ശക്തി കുറവാണ്, ഷോട്ടുതിർക്കുന്നതിലെ ‘ടൈമിങ്ങാ’ണെന്റെ കരുത്ത്: രോഹിത് ശർമ

ഇൻഡോർ ∙ ശക്തിയോടെ ഷോട്ടുകൾ ഉതിർക്കുന്നതിലല്ല, കൃത്യമായ ‘ടൈമിങ്ങോ’ടെ പന്ത് അടിച്ചകറ്റുന്നതാണ് തന്റെ കരുത്തെന്ന് രോഹിത് ശർമ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ അതിവേഗ സെഞ്ചുറി കുറിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ടൈമിങ്ങാണ് തന്റെ ശക്തിയെന്ന് രോഹിത് ചൂണ്ടിക്കാട്ടിയത്.

അധികം കൈക്കരുത്തില്ലാത്തയാളാണ് ഞാൻ. അതുകൊണ്ടുതന്നെ കൃത്യമായ ടൈമിങ്ങോടെ കളിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്റെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. സാധാരണയായി ആറ് ഓവറിനുശേഷം ഫീൽഡർമാർ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്നുകഴിഞ്ഞിരിക്കും. അവർക്കിടയിലെ വിടവു കണ്ടെത്താനാണ് പിന്നീട് എന്റെ ശ്രമം. മൈതാനം മനസ്സിലാക്കി കളിക്കുകയെന്നത് പ്രധാനപ്പെട്ടതാണ് – രോഹിത് ചൂണ്ടിക്കാട്ടി.

ഒരു മേഖല മാത്രം ലക്ഷ്യമാക്കി കളിക്കാൻ തനിക്കു താൽപര്യമില്ലെന്നും രോഹിത് വ്യക്തമാക്കി. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റൺസ് കണ്ടെത്താനാണ് ശ്രമം. എതിരാളികളുടെ ഫീൽഡിങ് ക്രമീകരണത്തിനിടയിലെ വിടവുകൾ കണ്ടെത്തുകയെന്നത് സുപ്രധാനമാണ്. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും അതു പ്രധാനം തന്നെ. ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ എതിരാളികൾക്ക് നിങ്ങളെ അതിവേഗം വലയിലാക്കാനാകും. അതുകൊണ്ടുതന്നെ വിടവുകൾ കണ്ടെത്തി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അതാണ് എന്റെ ശക്തിയും – രോഹിത് പറഞ്ഞു.

ശ്രമിച്ചാൽ ഇരട്ടസെഞ്ചുറിയിലെത്താമായിരുന്നെന്ന നിരീക്ഷണത്തോട് രോഹിതിന്റെ മറുപടി ഇങ്ങനെ:

അതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. റൺസ് കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ. അതല്ലാതെ മറ്റു ലക്ഷ്യങ്ങളൊന്നും മനസ്സിലുണ്ടായിരുന്നില്ല. എല്ലാ ഫോർമാറ്റിലും പരമാവധി റൺസ് കണ്ടെത്താനാണ് ശ്രമിക്കാറ്. അതല്ലാതെ ഏതെങ്കിലും നാഴികക്കല്ലുകൾക്കായി കളിക്കാറില്ല. ടീമിനായി പരമാവധി റൺസ് നേടുകയെന്നതാണ് എന്റെ ദൗത്യം. അതിന് നൂറെന്നോ ഇരുനൂറെന്നോ മുന്നൂറെന്നോ പരിധി നിശ്ചയിക്കേണ്ടതില്ല. ടീമിന് മികച്ച സ്കോർ ഉറപ്പാക്കുന്നതിലാണ് ശ്രദ്ധയെന്നു രേഹിത് പറഞ്ഞു.

ചിലപ്പോൾ ഉദ്ദേശിക്കുന്നത്ര റൺസ് കണ്ടെത്താൻ നിങ്ങൾക്ക് കഴിയണമെന്നില്ല. ചിലപ്പോൾ ഉദ്ദേശിക്കുന്നതിനേക്കാളേറെ റൺസ് നേടാനും കഴിയും. അത് കളിയുടെ ഭാഗമാണ്. സെഞ്ചുറിയോ ഇരട്ടസെഞ്ചുറിയോ നേടണമെന്ന് തീരുമാനിച്ച് കളിക്കാനിറങ്ങിയാൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. കഴിവിന്റെ പരമാവധി ശ്രമിക്കുക, ടീമിന്റെ വിജയം ഉറപ്പാക്കുക – അതാണ് പ്രധാനം. തുടർച്ചയായി സിക്സും ബൗണ്ടറിയും കണ്ടെത്തുന്നതിനേക്കാൾ ചിലപ്പോൾ ഒരു പന്ത് പ്രതിരോധിക്കുന്നത് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകിയേക്കാമെന്നും രോഹിത് അഭിപ്രായപ്പെട്ടു.

ധരംശാല ഏകദിനത്തിലെ തോൽവിക്കുശേഷം തനിക്കുമേൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നെന്നും രോഹിത് വ്യക്തമാക്കി. ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം സ്കോറിന്റെ വക്കോളമെത്തിയിട്ട് രക്ഷപ്പെട്ടെങ്കിലും അതു സമ്മാനിച്ച ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും രോഹിത് പറഞ്ഞു. ഈ മൽസരത്തിനുശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ സ്വാഭാവികമാണെന്നും രോഹിത് ചൂണ്ടിക്കാട്ടി.