം ഇന്നിങ്സ് പോലെ. 28 റൺസിനിടെ അവസാന ആറു വിക്കറ്റുകളും തുരുതുരെ വീണു. ആറും നേടിയതു സർവതെ.

അവസാന ആറിൽ രണ്ടക്കം കടന്നതു 13 റൺസ് നേടിയ രോഹൻ പ്രേം മാത്രം. കേരള ഇന്നിങ്സിലെ പത്തിൽ അഞ്ചും എൽബിഡബ്ല്യു. സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിക്കും (64) കേരളത്തിന്റെ മാനം കാക്കാനായില്ല. വിദർഭയുടെ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റെടുത്ത ഇടംകയ്യൻ സ്പിന്നർ കെ.സി.അക്ഷയ് ആകെ ഒൻപതു വിക്കറ്റെടുത്തപ്പോൾ ജലജ് ആകെ ആറു വിക്കറ്റ് നേടി. രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയുടെ ആദ്യ ജയമാണത്.

ഡൽഹി സെമിയിൽ 

വിജയവാഡ∙ മധ്യപ്രദേശിനെതിരെ ഏഴു വിക്കറ്റ് വിജയവുമായി ഡൽഹി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ. ഗൗതം ഗംഭീർ നേടിയ 95 റൺസ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായി. ജയിക്കാൻ 217 റൺസ് വേണ്ടിയിരുന്ന ഡൽഹിക്കു വേണ്ടി ഗംഭീർ 129 പന്തുകളിൽ നിന്ന് ഒൻപതു ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് 95 റൺസെടുത്തത്. സ്കോർ: മധ്യപ്രദേശ് 338, 283.

ഡൽഹി 405, മൂന്നിന് 217.

Ranji Trophy കേരളം– വിദർഭ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മൽസരത്തിൽനിന്ന്.ചിത്രം: വിഷ്ണു വി. നായർ