ട്വിറ്ററിൽ പേരുമാറി വിളിച്ചു; രവീന്ദ്ര ജഡേജ കലിപ്പിൽ

മുംബൈ∙ ട്വിറ്ററിൽ‌ പേരുമാറി  സന്ദേശമയച്ച യുവാവിനെതിരെ കലിപ്പിൽ ഇന്ത്യൻ  ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. അജയ് എന്നു വിളിച്ച് സന്ദേശമയച്ചതാണു ജഡേജയെ ചൊടിപ്പിച്ചത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ മികച്ച രീതിയിൽ അജയ് ബോൾ ചെയ്തു എന്നാണ് രവീന്ദ്ര ജഡേജയ്ക്ക് ട്വിറ്ററിൽ സന്ദേശമെത്തിയത്. മുൻ ഇന്ത്യൻ താരം അജയ് ജഡേജയുമായി പേരുമാറിയാണ് ആരാധകൻ ജഡേജയെ ‘അജയ്’ എന്നു വിളിച്ചതെന്നാണ് സൂചന. 

രവീന്ദ്ര ജഡേജ ട്വിറ്ററിൽ  നൽകിയ മറുപടി ഇങ്ങനെ.

ഒരാൾ എന്നോട് കഴിഞ്ഞ കളിയില്‍ നല്ല പ്രകടനമായിരുന്നു അജയ് എന്നു പറഞ്ഞു സന്ദേശമയച്ചിരുന്നു. ഒൻപതു വർഷമായി ഞാൻ രാജ്യത്തിന് വേണ്ടി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നുണ്ട്. എന്നിട്ടും എന്‍റെ പേര് ഓർത്തുവയ്ക്കാൻ പോലും ആൾക്കാര്‍ക്കു സാധിക്കുന്നില്ല.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്നായി പത്തു വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ നേടിയത്. ടെസ്റ്റിൽ ടീം ഇന്ത്യയിൽ സ്ഥിര സാന്നിധ്യമാണെങ്കിലും ഏകദിന ടീമിൽ ജഡേജ കളിച്ചിട്ട് കുറച്ചായി. കഴിഞ്ഞ ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു രവീന്ദ്ര ജഡേജ അവസാന ഏകദിനം കളിച്ചത്.