Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഓവറിൽ ആറ് സിക്സ്; (ഇന്ത്യൻ ടീമിലില്ലാത്ത) രവീന്ദ്ര ജഡേജ കലിപ്പിലാണ്!

CRICKET-INDIA/

സൗരാഷ്ട്ര ∙ ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാനാകാത്തതിന്റെ കലിപ്പ് തീർത്ത് ഒരു ഓവറിൽ ആറു സിക്സുമായി രവീന്ദ്ര ജഡേജയുടെ അവതാരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മൽസരത്തിലാണ് ആറു പന്തിൽ ആറു സിക്സെന്ന അപൂർവ നേട്ടം ജഡേജ സ്വന്തമാക്കിയത്. യുവരാജ് സിങ്ങിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയ ജഡേജ, തകർപ്പൻ സെഞ്ചുറിയും കുറിച്ചാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

69 പന്തിൽ 154 റൺസ് നേടിയ ജഡേജ തന്റെ ടീമായ ജാംനഗറിന് സമ്മാനിച്ചത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 239 റൺസ്! അംരേലി താരം നീലം വാംജയെറിഞ്ഞ 15–ാം ഓവറിലാണ് ജഡേജ ആറു പന്തും വേലിക്കെട്ടിനു മുകളിലൂടെ ഗാലറിയിലെത്തിച്ചത്. മൽസരത്തിലാകെ നേരിട്ട 69 പന്തിൽ 10 പന്ത് വേലിക്കെട്ടിനു മുകളിലൂടെ പറത്തിയ ജഡേജ, 15 പന്തുകൾ നിലം പറ്റെയും ബൗണ്ടറി കടത്തി.

ജാംനഗർ ഉയർത്തിയ 240 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അംരേലിക്ക് നിശ്ചിത 20 ഓവറിൽ അ‍ഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ജാംനഗറിന് സ്വന്തമായത് 121 റൺസിന്റെ കൂറ്റൻ വിജയം. 36 റൺസെടുത്ത വിശാൽ വസോയയും 32 റൺസെടുത്ത നീലം വാംജയുമാണ് അംരേലിയുടെ ടോപ് സ്കോറർമാർ. ജാംനഗറിനായി മഹേന്ദ്ര ജേത്‍‌വ നാല് ഓവറിൽ ആറ് റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ജില്ലാതല മൽസരത്തിലാണെങ്കിലും, അടുത്ത കാലത്തായി പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ വിഷമിക്കുന്ന ജഡേജയ്ക്ക് ഈ ഇന്നിങ്സ് ആത്മവിശ്വാസം പകരുമെന്ന് തീർച്ച. കുൽദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും പോലുള്ള യുവതാരങ്ങൾ ടീമിലെത്തുകയും അവർ അവസരം മുതലെടുക്കുകയും ചെയ്തതോടെ അടുത്ത കാലത്തായി ജഡേജയ്ക്കും അശ്വിനും ടെസ്റ്റ് ടീമിൽ മാത്രമാണ് സ്ഥാനം. ഇപ്പോൾ നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന, ട്വന്റി20 മൽസരങ്ങളിലും ഇരുവരും ടീമിലില്ല.

related stories