ഒറ്റയാൻ വലിച്ചിട്ടും കിട്ടിയില്ല! മുൻനിര വീണാൽ ഇന്ത്യ പിന്നെ ചീട്ടുകൊട്ടാരം?

ഉയരം കൂടും തോറും വീഴ്ചയുടെ ആക്കവും ആനുപാതികമായി കൂടുന്നതാണ് രീതി. തുടർച്ചയായ പരമ്പരവിജയങ്ങളിലൂടെ ടെസ്റ്റ് റെക്കോർഡ് നേടിയ ടീം തൊട്ടടുത്ത മൽസരത്തിൽ അമ്പേ പരാജയപ്പെടുന്നതാണു ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിനൊടുവിൽ കണ്ടത്. മികച്ച ട്രാക്ക് റെക്കോർഡുമായി മുന്നേറുന്ന ടീമിനെ ഒരു തോൽവിയുടെ പേരി‍ൽ മാത്രം ക്രൂശിക്കുന്നിടത്തോളം വലിയ അപരാധം വേറൊന്നില്ല. പക്ഷെ ഓരോ തോൽവിക്കു പിന്നിലും ഒരേ കാരണമാകുമ്പോഴാണ് വിമർശനങ്ങൾക്കു മുനകൂടുന്നത്.

ഓപ്പണിങ് ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം നടത്തിയ ഒരു കളിയിലും ഈ അടുത്തെങ്ങും ടീം ഇന്ത്യ പരാജയം രുചിച്ചിട്ടില്ല. ടോപ് ഓർഡർ എന്നെല്ലാം വീണോ അന്നെല്ലാം ടീം പരാജയത്തിന്റെ കയ്പുനീർ ആവോളം കുടിച്ചിട്ടുമുണ്ട്. ഓപ്പണിങ് പരാജയപ്പെട്ടാൽ ആ സമ്മർദം താങ്ങാനുള്ള കരുത്ത് മധ്യനിര ഇനിയും ആർജിച്ചിട്ടില്ലെന്ന് ഇക്കഴിഞ്ഞ ഓസീസ് പരമ്പരയിലെ രണ്ടാം ട്വന്റി20യിലെയും നാലാം ഏകദിനത്തിലെയും പ്രകടനങ്ങൾ തെളിയിച്ചതാണ്.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ തോൽവി ഈ കാരണത്തിന് അടിവരയിട്ടെന്നു മാത്രം. ഒരറ്റത്തു വിക്കറ്റുകൾ വീഴുമ്പോൾ പൊരുതാനുള്ള വീര്യം ആരും പുറത്തെടുക്കുന്നില്ല. ഇതിനു തെല്ലൊരു അപവാദം വിരിമിക്കണം എന്നു ചിലരെല്ലാം മുറവിളി കൂട്ടുന്ന ധോണി മാത്രമാണ്. വീട്ടുകാരോടൊപ്പമുള്ളതിനേക്കാൾ കൂടുതൽ സമയം ക്രിക്കറ്റ് കരിയറിൽ ധോണി ചെലവഴിച്ചത് വാലറ്റക്കാർക്കൊപ്പമാണ് എന്നൊരു തമാശയുണ്ട്! ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ധോണി നടത്തിയ ഒറ്റയാൾ പോരാട്ടത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഈ തമാശ ട്രോൾരൂപത്തിൽ വീണ്ടും കണ്ടു.

ഇനിയെത്ര അവസരം വേണം?

ആവശ്യത്തിലേറെ അവസരം ലഭിച്ചിട്ടും ടീമിന് അനിവാര്യനാകാൻ കഴിയാതെ പോകുന്നത് പൊറുക്കാനാകാത്ത കുറ്റമാണ്. ഒട്ടേറെ താരങ്ങൾ അവസരം കാത്തുനിൽക്കുന്ന ഇന്ത്യൻ ടീമിൽ വേണ്ടതിലേറെ അവസരങ്ങൾ ലഭിച്ചിട്ടും ദിനേശ് കാർത്തിക്കെന്ന തമിഴ്നാട്ടുകാരന് ഒരിക്കൽ പോലും തന്റെ സ്ഥാനത്തോട് നീതി പുലർത്താനായിട്ടില്ല. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് ടീമൊരുക്കുമ്പോൾ ഇന്നിങ്സിന്റെ അടിത്തറ കെട്ടിപ്പൊക്കുന്ന ഉത്തരവാദിത്തമാണ് കാർത്തിക്കിൽ നിന്നു ടീം പ്രതീക്ഷിക്കുന്നത്.

18 പന്തുകൾ നേരിട്ടാണു കാർത്തിക് സംപൂജ്യനായി പുറത്തായത്. തുടരെ തുടരെ വിക്കറ്റുകൾ പോകുമ്പോൾ അനാവശ്യമായി  ആഞ്ഞടിച്ചു വിക്കറ്റ് കളയണമെന്ന് ആരും പറയില്ല. പക്ഷെ ആഞ്ഞടിച്ചില്ലെങ്കിലും മിനിമം പ്രകടനം പുറത്തെടുക്കാൻ കഴിയേണ്ടിയിരുന്നു. 

ഉത്തരം കിട്ടാത്ത ചോദ്യം

ടീമിലെ നാലാമനാര് എന്ന ചോദ്യത്തിന് ടീം ഇന്ത്യ ഉത്തരം അന്വേഷിച്ചു തുടങ്ങിയിട്ട് നാളുകളായി. ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തോടെയാണ് അന്വേഷണം കൂടുതൽ തീവ്രമായത്. ഇതുവരെ മധ്യനിരയിൽ പരീക്ഷിച്ചതു പത്തോളം ബാറ്റ്സ്മാൻമാരെയാണ്. മനീഷ് പാണ്ഡെ, കെ.എൽ.രാഹുൽ, കേദർ ജാദവ്, കെ.എൽ. രാഹുൽ, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ഒരുകാലത്ത് നാലാം നമ്പർ അടക്കിവാണിരുന്ന സുരേഷ് റെയ്നയും യുവരാജ് സിങ്ങും ഒപ്പം ദിനേശ് കാർത്തികും, ഹാർദിക് പാണ്ഡ്യയും നാലാമനാകാൻ മൽസരിക്കുന്നു. പക്ഷെ ഒന്നും ഇതുവരെ വിജയമായില്ലെന്നു മാത്രം.

കരയണച്ച് ധോണി

29 റൺസിന് ഏഴ് വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിൽ നിന്നാണ് ധോണിയുടെ ഒറ്റയാൾ പോരാട്ടം ടീമിനെ മൂന്നക്കം കടത്തിയത്. 65 റൺസെടുത്ത ധോണിക്കു പുറമേ 19 റൺസെടുത്ത കുൽദീപ് യാദവ്, 10 റൺസെടുത്ത ഹർദിക് പാണ്ഡ്യ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. രക്ഷാപ്രവർത്തനം നടത്തിയ ധോണി 87 പന്തിൽ നിന്നാണ് 65 റൺസ് നേടിയത്. രണ്ടു കൂറ്റൻ സിക്സുകളും 10 എണ്ണം പറഞ്ഞ ഫോറുകളും ധോണിയുടെ ഇന്നിങ്സിനു മാറ്റുകൂട്ടുന്നു.

ഏത് കളി തോറ്റാലും ധോണി വിരമിക്കണമെന്നു കുഴലൂത്തു നടത്തുന്നവരെയൊന്നും ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനുശേഷം കണ്ടില്ല. പക്ഷെ ഇതോടെ ധോണി വിമർശനം അവസാനിച്ചുവെന്ന് ആരും കരുതേണ്ട, അടുത്ത അവസരത്തിനായി തക്കം പാർത്ത് വിമർശകർ പതുങ്ങിയിരിപ്പുണ്ട്. ധോണിയെ വിരമിപ്പിച്ചിട്ടെ ഇക്കൂട്ടർക്കു വിശ്രമമുള്ളു.