ധോണിയുടെയോ എ.ബിയുടെയോ ഗെയ്‍ലിന്റെയോ കരുത്തില്ല; ബുദ്ധി ഉപയോഗിക്കണം: രോഹിത്

മൊഹാലി ∙ ഏകദിന ക്രിക്കറ്റിൽ മൂന്നാമത്തെ ഇരട്ടസെഞ്ചുറി പ്രകടനം കാഴ്ചവച്ചെങ്കിലും തനിക്ക് മഹേന്ദ്രസിങ് ധോണിയുടെയോ എ.ബി. ഡിവില്ലിയേഴ്സിന്റെയോ ക്രിസ് ഗെയ്‍ലിന്റെയോ അത്ര കരുത്തില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. കരുത്തു കുറവായതുകൊണ്ടുതന്നെ കൂടുതൽ ബുദ്ധി ഉപയോഗിച്ച് കളിക്കാനാണ് താൻ ശ്രമിക്കാറെന്നും രോഹിത് പറ‍ഞ്ഞു. മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ ഇരട്ടസെഞ്ചുറി നേടിയ ശേഷമാണ് ധോണി ഉൾപ്പെടെയുള്ള താരങ്ങളുടെ കരുത്ത് തനിക്കില്ലെന്ന രോഹിതിന്റെ ഏറ്റുപറച്ചിൽ.

പന്തിനെ മെരുക്കിയെടുക്കാൻ തനിക്ക് കൂടുതൽ സമയം ആവശ്യമാണെന്നും രോഹിത് അഭിപ്രായപ്പെട്ടു. ‘ടൈമിങ്’ ആണ് ബാറ്റിങ്ങിൽ എന്റെ ശക്തി. സാഹചര്യങ്ങൾ മനസിലാക്കി കളി കെട്ടിപ്പടുക്കുന്നതാണ് എന്റെ ശൈലി. അതിന് ആദ്യം സാഹചര്യങ്ങളെ വിലയിരുത്തണം. എന്റെ മൂന്നു ഇരട്ടസെഞ്ചുറികളും ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. പതുക്കെ തുടങ്ങി കത്തിക്കയറുന്ന ശൈലിയാണ് എന്റേത് – രോഹിത് പറഞ്ഞു.

ഇതുവരെ സ്കോർ ചെയ്ത മൂന്ന് ഏകദിന ഇരട്ടസെഞ്ചുറികളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് രോഹിതിന്റെ മറുപടി ഇങ്ങനെ:

ഇതിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിൽ ഓരോ ഇരട്ടസെഞ്ചുറിയും എന്നെ സംബന്ധിച്ചും മൽസരത്തിന്റെ സാഹചര്യം വച്ചും പ്രധാനപ്പെട്ടതാണ്. ഓസ്ട്രേലിയയ്ക്കെതിരെ ബെംഗളൂരുവിൽ നേടിയ 209 റൺസ് പരമ്പര ആർക്കെന്ന് നിശ്ചയിക്കുന്ന മൽസരത്തിലാണ് പിറന്നത്. വിരലിലേറ്റ പരുക്കുനിമിത്തം ടീമിൽനിന്ന് ഏറെക്കാലം മാറിനിന്ന ശേഷം തിരിച്ചെത്തിയപ്പോഴാണ് ശ്രീലങ്കയ്ക്കെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നേടിയ 264 റൺസ് പിറക്കുന്നത്. അന്ന് എന്റെ ഫോമിനേക്കുറിച്ച് എനിക്ക് ആശങ്കയേറെയായിരുന്നു.

ഇത്തവണ ശ്രീലങ്കയ്ക്കെതിരെ സമീപകാലത്തെ ഏറ്റവും കനത്ത തോൽവി വഴങ്ങി ആത്മവിശ്വാസത്തെ ബാധിച്ചു നിൽക്കുമ്പോഴാണ് ഇരട്ടസെഞ്ചുറി പിറന്നത്. അങ്ങനെ നോക്കിയാൽ എല്ലാം എനിക്ക് പ്രിയപ്പെട്ടതു തന്നെ.

രോഹിതിന്റെ പ്രകടനത്തെ പ്രശംസിച്ച് മുൻതാരങ്ങൾ

അതേസമയം, രോഹിത് ശർമയുടെ അദ്ഭുതപ്രകടനത്തെ പുകഴ്ത്തി സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തി. നിന്റെ ബാറ്റിങ് കാണുന്നത് ഒരു വിരുന്നാണ്. ഇനിയുമേറെ ഉയരങ്ങളിലെത്തട്ടെ കൂട്ടുകാരാ എന്നായിരുന്നു സച്ചിന്റെ പ്രതികരണം. വിവിഎസ് ലക്ഷ്മണിന്റെ പ്രതികരണം ഇങ്ങനെ: 'എന്തൊരു ഇന്നിങ്സ്, ഹിറ്റ്മാൻ! തീർത്തും അവിശ്വസനീയം. ഏകദിന ക്രിക്കറ്റിലെ ആകെയുള്ള ഏഴ് ഇരട്ട സെഞ്ചുറികളിൽ മൂന്നും സ്വന്തം പേരിൽ. നമിക്കുന്നു..'.

'വാഹ്.. രോഹിത്, വാഹ്.. 35 പന്തിൽ രണ്ടാം സെഞ്ചുറി! അഭിമാനിക്കുന്നു, രോഹിത്..' എന്ന് സേവാഗ് കുറിച്ചപ്പോൾ, ആകാശ് ചോപ്രയുടെ പ്രതികരണം ഇങ്ങനെ: 'മൂന്നു ഇരട്ട സെഞ്ചുറികൾ നേടിയ ആദ്യത്തെയാൾ. ഏകദിന ക്രിക്കറ്റിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി നേടാൻ എല്ലാ സാധ്യതയുമുള്ളയാൾ. ഇത്ര സുന്ദരമായി പന്തിനെ പ്രഹരിക്കുന്ന മറ്റാരുണ്ട്..'.